ഫ്രീ വിസക്കാരുടെ ടെന്‍ഷന്‍ ഫ്രീ

Posted on: April 3, 2013 6:00 am | Last updated: April 2, 2013 at 10:16 pm

മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന റിയാദ് ബത്ഹയിലെ ഫര്‍സ്ദഖ് സ്ട്രീറ്റിലുള്ള ഫഌറ്റില്‍ താമസിക്കുന്ന് ഒന്‍പത് മലയാളികള്‍ കടുത്ത ഭയത്തിലും ആശങ്കയിലുമാണ്. സ്വദേശിവത്കരണത്തിന്റെയും നിതാഖാത്തിന്റെയും പേരില്‍ പോലീസും ജവാസാത്തും(പാസ്‌പോര്‍ട്ട് വിഭാഗം) നടത്തുന്ന പരിശോധനകള്‍ ഇവര്‍ താമസിക്കുന്നിടത്തെത്തിയാല്‍ ഒന്‍പതില്‍ ഏഴ് പേരും പിടിക്കപ്പെടും. കാരണം ഏഴ് പേര്‍ ഫ്രീ വിസക്കാരാണ്. രണ്ട് പേര്‍ മാത്രമാണ് കമ്പനി ജോലിയുള്ളവര്‍.
സ്‌പോണ്‍സര്‍ക്ക് വര്‍ഷത്തിലോ രണ്ട് വര്‍ഷത്തിലോ ഇഖാമ പുതുക്കുമ്പോള്‍ ‘കഫാല’ നല്‍കി പുറത്ത് ജോലി ചെയ്യുന്നവരെയാണ് ഫ്രീ വിസക്കാരെന്ന് ഓമനപ്പേരിട്ടു വിളിക്കുന്നത്. ഈ സമ്പ്രദായം സഊദി അറേബ്യയുടെ തൊഴില്‍ നിയമത്തിന് വിരുദ്ധമാണ്. ഇത് റിയാദിലെ മാത്രം കാര്യമല്ല. ജിദ്ദ, അല്‍ഹസ, ദമാം, ഹായില്‍, ജീസാന്‍, ബുറൈദ, ഖമീസ് മുശൈത്ത്, ഹഫര്‍ അല്‍ ബാതന്‍, മക്ക, മദീന, വാദി ദവാസിര്‍, നജ്‌റാന്‍ തുടങ്ങി എല്ലാ ഭാഗങ്ങളിലും ഫ്രീ വിസക്കാരുണ്ട്.
റിയാദില്‍ താമസിക്കുന്ന ഫ്രീവിസക്കാരന്റെ കഫീല്‍(സ്‌പോണ്‍സര്‍) 400 കി. മീ. അകലെ ദമാമിലോ 1100 കി.മീ. അകലേ നജ്‌റാനിലോ 700 കി. മീ. അകലെ വാദി ദവാസിറിലോ ആകാം. ജിദ്ദയിലും മദീനയിലും താമസിക്കുന്നവരുടെ സ്‌പോണ്‍സര്‍ ആയിരം കി. മീ. അകലെയുള്ള റിയാദിലാകാം. ഫ്രീവിസക്കാരന്‍ ജോലി ചെയ്യുന്നിടത്തല്ല സ്‌പോണ്‍സര്‍ ഉണ്ടാകുക എന്ന് ചുരുക്കം.
120 രാഷ്ട്രങ്ങളില്‍ നിന്ന് 85 ലക്ഷത്തോളം വിദേശികള്‍ ജോലി ചെയ്യുന്ന ഗള്‍ഫിലെ ഏറ്റവും വലിയ രാജ്യമായ സഊദിയില്‍ 20 ലക്ഷത്തോളം ഇന്ത്യക്കാരുണ്ട്. ഇവരില്‍ പകുതിയും മലയാളികളാണ്. ഇവരില്‍ രണ്ട് ലക്ഷത്തോളമാണ് ഫ്രീവിസക്കാരെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സൂപ്പര്‍ മാര്‍ക്കറ്റ്, ബൂഫിയ, ബഖാല, ടെക്‌സറ്റയില്‍സ്, ഇലക്‌ട്രോണിക്‌സ് കടകള്‍, ഹോട്ടലുകള്‍ തുടങ്ങിയ മേഖലകളിലാണ് മലയാളി സാന്നിധ്യം ഏറെയും. വീടുകളിലും സ്‌കൂളുകളിലും സെയില്‍സ് രംഗത്തും ഡ്രൈവര്‍മാരായും ജോലി ചെയ്യുന്നവരും നിരവധിയാണ്. ബഖാല, ബൂഫിയ പോലുള്ള ചെറുകിട സ്ഥാപനങ്ങള്‍ നടത്തുന്നവരില്‍ ഏറെയും മലയാളികള്‍ തന്നെ. അവയൊന്നും തന്റെ കഫീലിന്റെ കീഴിലായിരിക്കില്ല. മറ്റൊരു സഊദി പൗരന്റെ പേരിലുള്ള സ്ഥാപനമായിരിക്കും. ഫ്രീ വിസക്കാരനായ കട നടത്തിപ്പുകാരന്‍ കടയുടമക്ക് മാസത്തിലോ വര്‍ഷത്തിലോ മുന്‍ നിശ്ചയപ്രകാരം എന്തെങ്കിലും വിഹിതം നല്‍കുന്നുവെന്ന് മാത്രം.
