ജല സംഭരണികള്‍ സംരക്ഷിക്കുന്നതില്‍ ഉദ്യോഗസ്ഥ അനാസ്ഥ

Posted on: April 3, 2013 6:00 am | Last updated: April 2, 2013 at 11:07 pm

Drinking-Water (1)പാലക്കാട്:വരള്‍ച്ചയുടെ പിടിയിലമരുമ്പോഴും ജലസംഭരണ പദ്ധതികള്‍ സംരക്ഷിക്കുന്ന നടപടികളില്‍ ഉദ്യോഗസ്ഥരുടെ അനാസ്ഥ. ചിറ്റൂര്‍ മേഖലയിലെ ജലസംഭരണികള്‍ ആഴംകൂട്ടാനുള്ള പദ്ധതിയാണ് കടലാസില്‍ ഉറങ്ങുന്നത്. പറമ്പിക്കുളം- ആളിയാര്‍ കരാര്‍ പ്രകാരം ലഭിക്കുന്ന വെള്ളം ചിറ്റൂര്‍ മേഖലയില്‍ കാര്യക്ഷമമായി സംഭരിക്കുന്നതിന് ജലസേചന വകുപ്പ് പദ്ധതി തയാറാക്കിയിരുന്നു.

ആളിയാറില്‍ നിന്ന് ലഭിക്കുന്ന വെള്ളം മേഖലയിലെ കുളങ്ങളും ഏരികളും ജലസംഭരണികളും ആഴംകൂട്ടി സംഭരിക്കുന്നതാണ് പദ്ധതി.
കമ്പാലത്തറ, വെങ്കലക്കയം, കുന്നംപിടാരി ജലസംഭരണികളില്‍ പലയിടത്തും വ്യാപകമായ കൈയേറ്റമുണ്ട്. ഇതൊഴിപ്പിക്കാന്‍ പോലും അധികൃതര്‍ക്കായിട്ടില്ല. നിലവില്‍ ശേഖരിക്കുന്നതിന്റെ ഇരട്ടിയോളം വെള്ളം സമാഹരിക്കാന്‍ കഴിവുള്ളതാണ് മേഖലയിലെ ജലസംഭരണികള്‍.
എന്നാല്‍ പലയിടത്തും മണ്ണിടിഞ്ഞതോടെ പാതി മാത്രമേ വെളളം സംഭരിക്കാന്‍ കഴിയുന്നുള്ളു.—
മൂലത്തറ റഗുലേറ്ററില്‍ നിന്ന് ഇടതുകനാല്‍ വഴിയെത്തുന്ന വെള്ളം സംഭരിക്കാവുന്നവയാണ് കമ്പാലത്തറ, വെങ്കലക്കയം ഏരികള്‍. വലതുകര കനാല്‍വഴി വെള്ളം സംഭരിക്കാവുന്നവയാണ് കുന്നംപിടാരി, കമ്പാലത്തറ ഏരികള്‍.
നൂറേക്കര്‍ വിസ്തൃതിയുള്ള കമ്പാലത്തറയില്‍ മൂന്ന് മുതല്‍ നാല് ദശലക്ഷം ഘനയടി വെള്ളം സംഭരിക്കാനാകും. കമ്പാലത്തറ ഏരിക്കു താഴെയുള്ള വെങ്കലക്കയത്തില്‍ മൂന്ന് ദശലക്ഷം ഘനമീറ്ററാണ് അംഗീകൃത സംഭരണശേഷി.
കുന്നംപിടാരി ഏരിയുടെ സംഭരണശേഷിയും ഇത്രത്തോളം വരും. തകര്‍ന്ന കുന്നംപിടാരി ബണ്ട് നാല് വര്‍ഷം മുമ്പാണ് പുനര്‍നിര്‍മിച്ചത്. ബണ്ട് നിര്‍മാണത്തോടൊപ്പം ഏരി ആഴം കൂട്ടുമെന്ന് പറഞ്ഞിരുന്നെങ്കിലും നാളിതുവരെ നടന്നിട്ടില്ല. ഇതിനിടെ പുതുശ്ശേരി ഗ്രാമ പഞ്ചായത്തിലെ 29 ഏക്കര്‍ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന വലിയ ഏരി കുളത്തിലെ മണ്ണെടുത്ത് മാറ്റാന്‍ അഞ്ച് ലക്ഷം രൂപ അനുവദിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ജില്ലക്ക് അനുവദിച്ച വരള്‍ച്ചാ ദുരിതാശ്വാസ ഫണ്ടില്‍ നിന്നാണ് തുക ലഭ്യമാക്കുക.—