ഭൂമി ചുട്ടുപൊള്ളുമ്പോള്‍

Posted on: April 1, 2013 11:28 am | Last updated: April 1, 2013 at 11:36 am

vazhi vilakku new 2ഭൂമിയില്‍ ചൂട് കൂടുകയാണ്. ആപത്കരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാകുംവിധം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ് എന്ന് ശാസ്ത്രലോകം വിലയിരുത്തുന്നു. ധ്രുവപ്രദേശങ്ങളിലെ മഞ്ഞുമലകള്‍ ഉരുകിയൊലിക്കുകയും പുഴകളിലും കടലുകളിലും വെള്ളത്തിന്റെ അളവ് അവക്ക് ഉള്‍ക്കൊള്ളാനാകുന്നതിനേക്കാളും ഉയരുകയും ചെയ്യുമെന്നാണ് ശാസ്ത്രജ്ഞര്‍ പ്രവചിക്കുന്നത്. അങ്ങനെ കടല്‍ ഉയര്‍ന്നുയര്‍ന്നു കരയുടെ ചില ഭാഗങ്ങള്‍ മുങ്ങിപ്പോയേക്കാം. നമ്മുടെ അയല്‍ രാജ്യങ്ങളിലൊന്നായ മാലിദ്വീപ് അത്തരത്തില്‍ വെള്ളത്തിലേക്ക് താഴ്ന്നുകൊണ്ടിരിക്കുന്നു എന്നാണ് നിഗമനം.
കടലില്‍ കഴിയുന്നവര്‍ക്കും മഞ്ഞില്‍ കഴിയുന്നവര്‍ക്കും ചൂട് പിടിച്ചു തുടങ്ങിയിരിക്കുന്നു. ഇന്ത്യയും ഭീഷണിയില്‍ നിന്ന് മുക്തമല്ല. കടല്‍നിരപ്പ് ഉയരുമെന്ന ഭീഷണി യാഥാര്‍ഥ്യമാവുകയാണെങ്കില്‍ നമ്മുടെ വന്‍ നഗരങ്ങളായ മുംബൈയും കൊല്‍ക്കത്തയും ആദ്യം മുങ്ങുമെന്ന മുന്നറിയിപ്പുകള്‍ വന്നുകഴിഞ്ഞു.
ഭൂമിക്ക് ഈ അവസ്ഥ വരുത്തിവെക്കാന്‍ കാരണമായത് സമ്പന്ന രാഷ്ട്രങ്ങളിലെ ആളുകളും വ്യവസായ ശാലകളും ജീവിത ശൈലിയും കാരണമാണെന്ന് ദരിദ്ര രാജ്യങ്ങള്‍ വാദിക്കുന്നു. അതിനാല്‍ പ്രതിരോധത്തിനായി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതും കൂടുതല്‍ പണം മുടക്കേണ്ടതും സമ്പന്ന രാഷ്ട്രങ്ങളാണ് എന്ന വാദമാണ് ദരിദ്ര രാജ്യങ്ങള്‍ ഉയര്‍ത്തുന്നത്. എന്നാല്‍ സമ്പന്ന രാഷ്ട്രങ്ങള്‍ അവരുടെ സ്ഥിരം യുക്തി പുറത്തെടുക്കുന്നു. ഭൂമി എല്ലാവരുടേതുമാണ്. അതിനാല്‍ എല്ലാവര്‍ക്കും തുല്യ ഉത്തരവാദിത്തം എന്നാണ് അവരുടെ ന്യായം.

