പാന്‍മസാല നിരോധം: സുപ്രീം കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

Posted on: April 4, 2013 6:01 am | Last updated: April 4, 2013 at 1:00 am

ന്യൂഡല്‍ഹി: ഗുഡ്കയുടെയും പാന്‍ മസാല അടങ്ങിയ പുകയില ഉത്പന്നങ്ങളുടെയും നിരോധം നടപ്പിലാക്കുന്നതിലുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീം കോടതിയുടെ ഉത്തരവ്. സംസ്ഥാന ആരോഗ്യ വകുപ്പ് സെക്രട്ടറിമാരോടും കേന്ദ്ര ഭരണ പ്രദേശങ്ങളിലെ അധികൃതരോടും ജസ്റ്റിസ് ജി എസ് സിംഘ്‌വി തലവനായ ബഞ്ചാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടത്. നാലാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഡല്‍ഹി, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിയമവിരുദ്ധമായി ഗുഡ്ക നിര്‍മിക്കുന്നതായും സംസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ നിയമങ്ങളും നിയന്ത്രണങ്ങളും നടപ്പിലാക്കുന്നില്ലെന്നും കേന്ദ്രം വ്യക്തമാക്കിയതിന് ശേഷമാണ് കോടതിയുടെ ഈ ഉത്തരവ്. കഴിഞ്ഞ ഏപ്രില്‍ ഒന്ന് മുതല്‍ ഉത്തര്‍പ്രദേശില്‍ ഗുഡ്ക നിരോധിച്ചിരുന്നു. ഗുഡ്കയുടെ നിര്‍മാണവും വില്‍പ്പനയും മഹാരാഷ്ട്രയിലും ഡല്‍ഹിയിലും നേരത്തെ നിരോധിച്ചിരുന്നു. അടുത്ത മാസം മൂന്നിന് വീണ്ടും വാദം കേള്‍ക്കും.