സമര ജാഗരണ യാത്രക്ക് സ്വീകരണം

Posted on: April 3, 2013 7:09 am | Last updated: April 3, 2013 at 7:09 am

ssf logoനാദാപുരം: സമരമാണ് ജീവിതം എന്ന പ്രമേയത്തില്‍ ഈ മാസം 26,27,28 തീയതികളില്‍ എറണാകുളത്ത് നടക്കുന്ന എസ് എസ് എഫ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കാസര്‍കോട് നിന്ന് ആരംഭിച്ച സമര ജാഗരണ യാത്രക്ക് ഇന്ന് രാവിലെ പത്തിന് നാദാപുരത്ത് സ്വീകരണം നല്‍കും.
സ്വീകരണ സമ്മേളനത്തിന്റെ ഭാഗമായി രാവിലെ ഒമ്പതിന് സമ്മേളന സന്നദ്ധ സേന ഗ്രീന്‍, വൈറ്റ് ഐ ടീം അംഗങ്ങളുടെ റാലി നടക്കും. സ്വീകരണ സമ്മേളനം ഹുസൈന്‍ മാസ്റ്റര്‍ കുന്നത്തിന്റെ അധ്യക്ഷതയില്‍ ഇബ്‌റാഹിം സഖാഫി കുമ്മോളി ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ വി അബ്ദുര്‍റസാഖ് സഖാഫി മുഖ്യപ്രഭാഷണം നടത്തും. അബ്ദുര്‍റഷീദ് സഖാഫി കുറ്റിയാടി, എ എ റഹീം മാസ്റ്റര്‍, സൈനുദ്ദീന്‍ സഖാഫി, സി കെ റാശിദ് ബുഖാരി, മുഹമ്മദലി കിനാലൂര്‍ സംബന്ധിക്കും.
വടകര: എസ് എസ് എഫ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംസ്ഥാന നേതാക്കളുടെ നേതൃത്വത്തില്‍ നടത്തുന്ന സമര ജാഗരണ യാത്രക്ക് ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് വടകര കോട്ടപ്പറമ്പില്‍ സ്വീകരണം നല്‍കും . സ്വീകരണ സമ്മേളനം വി പി എം ഫൈസി വില്ല്യാപ്പള്ളി ഉദ്ഘാടനം ചെയ്യും. എസ് എസ് എഫ് മുന്‍ സംസ്ഥാന പ്രസിഡന്റ് എന്‍ എം സ്വാദിഖ് സഖാഫി പെരിന്താറ്റിരി , സംസ്ഥാന ജനറല്‍ സെക്രടറി കെ അബ്ദുല്‍ കലാം , എം എ മജീദ് അരിയല്ലൂര്‍ , പി വി അഹമ്മദ് കബീര്‍, ടി എ റശീദ് മുസ്‌ലിയാര്‍, മുഹമ്മദലി കിനാലൂര്‍ പങ്കെടുക്കും.
ഉച്ചക്ക് 2.30ന് ഐ ടീം അംഗങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന റാലി സുന്നി സെന്ററില്‍ നിന്നും ആരംഭിച്ച് സമ്മേളന നഗരിയില്‍ സമാപിക്കും . വിവിധ സെക്ടറുകളില്‍ നിന്നായി നൂറുകണക്കിന് എസ് എസ് എഫ് പ്രവര്‍ത്തകര്‍ അണി ചേരും. യൂനിറ്റ് പ്രവര്‍ത്തകരില്‍ നിന്ന് സമാഹരിച്ച സമ്മേളന കിഴികള്‍ സംസ്ഥാന നേതാക്കള്‍ ഏറ്റുവാങ്ങും . സുന്നി പ്രസ്ഥാനിക കുടുംബത്തിലെ മുഴുവന്‍ അംഗങ്ങളും ഉച്ചക്ക് 2.30 ന് സമ്മേളന നഗരിയില്‍ എത്തണമെന്ന് എസ് വൈ എസ് , എസ് എസ് എഫ് , എസ് ജെ എം , എസ് എം എ മേഖല ,റെയിഞ്ച് , ഡിവിഷന്‍ നേതാക്കള്‍ അറിയിച്ചു.
കുറ്റിയാടി: സമര ജാഗരണ യാത്രക്ക് നാളെ കുറ്റിയാടിയില്‍ സ്വീകരണം നല്‍കും. സംസ്ഥാന ഉപാധ്യക്ഷന്‍ എന്‍ വി അബ്ദുര്‍റസാഖ് സഖാഫി നയിക്കുന്ന ജാഥ വൈകുന്നേരം മൂന്നിന് കുറ്റിയാടിയില്‍ എത്തിച്ചേരും.
ഡിവിഷനിലെ ഐ ടിം അംഗങ്ങളും എസ് എസ് എഫ് പ്രവര്‍ത്തകരും അണിനിരന്ന് ഓത്യോട്ട് നിന്ന് ആരംഭിക്കുന്ന റാലി സിറാജുല്‍ ഹുദ ഗ്രൗണ്ടില്‍ സമാപിക്കും.
തുടര്‍ന്ന് നടക്കുന്ന സ്വീകരണ സമ്മേളനം എസ് വൈ എസ് ജില്ലാ ട്രഷറര്‍ സയ്യിദ് താഹാ സഖാഫി ഉദ്ഘാടനം ചെയ്യും. സമരമാണ് ജീവിതം എന്ന സമ്മേളന പ്രമേയത്തില്‍ സംസ്ഥാന പ്രതിനിധികള്‍ സംസാരിക്കും. എസ് എസ് എഫ് സംസ്ഥാന നേതാക്കളായ റഷീദ് സഖാഫി കുറ്റിയാടി, എ എം റഹീം, അബ്ദുര്‍റഷീദ് സഖാഫി മെരുവമ്പായി, സി കെ റാഷിദ് ബുഖാരി, മുഹമ്മദലി കിനാലൂര്‍, സുന്നി ജംഇയ്യത്തുല്‍ ഉലമ, എസ് ജെ എം, എസ് വൈ എസ്, എസ് എം എ നേതാക്കളും സംബന്ധിക്കും.