Connect with us

Kozhikode

ടി പി വധം: സാക്ഷികളുടെ കൂറുമാറ്റം തുടരുന്നു

Published

|

Last Updated

കോഴിക്കോട്:ടി പി ചന്ദ്രശേഖരന്‍ വധക്കേസിന്റെ വിചാരണക്കിടെ സാക്ഷികളുടെ കൂറുമാറ്റം തുടരുന്നു. ടി പിയെ കൊലപ്പെടുത്താന്‍ കൊലയാളികള്‍ക്ക് സഹായം ചെയ്ത സി പി എം നേതാക്കളെ തിരിച്ചറിയുമെന്നും പ്രതികളെ നേരിട്ട് കണ്ടുവെന്നും നേരത്തെ പോലീസിന് നല്‍കിയ മൊഴി മൂന്ന് പേരാണ് ഇന്നലെ മാറ്റിയത്. കോടതിയില്‍ മൊഴി തിരുത്തിയതോടെ കൂറുമാറിയവരുടെ എണ്ണം 14 ആയി.

കൂത്തുപറമ്പ് ലിന്‍ഡാസ് ലോഡ്ജ് റിസപ്ഷനിസ്റ്റും 38-ാം സാക്ഷിയുമായ വയനാട് പുല്‍പ്പള്ളി സ്വദേശി ഷാര്‍ലെറ്റ്, ഓട്ടോറിക്ഷ ഡ്രൈവറും കണ്ണൂര്‍ വെസ്റ്റ് പൊന്ന്യം സ്വദേശിയുമായ 39-ാം സാക്ഷി മുരളീധരാലയത്തില്‍ പി കെ പ്രത്യുഷ്, 40-ാം സാക്ഷി കണ്ണൂര്‍ പൊന്ന്യം സ്വദേശി ഓടയില്‍ വീട്ടില്‍ മുകുന്ദന്‍ എന്നിവരാണ് ബുധനാഴ്ച എരഞ്ഞിപ്പാലം അഡീഷനല്‍ സെഷന്‍സ് ജഡ്ജ് ആര്‍ നാരായണ പിഷാരടിക്ക് മുമ്പാകെ കൂറുമാറിയത്. പ്രതികള്‍ക്ക് അനുകൂലമായി മൊഴി നല്‍കിയ ഇവരെ കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി അംഗീകരിച്ചു.
2012 മെയ് നാലിന് രാത്രി 11ന് കേസിലെ 33-ാം പ്രതി പാട്യം കിഴക്കയില്‍ മുതിയങ്ങ ഷനോജ് എന്ന കേളന്‍ ഒരു മുറി ആവശ്യമാണെന്ന് ഫോണില്‍ വിളിച്ചെന്നും 11.30ഓടുകൂടി കണ്ണൂര്‍ പുതിയ തെരുവ് കാരായിന്റവിട ടി കെ രജീഷിനൊപ്പം എത്തിയ ഇയാള്‍ക്ക് മുറി അനുവദിച്ചെന്നുമുള്ള നേരത്തെ പോലീസിന് നല്‍കിയ മൊഴിയാണ് ഷാര്‍ലെറ്റ് തിരുത്തിയത്. ഇത് നിഷേധിച്ച ഷാര്‍ലെറ്റ് മെയ് നാലിന് രാത്രി ആരെങ്കിലും നേരിട്ടു വന്നോ ഫോണിലൂടെയോ തന്നെ വിളിച്ച് മുറി ആവശ്യപ്പെട്ടതായി അറിയില്ലെന്ന് പറഞ്ഞു. ഷനോജ് വിളിച്ച പ്രകാരം മുറി നല്‍കിയതായി കുറ്റിയാടി സി ഐക്ക് താന്‍ മൊഴി നല്‍കിയിട്ടില്ല. ടി കെ രജീഷ്, ഷനോജ് എന്നിവരെ തനിക്ക് അറിയില്ല. ഇരുവരും ഇടക്ക് വന്ന് ലോഡ്ജില്‍ മുറിയെടുക്കാറുണ്ടെന്നത് തനിക്ക് അറിയില്ല. ഇതു സംബന്ധിച്ച് പോലീസ് രേഖപ്പെടുത്തിയ മൊഴി ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
ഷനോജുമായുള്ള അടുപ്പം കാരണവും രാഷ്ട്രീയബന്ധവും മുന്‍നിര്‍ത്ത പ്രതികളെ രക്ഷിക്കാന്‍ ലോഡ്ജിലെ രജിസ്റ്ററില്‍ താന്‍ കൃത്രിമം കാണിച്ചിട്ടില്ല. തങ്ങള്‍ വന്ന സമയം രാത്രി 11.30 അല്ലെന്നും 8.30 എന്നാക്കി മാറ്റണമെന്നും രജീഷ് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് തിരുത്തിയതെന്നും പോലീസിന് മൊഴി നല്‍കിയിട്ടില്ലെന്നും ഷാര്‍ലെറ്റ് കോടതിയില്‍ ബോധിപ്പിച്ചു. ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട വിവരമറിയാം. എന്നാല്‍ അത് എന്നാണെന്നറിയില്ലെന്നും ഇയാള്‍ മൊഴി നല്‍കി.
