എമിറേറ്റില്‍ ഗതാഗത പിഴയില്‍ 30 ശതമാനത്തിന്റെ കുറവുണ്ടായതായി പോലീസ്

Posted on: April 2, 2013 8:01 pm | Last updated: April 2, 2013 at 8:01 pm

traffic dubai..ദുബൈ:എമിറേറ്റില്‍ ഗതാഗത നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട പിഴകളില്‍ 30 ശതമാനത്തിന്റെ കുറവുണ്ടായതായി ദുബൈ പോ ലീസ് വ്യക്തമാക്കി. 2013 ലെ ആദ്യ രണ്ട് മാസങ്ങളിലാണ് പിഴയില്‍ ഗണ്യമായ കുറവുണ്ടായത്. 2012 ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ 4,20,557 പേര്‍ക്ക് വിവിധ ഗതാഗത നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് പിഴ വിധിച്ചപ്പോള്‍ 2013ല്‍ ഇതേ കാലയളവില്‍ 2,94,368 പേര്‍ക്ക് മാത്രമാണ് പിഴ ലഭിച്ചത്.എമിറേറ്റിലെ റോഡുകളെ സുരക്ഷിതമാക്കി നിര്‍ത്താന്‍ ദുബൈ പോലീസ് നടത്തുന്ന ശക്തമായ ബോധവത്കരണങ്ങളാണ് ഗതാഗത നിയമലംഘനങ്ങള്‍ കുറയാന്‍ കാരണമെന്ന് ദുബൈ പോലീസ് ഗതാഗത വിഭാഗം തലവന്‍ മേജര്‍ ജനറല്‍ മുഹമ്മദ് സൈഫ് അല്‍ സഫൈന്‍ വ്യക്തമാക്കി. എമിറേറ്റിലെ റോഡുകള്‍ 24 മണിക്കൂറും പോലീസിന്റെ കര്‍ശന നിരീക്ഷണത്തിലാണ്. ദുബൈ പോലീസിന്റെ പട്രോള്‍ വാഹനങ്ങള്‍ സദാ റോഡുകളില്‍ കറങ്ങുന്നുണ്ട്. ഒപ്പം റഡാര്‍ ഉള്‍പ്പെടെയുള്ള ആധുനിക സാങ്കേതിക വിദ്യയും റോഡ് സുരക്ഷ ഉറപ്പാക്കുന്നതില്‍ നിര്‍ണായക പങ്കാണ് വഹിക്കുന്നത്. അപകടകരമാംവിധം വാഹനം ഓടിക്കുന്നവരെ കൈയോടെ പിടികൂടുന്നതില്‍ റഡാറുകള്‍ക്കൊപ്പം പോലീസിന്റെ പട്രോളിംഗ് വിഭാഗവും 24 മണിക്കൂറും റോഡിലുണ്ട്. നിയമലംഘനം നടത്തിയാല്‍ ഉടന്‍ പിടിയിലാകുമെന്നതും ഭീമമായ തുക നല്‍കേണ്ടിവരുമെന്നതും ബോധവത്കരണത്തിനൊപ്പം ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് അകന്നു നില്‍ക്കാന്‍ വാഹനം ഓടിക്കുന്നവര്‍ക്ക് പ്രേരണയാകുന്നുണ്ട്.അമിത വേഗതയുമായി ബന്ധപ്പെട്ടാണ് ഏറ്റവും കൂടുതല്‍ ഗതാഗത നിയമലംഘനങ്ങള്‍ ഉണ്ടാകുന്നത്. 2013 ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ 1,20,663 പേര്‍ക്കാണ് പിഴ ചുമത്തിയത്. നിരതെറ്റി വാഹനം ഓടിക്കുന്നതാണ് നിയമലംഘനങ്ങളില്‍ രണ്ടാം സ്ഥാനത്ത്. ഇതേ കാലയളവില്‍ 20,844 പേര്‍ക്കാണ് പിഴ ചുമത്തിയത്.ഗതാഗതം സ്തംഭിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് 16,261 പേര്‍ക്ക് പിഴയിട്ടു. നിയമം അനുവദിക്കാത്ത പ്രദേശങ്ങളില്‍ റോഡ് മുറിച്ചു കടന്നതുമായി ബന്ധപ്പെട്ട് 11,956 കാല്‍നടയാത്രക്കാര്‍ക്കാണ് പിഴ വിധിച്ചത്. വാഹനങ്ങള്‍ക്കിടയില്‍ മതിയായ അകലം പാലിക്കാത്തതുമായി ബന്ധപ്പെട്ട് 9,368 പേര്‍ക്കും പോലീസിന്റെ നിര്‍ദേശങ്ങള്‍ക്ക് വഴങ്ങാത്തതുമായി ബന്ധപ്പെട്ട് 9,037 പേര്‍ക്കും പിഴയൊടുക്കേണ്ടി വന്നതായും ഗതാഗ വിഭാഗം തലവന്‍ വെളിപ്പെടുത്തി.6,984 പേര്‍ക്കാണ് വാഹനം ഓടിക്കവെ ഫോണില്‍ സല്ലപിച്ചതിന് പിഴ നല്‍കേണ്ടിവന്നത്. അപകടകരമാംവിധം കാര്‍ പിന്നോട്ടെടുത്തതിന് 5,497 പേര്‍ക്കും അപകടത്തിന് ഇടയാക്കിയേക്കാവുന്ന രീതിയില്‍ വാഹനം വളച്ചതിന് 5,045 പേര്‍ക്കും പിഴ വിധിച്ചു. രജിസ്‌ട്രേഷന്‍ പുതുക്കാത്തതുമായി ബന്ധപ്പെട്ട് 4,364 പേര്‍ക്കും അനുമതിയില്ലാത്ത റോഡില്‍ വാഹനം ഓടിച്ചതിന് 4,024 പേര്‍ക്കും പഴകിയ ടയര്‍ ഘടിപ്പിച്ച് വാഹനം ഓടിച്ചതിന് 2,544 പേര്‍ക്കും കാലാവധി കഴിഞ്ഞ ലൈസന്‍സ് ഉപയോഗിച്ച് വാഹനം ഓടിച്ചതിന് 587 പേര്‍ക്കും ഇതേകാലയളവില്‍ പിഴ ചുമത്തി.

1,214 പേര്‍ക്കാണ് ചുവന്ന വര മറികടന്നതിന് പിഴ ശിക്ഷ ലഭിച്ചത്. മദ്യപിച്ച് വാഹനം ഓടിച്ചതിന് 152 പേര്‍ പിടിക്കപ്പെട്ടു. ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ വരുത്തിയത് സ്വദേശികളാണ്. 51 കേസുകളില്‍ ആറ് പേര്‍ മരിച്ചു. 89 പേര്‍ക്ക് പരുക്കേറ്റുവെന്നും അദ്ദേഹം പറഞ്ഞു.