global-warming-31വാദ-വിവാദങ്ങളും ന്യായാന്യായ പരിശോധനകളും അതിന്റെ വഴിക്കു നടക്കട്ടെ. നമുക്ക് ഭൂമിയെക്കുറിച്ച് ചിന്തിക്കാം. മനുഷ്യര്‍ക്ക് സാധാരണഗതിയില്‍ ജീവിക്കാനുതകുന്ന എല്ലാം സംവിധാനിച്ച ശേഷമാണ് പ്രപഞ്ച സ്രഷ്ടാവ് മനുഷ്യരെ ഭൂമിയിലേക്കയച്ചത്. എന്നിട്ട് അല്ലാഹു തആല ചോദിച്ചു: ”ഒട്ടകങ്ങളെക്കുറിച്ച് അവര്‍ ചിന്തിക്കുന്നില്ലേ? എങ്ങനെയാണ് അത് സൃഷ്ടിക്കപ്പെട്ടതെന്ന്. ആകാശത്തെക്കുറിച്ച് അവര്‍ ചിന്തിക്കുന്നില്ലേ? എങ്ങനെയാണ് അത് ഉയര്‍ത്തപ്പെട്ടതെന്ന്. പര്‍വതങ്ങളെ അവര്‍ നിരീക്ഷിക്കുന്നില്ലേ? എങ്ങനെയാണ് അവ നിര്‍ത്തപ്പെട്ടതെന്ന്. ഭൂമിയിലേക്ക് അവര്‍ ശ്രദ്ധ തിരിക്കുന്നില്ലേ? എങ്ങനെയെല്ലാമാണ് അവ നിരപ്പാക്കപ്പെട്ടതെന്ന്. അതുകൊണ്ട് നബിയെ തങ്ങള്‍ ഉപദേശിക്കുക…” (ഗാസിയ: 17-21)

പ്രപഞ്ചത്തെ സംവിധാനിച്ചതു മാത്രമല്ല സ്രഷ്ടാവ് അതിനെ വിശദീകരിക്കുന്നതും സുവ്യക്തമാണ്. എന്നിട്ട് അതിനെക്കുറിച്ച് മനുഷ്യനോട് ഉപദേശിക്കാന്‍ നബിമാരെയും അയച്ചിരുന്നു. സുവ്യക്തമായ മുന്നറിയിപ്പുകളുള്ള ഗ്രന്ഥവും തന്നിട്ടുണ്ട്. പക്ഷേ, മനുഷ്യന്റെ സുഖലോലുപതയും ആഡംബരത്തോടുള്ള ആര്‍ത്തിയും മറ്റെല്ലാത്തിനേയും മറികടക്കുമ്പോള്‍ മുന്നറിയിപ്പുകളെല്ലാം സൗകര്യപൂര്‍വം മറന്നു. എന്നിട്ട് ഇപ്പോള്‍ തര്‍ക്കിക്കുയാണ്. ആരുടെ പുകക്കുഴലുകളാണ് ഭൂമിയെ പൊള്ളിക്കുന്ന വാതകങ്ങള്‍ പുറത്തുവിടുന്നത് എന്നറിയാന്‍.
ഈ തര്‍ക്കം പുറംതോട് മാത്രമാണ്. തീര്‍ച്ചയായും ഈ ചര്‍ച്ചയില്‍ നിന്നുവരുന്ന തീര്‍പ്പും തൊലിപ്പുറത്തു മാത്രമായി ഒതുങ്ങും. യഥാര്‍ഥ പ്രശ്‌നം ആഴത്തിലാണ്. മനുഷ്യസ്വഭാവത്തിലും മനുഷ്യപ്രകൃതിയിലും മനസ്സിലുമാണ്. ഭൂമി കൃത്യമായ ലക്ഷ്യങ്ങളോടെ വിതാനിച്ചതാണെന്നും അങ്ങനെ ചെയ്ത ശക്തി അത് ഉപയോഗിക്കുന്നതിന് അതിര്‍വരമ്പുകള്‍ നിശ്ചയിച്ചിട്ടുണ്ടെന്നും മനസ്സിലാക്കുക. അതിരുകവിയാതിരിക്കുക. ഒന്നിലും അതിരുകവിയാതിരിക്കുക. അതാണ് നബിമാര്‍ എല്ലായ്‌പ്പോഴും ഓര്‍മിപ്പിച്ചിട്ടുള്ളത്.