ടി പിയെ വധിച്ച ശേഷം പ്രതികളില്‍ ചിലരെ കൂത്തുപറമ്പ് സി പി എം ഏരിയാ കമ്മിറ്റി ഓഫീസിലേക്ക് ഓട്ടോറിക്ഷയില്‍ എത്തിച്ചത് താനായിരുന്നുവെന്ന് പോലീസിന് മൊഴി നല്‍കിയ സാക്ഷി പി കെ പ്രത്യുഷും ഇത് നിഷേധിച്ചു. മെയ് അഞ്ചിന് കേരളത്തില്‍ ഹര്‍ത്താലായതിനാല്‍ താന്‍ ഓടിക്കുന്ന കെ എല്‍ 58 ഇ 653 നമ്പര്‍ ഓട്ടോറിക്ഷ മുതലാളിയുടെ വീട്ടില്‍ നിര്‍ത്തിയിട്ടതായിരുന്നു. 41-ാം പ്രതി പൊന്ന്യം കുണ്ടുചിറ മുരിക്കോളില്‍ വീട്ടില്‍ സനീഷ് തന്നെ വിളിച്ച് അഞ്ച് പേരെ കൊട്ടാരം അമ്പലമുക്കിലെ ബസ് സ്റ്റോപ്പില്‍ നിന്നും കൂത്തുപറമ്പ് സി പി എം ഏരിയാ കമ്മിറ്റി ഓഫീസിലെത്തിക്കണമെന്നും അതനുസരിച്ച് താന്‍ ഇവരെ അവിടെ എത്തിച്ചപ്പോള്‍ പാര്‍ട്ടി ഓഫീസില്‍ നിന്ന് ഏരിയാ കമ്മിറ്റി സെക്രട്ടറിയും കേസിലെ 70-ാം പ്രതിയുമായ ധനഞ്ജയനും ഓഫീസ് സെക്രട്ടറിയും 42-ാം പ്രതിയുമായ ബാബുവും ഇറങ്ങിവന്ന് ഇവരെ കൂട്ടിക്കൊണ്ടുപോയെന്നുമായിരുന്നു പ്രത്യുഷ് നേരത്തെ പോലീസിന് നല്‍കിയ മൊഴിയിലുള്ളത്. എന്നാല്‍ സനീഷ് എന്നയാള്‍ വിളിച്ചിട്ടില്ലെന്നും ഈ പേരിലുള്ള ഒരാളെ തനിക്ക് അറിയില്ലെന്നും പ്രത്യുഷ് മൊഴി മാറ്റി. കേസുമായി ബന്ധപ്പെട്ട് സനീഷ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തതായി തനിക്ക് അറിയില്ല. കോടതിയില്‍ 70-ാം പ്രതി ധനഞ്ജയനെയും 42-ാം പ്രതി ബാബുവിനെയും സാക്ഷി തിരിച്ചറിഞ്ഞില്ല.
കേസിലെ 41-ാം പ്രതി പൊന്ന്യം കുണ്ടുചിറ മുരിക്കോളില്‍ വീട്ടില്‍ സനീഷിനെ അറസ്റ്റ് ചെയ്ത ശേഷം ഇയാളുടെ വീട്ടില്‍ പോലീസ് നടത്തിയ തിരച്ചിലിനും ഇയാളുടെ ബൈക്ക് പിടിച്ചെടുത്തതിനും സാക്ഷിയായ അയല്‍വാസിയായ പൊന്ന്യം ഓടയില്‍ വീട്ടില്‍ മുകുന്ദനാണ് മൂന്നാമതായി മൊഴി തിരുത്തിയത്. സനീഷ് എന്നയാള്‍ തന്റെ അയല്‍വാസിയല്ലെന്നും ഈ പേരിലുള്ള ഒരാളെ തനിക്ക് അറിയില്ലെന്നും ഇയാള്‍ കോടതിയില്‍ പറഞ്ഞു.
കേസില്‍ മഹസര്‍ സാക്ഷികളായ 76-ാം സാക്ഷിയും ലിന്‍ഡാസ് ലോഡ്ജ് മാനേജരുമായ കൂത്തുപറമ്പ് കരിഷ്മ ക്വാര്‍ട്ടേഴ്‌സില്‍ സത്യജിത്ത്, 78-ാം സാക്ഷി കൊയിലാണ്ടി മുചുകുന്ന് പണിക്കരവിട രഘുനാഥന്‍ എന്നിവരെ പ്രോസിക്യൂഷന്റെ ആവശ്യത്തെ തുടര്‍ന്ന് വിസ്താരത്തില്‍ നിന്നും കോടതി ഒഴിവാക്കി.