റിയാദിലെ ബത്ഹ, ജിദ്ദയിലെ ശറഫിയ, ദമാമിലെ സീകോ, ഖമീസ് മുശൈത്തിലെ മലയാളി മാര്‍ക്കറ്റ് തുടങ്ങിയ ഇടങ്ങളിലൊക്കെ പ്രധാന കച്ചവടക്കാര്‍ മലയാളികള്‍ തന്നെ. ഇവിടങ്ങളില്‍ ചെറിയ ബൂഫിയ മുതല്‍ വലിയ ബ്രാന്‍ഡ് കമ്പനികളുടെ തുണിക്കടകളും ഹൈപ്പര്‍ മാര്‍ക്കറ്റുകളുമുണ്ട്. ഇത്തരം സ്ഥാപനങ്ങളില്‍ ജോലിക്കാര്‍ കൂടുതലും ഫ്രീവിസക്കാരായ മലയാളികളായിരിക്കും. സഊദി സ്വദേശിവത്കരണത്തിന്റെ ഭാഗമായി നടപ്പിലാക്കിയ നിതാഖാത്ത് നിയമത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തരം സ്ഥാപനങ്ങളിലും താമസസ്ഥലത്തും തിരച്ചില്‍ നടത്തിയാല്‍ പിടിക്കപ്പെടുക ഇത്തരം ജോലിക്കാരാണ്.
നിര്‍മാണ മേഖലയില്‍ ജോലി ചെയ്യുന്നവരില്‍ കൂടുതലും പാക്കിസ്ഥാനികളും അഫ്ഗാനികളും യമനികളും മിസ്‌രികളും(ഈജിപ്തുകാര്‍) സൂരികളു(സിറിയക്കാര്‍)മാണ്. എല്ലാ ദിവസവും സുബ്ഹ് നിസ്‌കാരം കഴിഞ്ഞാല്‍ ബത്ഹയിലും മറ്റു പ്രധാന തെരുവുകളിലും ഇത്തരത്തില്‍ പെട്ട ആയിരക്കണക്കിന് ആളുകള്‍ പണിയായുധങ്ങളുമായി കാത്തിരിക്കും; ജോലിക്കാരെ അന്വേഷിച്ച് വരുന്ന സഊദികളേയും പ്രതീക്ഷിച്ച്. പക്ഷേ ഈ സ്ഥിരം കാഴ്ച ഇപ്പോള്‍ കുറഞ്ഞുവരികയാണ്. കാരണം; സഊദി അധികൃതര്‍ നിയമം കര്‍ശനമാക്കുകയും തിരച്ചില്‍ ഊര്‍ജിതമാക്കുകയും ചെയ്തതോടെ അവരാരും പഴയ പോലെ പുറത്തിറങ്ങാറില്ല.
വിദേശികള്‍ മാത്രം ഇടപെടുന്ന വ്യാപാര കേന്ദ്രം, വിദേശികള്‍ മാത്രം കച്ചവടം നടത്തുന്ന, വിദേശികള്‍ മാത്രം സന്ദര്‍ശകരായി എത്തുന്ന പട്ടണമാണ് ബത്ഹ. അപൂര്‍വമായി മാത്രമേ ഇവിടെ സ്വദേശികള്‍ വരാറുള്ളു. കേരള മാര്‍ക്കറ്റും ബംഗാളി സൂഖും, സുഡാനി മാര്‍ക്കറ്റും യമനീ സൂഖും ഫിലിപ്പൈനി മാര്‍ക്കറ്റും ഇവിടെയുണ്ട്. കേരളമാര്‍ക്കറ്റില്‍ കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, കൊല്ലം ജില്ലകളുടെ പേരില്‍ പ്രത്യേകം ഗല്ലികള്‍ തന്നെയുണ്ട്. വ്യാഴം, വെള്ളി ദിവസങ്ങളില്‍ മലയാളികള്‍ ഈ ഗല്ലികളില്‍ ഒത്തുകൂടി നാട്ടുവിശേഷങ്ങള്‍ പങ്ക് വെക്കാറുണ്ട്. വേണ്ടുന്നതിനും വേണ്ടാത്തതിനും ഈ ഗല്ലികള്‍ സാക്ഷിയാകാറുണ്ട്.
