വാട്ടര്‍ അതോറിറ്റി മലിനജലം വിതരണം ചെയ്യുന്നതായി പരാതി

Posted on: April 3, 2013 6:00 am | Last updated: April 2, 2013 at 11:12 pm

water-conservationപഴയങ്ങാടി: കേരള വാട്ടര്‍ അതോറിറ്റിയുടെ കീഴിലുള്ള ശുദ്ധജല വിതരണ പദ്ധതിയിലൂടെ വിതരണം ചെയ്യുന്ന ജലം മലിനമാണെന്ന പരാതി വ്യാപകം. ഇരിണാവ് വേട്ടക്കൊരു മകന്‍ ക്ഷേത്രത്തിന് സമീപത്തെ വാട്ടര്‍ ടാങ്കില്‍ നിന്നാണ് കല്യാശ്ശേരി പഞ്ചായത്തിലെ ഇരിണാവ്, കെ കണ്ണപുരം, കപ്പക്കടവ്, ഇല്ലിപ്പുറം, മാട്ടൂല്‍ പഞ്ചായത്തിലെ മടക്കര എന്നിവിടങ്ങളിലെ 45ഓളം ടാപ്പുകളിലേക്ക് കുടിവെള്ളമെത്തുന്നത്.
എന്നാല്‍ ഈ ടാങ്കില്‍ പക്ഷികളെയും മറ്റും ചത്തനിലയില്‍ കാണപ്പെടുന്നുണ്ട്. ഇതിന് പുറമെ ടാങ്കിന്റെ മുകളില്‍ വലിയ അരയാല്‍ മുളച്ചുവരുന്നതായും നാട്ടുകാര്‍ പറയുന്നു. പക്ഷികളും മറ്റും ഭക്ഷണാവശിഷ്ടങ്ങള്‍ അടക്കം കൊത്തി കൊണ്ടുവന്ന് ഇടുകയും കുടിവെള്ളം മലിനമാക്കുകയും ചെയ്യുന്നുണ്ട്. 15 വര്‍ഷത്തിലധികമായി ടാങ്ക് വൃത്തിയാക്കിയിട്ട്. എന്നിട്ടും വാട്ടര്‍ അതോറിറ്റിയുടെ കണക്കില്‍ മാസാമാസം ശുചീകരണത്തിനും മറ്റുമായി ഭീമമായ തുക വരവ് വെച്ചിട്ടുണ്ടെന്നതാണ് വിചിത്രം. അതിന് പുറമെ ടാങ്കിന്റെ കോണ്‍ക്രീറ്റ് തൂണുകള്‍ ദ്രവിച്ച് ഏത് നിമിഷവും തകരാവുന്ന അവസ്ഥയിലാണ് ഈ 40 വര്‍ഷത്തോളം പഴക്കമുള്ള വാട്ടര്‍ ടാങ്ക്. ടാങ്കിലേക്ക് കയറാന്‍ ഏണിയുണ്ടെങ്കിലും ഇത് ദ്രവിച്ചിരിക്കുകയാണ്. അതിന് പുറമെ ടാങ്കിന്റെ മുകളില്‍ ഇരുമ്പിന്റെ ഒരു അടപ്പുണ്ടെങ്കിലും അത് ദ്രവിച്ച് തുരുമ്പെടുത്ത് വെള്ളത്തില്‍ വീണിരിക്കുകയാണ്. ടാങ്കിന്റെ അവസ്ഥ ഇത്ര ഗൗരവമായിട്ടുള്ളതാണെങ്കിലും വാട്ടര്‍ അതോറിറ്റി ഇതെല്ലാം അറിഞ്ഞ് കൊണ്ട് തന്നെയാണ് പാവപ്പെട്ട ജനങ്ങള്‍ക്ക് കുടിവെള്ളം വിതരണം ചെയ്യുന്നത്.
വാട്ടര്‍ അതോറിറ്റി തളിപ്പറമ്പ് ഡിവിഷന്റെ കീഴിലാണ് ഈ പദ്ധതി. പയ്യട്ടം കുളത്തിനടുത്തായാണ് ഇതിന്റെ കിണറും പമ്പ് ഹൗസും സ്ഥിതി ചെയ്യുന്നത്. 25,000 ലിറ്റര്‍ വെള്ളം ഉള്‍ക്കൊള്ളാന്‍ കഴിയുന്നതാണ് ടാങ്കിന്റെ കപ്പാസിറ്റി. 1995 മുതല്‍ ഈ ടാങ്കിന്റെ ദുരവസ്ഥയെക്കുറിച്ചും അപകടാവസ്ഥയെക്കുറിച്ച് പരാതി നല്‍കിയതിനെ തുടര്‍ന്ന് ടാങ്ക് മാറ്റി സ്ഥാപിക്കാന്‍ വാട്ടര്‍ അതോറിറ്റിയുടെ ഭാഗത്ത് നിന്ന് അനുകൂല തീരുമാനം ഉണ്ടായെങ്കിലും ടാങ്ക് നിര്‍മിക്കാനുള്ള സ്ഥലം അനുവദിക്കാന്‍ പഞ്ചായത്തിന്റെ സ്വീകരണം ഉണ്ടായില്ലായെന്ന് വാട്ടര്‍ അതോറിറ്റി ജീവനക്കാരും പറയുന്നുണ്ട്. വേനല്‍ കടുത്തതോടെ രൂക്ഷമായ കുടിവെള്ള ക്ഷാമം കൊണ്ട് പൊറുതിമുട്ടുന്ന ഈ പ്രദേശത്തുകാര്‍ അധികൃതരുടെ കനിവിനായി കാത്തിരിക്കുകയാണ്. ഒപ്പം മലിനജലം കുടിക്കുന്നതില്‍ നിന്നും മോചനം ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് ഇവിടുത്തുകാര്‍. ഇതൊന്നും ആയില്ലെങ്കില്‍ ടാങ്കിന്റെ അറ്റകുറ്റപണി നടത്തിയാലെങ്കിലും മതിയെന്ന മട്ടിലാണ്.