Connect with us

Kozhikode

കഷ്ടപ്പെടുന്നവരുടെ കണ്ണുനീര്‍ കാണാന്‍ മുഴുവന്‍ മനുഷ്യരും മുന്നോട്ടുവരണം: കാന്തപുരം

Published

|

Last Updated

മുക്കം: സമൂഹത്തില്‍ പ്രയാസങ്ങളും കഷ്ടതകളുമനുഭവിക്കുന്നവരുടെ കണ്ണുനീര്‍ കാണാന്‍ മുഴുവന്‍ മനുഷ്യരും മുന്നോട്ടുവരണമെന്നും നിസ്സാര പ്രശ്‌നങ്ങള്‍ക്ക് പോലും കുടുംബ ബന്ധങ്ങള്‍ മുറിക്കുന്നവര്‍ യഥാര്‍ഥ വിശ്വാസികളുടെ പട്ടികക്ക് പുറത്താണെന്നും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രസ്താവിച്ചു. ഒന്നേകാല്‍ നൂറ്റാണ്ട് പഴക്കമുള്ള കക്കാട് മഹല്ല് ജമാഅത്തിന്റെ ഖാസിയായി സ്ഥാനമേറ്റെടുത്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പൂര്‍വ പിതാക്കളുടെയും നേതാക്കളുടെയും ത്യാഗനിര്‍ഭരമായ ജീവിതത്തെക്കുറിച്ച് പുതിയ സമൂഹം പഠിക്കുകയും അതില്‍ നിന്ന് പാഠങ്ങളുള്‍ക്കൊള്ളുകയും വേണം. സുഖസൗകര്യങ്ങള്‍ വര്‍ധിച്ചതാണ് തിന്മകള്‍ വ്യാപിക്കാന്‍ ഇടയാക്കുന്നതെന്നും കാന്തപുരം പറഞ്ഞു.
കക്കാട് അങ്ങാടിക്ക് സമീപം പ്രത്യേകം തയ്യാറാക്കിയ ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ മജീദ് കക്കാട് അധ്യക്ഷത വഹിച്ചു. മഹല്ല് കമ്മിറ്റി പ്രസിഡന്റ് ടി കുഞ്ഞിമുഹമ്മദ് ഹാജി മഹല്ല് നിവാസികള്‍ക്ക് വേണ്ടി കാന്തപുരത്തെ ഖാസിയായി ബൈഅത്ത് ചെയ്തു. സ്ഥലം മുദര്‍രിസും ഖത്തീബുമായ ഹനീഫ അഹ്‌സനി അല്‍ഖാദിരി ഖാസിക്ക് സ്ഥാനവസ്ത്രമണിയിച്ചു. ചടങ്ങില്‍ വെച്ച് മുനവ്വിറുല്‍ ഇസ്‌ലാം സെക്കന്‍ഡറി മദ്‌റസയുടെ കെട്ടിട ശിലാസ്ഥാപനം കാന്തപുരം നിര്‍വഹിച്ചു.
പൊതുസമ്മേളനം ഡോ. എം അബ്ദുല്‍ അസീസ് ഫൈസി ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് മുന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. പി എ മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം മുഖ്യപ്രഭാഷണം നടത്തി. മഹല്ല് സെക്രട്ടറി ടി പി ഇസ്മാഈല്‍ മാസ്റ്റര്‍, എം അബ്ദുല്‍ അസീസ്, എസ് വൈ എസ് ജില്ലാ വൈസ് പ്രസിഡന്റ് കെ അബ്ദുല്ല സഅദി, സെക്രട്ടറി നാസര്‍ ചെറുവാടി, എസ് പി ഉസ്മാന്‍ സാഹിബ് പുത്തന്‍പള്ളി, എം പി ബഷീര്‍ ഹാജി പ്രസംഗിച്ചു.

---- facebook comment plugin here -----

Latest