വിഷു ഖാദി മേള ആരംഭിച്ചു

Posted on: April 4, 2013 7:33 am | Last updated: April 4, 2013 at 7:33 am

കോഴിക്കോട്: മിഠായിത്തെരുവിലെ സര്‍വോദയസംഘം ഖാദിഗ്രാമോദ്യോഗ് എംപോറിയത്തില്‍ വിഷു ഖാദി മേള ആരംഭിച്ചു. മേളയുടെ ഉദ്ഘാടനം മേയര്‍ എ കെ പ്രേമജം നിര്‍വഹിച്ചു. ഇത്തരം സ്ഥാപനങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതിനും ഇവിടങ്ങളിലെ തൊഴില്‍-വരുമാനവര്‍ധനവിനും ജീവിതസാഹചര്യങ്ങല്‍ മെച്ചപ്പെടുത്തുന്നതിനും സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്ന മേയര്‍ പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മേളയില്‍ നിന്ന് ആറ് കോടി മൂന്ന് ലക്ഷം രൂപയുടെ വിറ്റുവരവ് ഉണ്ടായെന്നും ഇത്തവണ 12 ലക്ഷം രൂപയുടെ വിറ്റുവരവാണ് ലക്ഷ്യമിടുന്നതെന്നും സര്‍വോദയ സംഘം സെക്രട്ടറി എന്‍ കൃഷ്ണകുമാര്‍ പറഞ്ഞു.
സര്‍വോദയ സംഘം പ്രസിഡണ്ട് പി ഹരീഷ്ബാബു അധ്യക്ഷത വഹിച്ചു. ആദ്യ വില്‍പ്പന ഉദ്ഘാടനം പി കിഷന്‍ചന്ദ് കെ ടി ഡി സി കോഴിക്കോട് ജനറല്‍ മാനേജര്‍ കെ കെ ഷാജിക്ക് നല്‍കി നിര്‍വ്വഹിച്ചു. മേളയില്‍ ഖാദി, സ്വണ്‍സില്‍ക്ക്, സില്‍ക്ക് എന്നിവക്ക് 30ശതമാനവും പോളിവസ്ത്രം, വൂളന്‍ എന്നിവക്ക് 20ശതമാനവും സര്‍ക്കാര്‍ റിബേറ്റ് ഉണ്ടാകും. ഏപ്രില്‍ 13 വരെ നീണ്ടുനില്‍ക്കുന്ന മേളയില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഡിസൈന്‍ സില്‍ക്ക് സാരികള്‍, കരകൗശല വസ്തുക്കല്‍, ചെരുപ്പുകള്‍, ആഭരണങ്ങള്‍, കാര്‍പ്പെറ്റുകള്‍, എണ്ണ, തേന്‍ തുടങ്ങി വീട്ടാവശ്യത്തിനുള്ള സാധനങ്ങളും ഉണ്ടാകുമെന്ന് സംഘാടകര്‍ പറഞ്ഞു. നിലമ്പൂര്‍ തേക്കില്‍ നിര്‍മിച്ച കൊത്തുപണികളോടുകൂടിയ ഫര്‍ണിച്ചറുകള്‍ക്കും വീട്ടുപകരണങ്ങള്‍ക്കും 10% ഡിസ്‌കൗണ്ടുണ്ട്.