ഊരകത്ത് പകര്‍ച്ചപ്പനി; 21 പേര്‍ ആശുപത്രിയില്‍

Posted on: April 2, 2013 9:20 am | Last updated: April 2, 2013 at 9:20 am

വേങ്ങര: ഊരകം കരിയാരത്ത് പകര്‍ച്ചപ്പനി പടരുന്നു. 21 പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഗ്രാമപഞ്ചായത്തിലെ കരിയാരം കോളനിയില്‍ ഒരാഴ്ച മുന്‍പാണ് പകര്‍ച്ചപ്പനി കണ്ട് തുടങ്ങിയത്. രണ്ടുപേര്‍ ഡെങ്കിപനിയാണെന്ന സംശയത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നേരത്തെ ചികിത്സ തേടിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി 21 പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പതിനാറ് പേരെ മലപ്പുറം താലൂക്ക് ആശുപത്രിയിലും മൂന്ന്‌പേരെ വേങ്ങര കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലും രണ്ടുപേരെ തിരൂരങ്ങാടി താലൂക്കാശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. കുടിവെള്ളത്തില്‍ നിന്നും ബാധിച്ച അണുക്കളാണ് പനിക്ക് കാരണമെന്ന നിഗമനത്തിലാണ് ആരോഗ്യ വകുപ്പ് അധികൃതര്‍. കുടിവെള്ള പദ്ധതി പ്രകാരമുള്ള വെള്ളത്തില്‍ നിന്നോ ഇത്തരത്തിലുള്ള വെള്ളം പിടിച്ച് വെച്ച് സൂക്ഷിക്കുന്നതില്‍ നിന്നോ കരിങ്കല്‍ ക്വാറികളില്‍ നിന്നും എടുക്കുന്ന വെള്ളത്തില്‍ നിന്നോ ഉള്ള അണുബാധയാവാമെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്. അതേ സമയം ഡെങ്കിപ്പനി ബാധിച്ചിട്ടുണ്ടോ എന്നും അധികൃതര്‍ പരിശോധിക്കുന്നുണ്ട്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വി ഉമറുല്‍ ഫാറൂഖിന്റെ നേതൃത്വത്തില്‍ സ്ഥലത്തെത്തി ക്യാമ്പ് ചെയ്ത് മെഡിക്കല്‍ ക്യാമ്പും ബോധവത്കരണവും നടത്തി.
കൊതുക് നിവാരണത്തിന്റെ ഭാഗമായി കൊതുക് ലാവ നിവാരണ യൂണിറ്റിന്റെ ബോധവത്കരണവും കൊതുക് നശീകരണവും ഇന്ന് നടത്തും. പകര്‍ച്ചപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കിയതായി ഡി എം ഒ അറിയിച്ചു. പ്രദേശത്ത് നിന്നും 20 പേരെ പരിശോധിച്ചതില്‍ രണ്ട് പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരതായി അദ്ദേഹം പറഞ്ഞു. ഇവരെ മലപ്പുറം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്തപനി, തലവേദന, സന്ധിവേദന, തൊലിപ്പുറത്തെ ചുവന്നപാടുകള്‍ എന്നിവയാണ് ഡങ്കിപ്പനി ലക്ഷണങ്ങള്‍.
ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ഡോക്ടറെ സമീപിക്കണമെന്നും ഡി.എം ഒ അറിയിച്ചു. പകല്‍ സമയത്ത് കടിക്കുന്ന ഈഡിസ് കൊതുകുകളാണ് രോഗം പരത്തുന്നത്.
രോഗം റിപ്പോര്‍ട്ട് ചെയ്ത സ്ഥലം പഞ്ചായത്ത് പ്രസിഡന്റ് പി കെ അസ്‌ലു, സ്ഥിരം സമിതി അധ്യക്ഷന്‍ മൊയ്തീന്‍കുട്ടി , പഞ്ചായത്തംഗം അഷ്‌റഫ് എന്നിവര്‍ സന്ദര്‍ശിച്ചു. പൂക്കോട്ടൂര്‍ ബ്ലോക്ക് പ്രാഥമികാരോഗ്യ കേന്ദ്രം, ഊരകം പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കാംപും ബോധവത്കരണ ക്ലാസും നടത്തി. താലൂക്ക് ആശുപത്രിയില്‍ ഡെങ്കിപ്പനി പരിശോധനക്കുള്ള കിറ്റും സജ്ജീകരിച്ചിട്ടുണ്ട്. മലപ്പുറം വെക്റ്റര്‍ കണ്‍ട്രോള്‍ യൂനിറ്റിലെ 26 ഫീല്‍ഡ് ജീവനക്കാര്‍ സ്ഥലത്ത് കാംപ് ചെയ്ത് കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നും ഡി എം ഒ അറിയിച്ചു.