ജില്ലയില്‍ പി എച്ച് ലാബ് ഈ വര്‍ഷം: ആരോഗ്യ മന്ത്രി

Posted on: April 5, 2013 9:23 am | Last updated: April 5, 2013 at 9:23 am

നിലമ്പൂര്‍: ജില്ലയില്‍ പി എച്ച് ലാബ് ഈ വര്‍ഷം തന്നെ സ്ഥാപിക്കുമെന്ന് ആരോഗ്യ മന്ത്രി വി എസ് ശിവകുമാര്‍ പറഞ്ഞു. നിലമ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് ബ്ലോക്ക് ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഴുവന്‍ താലൂക്ക് ആശുപത്രികളിലും ഡയാലിസിസ് സൗകര്യമൊരുക്കും. എ പി എല്‍, ബി പി എല്‍ വ്യത്യാസമില്ലാതെ ജനങ്ങള്‍ക്ക് സൗജന്യ ചികിത്സ നല്‍കും. ജനറിക് മരുന്നുകള്‍ സൗജന്യമായി നല്‍കുന്നതിന് 245 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് ജീവിതശൈലിയുമായി ബന്ധപ്പെട്ടുണ്ടാകുന്ന രോഗങ്ങള്‍ പരിശോധിക്കാന്‍ സംവിധാനമുണ്ടാക്കും. ആരോഗ്യമന്ത്രാലയത്തിന് കീഴില്‍ 1000 ഡോക്ടര്‍മാരെയും എന്‍ ആര്‍ എച്ച് എമ്മിന് കീഴില്‍ 506 ഡോക്ടര്‍മാരെയും പുതുതായി നിയമിച്ചതായും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ അസി. സര്‍ജന്‍മാരുടെ മുഴുവന്‍ തസ്തികകളും നികത്തിയതിന് പുറമെ 945 സ്റ്റാഫ് നഴ്‌സുമാരെയും നിയമിച്ചിട്ടുണ്ട്. പുതുതായി അനുവദിച്ച കാരുണ്യ കമ്യൂനിറ്റി ഫാര്‍മസിയില്‍ ക്യാന്‍സറിനുള്ള 16000 രൂപ വിലവരുന്ന മരുന്നുകള്‍ 1200 രൂപക്കാണ് നല്‍കുക. ഡയാലിസിസിനായി അഞ്ച് കോടി ചെലവഴിക്കും. ഈ ഗവണ്‍മെന്റ് ഏറ്റവും കൂടുതല്‍ പരിഗണന നല്‍കുന്നത് ആരോഗ്യമേഖലക്കാണ്. പാവപ്പെട്ടവര്‍ക്ക് വിദഗ്ധ ചികിത്സാ സൗകര്യം ഉറപ്പാക്കും. 70,000 രൂപയുടെ ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കുന്ന പദ്ധതി നടപ്പാക്കും. പൊതുജനാരോഗ്യത്തിന് ഏറ്റവും കൂടുതല്‍ ചെലവ് ചെയ്യുന്ന സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു.
പരിരക്ഷാ പാലിയെറ്റീവ് കെയര്‍ വാര്‍ഡ് ബ്ലോക്ക് ഊര്‍ജ മന്ത്രി ആര്യാടന്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് അധ്യക്ഷത വഹിച്ചു. കാരുണ്യ ഫാമിലി ഹെല്‍ത്ത് കാര്‍ഡ് വിതരണം കെ എം എസ് സി എല്‍. എം ഡി ബിജു പ്രഭാകര്‍ നിര്‍വഹിച്ചു. ഫാത്തിമ ഹെല്‍ത്ത് കെയര്‍ ചെയര്‍മാന്‍ ഡോ. കെ പി ഹുസൈന്‍, എന്‍ അബ്ദുല്‍ മജീദ്, റോഡോ പോള്‍, നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പുഷ്പവല്ലി, താലൂക്ക് ആശുപത്രി സുപ്രണ്ട് ഡോ. സി ഹമീദ് പങ്കെടുത്തു.