പുതിയ സംഭവവികാസങ്ങളെ തുടര്‍ന്ന് ബത്ഹ ഇപ്പോള്‍ ശൂന്യമാണ്. അവധി ദിവസങ്ങളിലെ ആള്‍ക്കൂട്ടമോ കച്ചവടത്തിരക്കോ ഇപ്പോഴില്ല. പിടിക്കപ്പെടുമെന്ന ഭയത്താല്‍ ആരും പുറത്തിറങ്ങാറില്ലത്രെ. ഇത് തന്നെയാണ് ശറഫിയയിലും സീക്കോയിലും സ്ഥിതി. വാര്‍ഷിക പരീക്ഷ കഴിഞ്ഞ് റിയാദിലും ജിദ്ദയിലുമുള്ള പല മലയാളി സ്‌കൂളുകളും തുറന്നിട്ടില്ല. ഏപ്രില്‍ ഒന്നിനാണ് തുറക്കേണ്ടിയിരുന്നത്. റിയാദില്‍ മാത്രം പന്ത്രണ്ടോളം സി ബി എസ് ഇ സ്‌കൂളുകളാണുള്ളത്. അധ്യാപകരും മറ്റു ജോലിക്കാരുമായി ഇവിടങ്ങളില്‍ ജോലിക്കാര്‍ ആയിരത്തിലേറെ വരും. ഭൂരിഭാഗവും ഫ്രീ വിസക്കാരാണ്. നിതാഖാത്ത് ഫോബിയ പരത്തുന്നതില്‍ മലയാള മാധ്യമങ്ങള്‍ നല്ല പങ്ക് വഹിക്കുന്നുണ്ടെന്നതാണ് ഇത്തരം ഭീതിക്ക് കാരണമെന്ന നിരീക്ഷണവും നിലവിലുണ്ട്.
ഫ്രീ വിസക്കാരെ വേട്ടയാടിപ്പിക്കുകയല്ല ഇപ്പോള്‍ അധികൃതര്‍ ചെയ്യുന്നത്. കാര്യമായ തിരച്ചില്‍ നടത്തുന്നത് നിതാഖാത്ത് നിയമത്തിന്റെ പരിധിയില്‍ നിന്നു കൊണ്ടാണ്. പച്ച, മഞ്ഞ, ചുവപ്പ് എന്നീ മൂന്ന് കാറ്റഗറികളിലാണ് സഊദി തൊഴില്‍ രംഗത്തെ തരം തിരിച്ചിരിക്കുന്നത്. ചുവപ്പ് കാറ്റഗറിയില്‍ പെട്ട കമ്പനിയിലും സ്‌പോണ്‍സറുടെ കീഴിലും ഉള്ളവര്‍ക്ക് ഇഖാമ പുതുക്കി കൊടുക്കുകയില്ല. ഇത് മൂലം നിരവധി മലയാളികളാണ് ജോലി ചെയ്യാന്‍ കഴിയാതെ താമസ സ്ഥലത്ത് നിന്നും പുറത്തിറങ്ങാന്‍ പേടിച്ച് കഴിയുന്നത്.
സ്വദേശിവത്കരണത്തിന്റെയും നിതാഖാത്തിന്റെയും പേരില്‍ നടക്കുന്ന തിരച്ചിലും നാടുകടത്തലും ചുവപ്പില്‍ പെട്ടവരേയും അനധികൃത താമസക്കാരെയുമാണ് പ്രധാനമായും ലക്ഷ്യം വെക്കുന്നതെങ്കിലും ഫ്രീ വിസ നിയമവിരുദ്ധമായതു കൊണ്ട് അവരും പോലീസിന്റെ വലയിലാകുന്നു എന്നതാണ് നേര്. തന്നെ പോലെ ജോലി തേടി വന്നവരെ പോലീസ് വാഹനത്തില്‍ കയറ്റി തര്‍ഹീലി(നാടുകത്തല്‍ കേന്ദ്രം)ലേക്ക് കൊണ്ടു പോകുന്നത് വ്യസനത്തോടെ കാണുന്ന പ്രവാസി അടുത്ത ഇര താനായിരിക്കുമോ എന്ന ആശങ്കയില്‍ ജോലിക്ക് പോകാതെ മുറിയില്‍ കഴിഞ്ഞ് കൂടുന്നു. പിടിക്കപ്പെട്ടാല്‍ നാട്ടിലേക്ക് കയറ്റിവിടാന്‍ കൂടുതല്‍ താമസമില്ല.