Connect with us

Gulf

'കോമക്‌സ്' 2013 സമാപിച്ചു

Published

|

Last Updated

മസ്‌കത്ത്: അഞ്ചു ദിവസം നീണ്ടു നിന്ന വിവര സാങ്കേതിക, വിനിമയ പ്രദര്‍ശനത്തിന് സമാപനമായി. ടെലികമ്യൂണിക്കേഷന്‍ രംഗത്തെയും ഐ ടി മേഖലയിയിലെയും പുതിയ സാങ്കേതിക വിദ്യകളും ഉത്പന്നങ്ങളും പരിചയപ്പെടുത്തിയും ഉപഭോക്താക്കള്‍ക്ക് ഓഫറുകല്‍ നല്‍കിയുമാണ് അഞ്ചു ദിവസം നിറഞ്ഞ സന്ദര്‍ശകരുമായി കോമക്‌സ് എഡിഷന്‍ അരങ്ങേറിയത്. കോമസ്‌ക്‌സ് വേദിയായ ഒമാന്‍ ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ സമാപന ദിവസമായ ഇന്നലെയും നല്ല തിരക്കാണ് അനുഭവപ്പെട്ടത്.

മുന്‍ വര്‍ഷങ്ങളെക്കാള്‍ മികച്ച പ്രദര്‍ശനവും കൂടുതല്‍ പേര്‍ പങ്കെടുത്ത ഐ ടി മേളയുമാണ് സമാപിച്ചതെന്ന് സംഘാടകരായ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി അതോറ്റി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ബിസിനസ് സ്ഥാപനങ്ങള്‍ തുടങ്ങി 152 സ്റ്റാളുകളാണ് കോമക്‌സില്‍ ഉണ്ടായിരുന്നത്. ഡിജിറ്റല്‍ സേവനങ്ങളും ഉത്പന്നങ്ങളുമായി സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സാന്നിധ്യവും ശ്രദ്ധേയമായിരുന്നു. കുവൈത്ത്, ഇസ്‌തോനിയ, ലിതൂനിയ, സിംഗപൂര്‍ തുടങ്ങിയ രാജ്യങ്ങളുടെ പങ്കാളിത്തമായിരുന്നു ഈ വര്‍ഷത്തെ ഔദ്യോഗിക ആകര്‍ഷണം. കൂടാതെ ഐ ടി രംഗത്തെ രാജ്യാന്തര പ്രശസ്ത കമ്പനികളായ മൈക്രോസോഫ്റ്റ്, ഹുആവി, സിസ്‌കോ തുടങ്ങിയ കമ്പനികളുടെ സാന്നിധ്യവും ശ്രദ്ധേയമായി.

ഐ ടി രംഗത്ത് ഒമാന്‍ നടത്തിയ മുന്നേറ്റങ്ങളുടെ പ്രദര്‍ശനം കൂടിയായി കോമക്‌സ്. സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ഇ സേവനങ്ങള്‍ക്കു പുറമെ സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ഐ ടി പദ്ധതികളും ശ്രദ്ധിക്കപ്പെട്ടു. ഐ ടി സാധ്യതകളെ പുതിയ തലമുറ ക്രിയാത്മകമായി ഉപയോഗിക്കുന്നതിന്റെ തെളിവുകളായിരുന്നു സുല്‍ത്താന്‍ ഖാബൂസ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികളും ഇബ്രയിലെ സ്‌കൂള്‍ വിദ്യാര്‍ഥികളും അവതരിപ്പിച്ച അപ്ലിക്കേഷനുകളും റോബോട്ടുകളുടെ പ്രദര്‍ശനവും.

കമ്പനികള്‍ക്ക് മികച്ച സേവനങ്ങളും വിവരങ്ങളും സമ്മാനിച്ചാണ് മൂന്ന് സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പവലിയനുകള്‍ മേളയില്‍ പ്രവര്‍ത്തിച്ചത്. ഇതു കൂടാതെ മറ്റു 27 സര്‍ക്കാര്‍ സ്ഥാപനങ്ങളും മേളയില്‍ പങ്കെടുത്തു. ഒമാന്‍ ടെല്‍, നൗറസ് തുടങ്ങിയ രാജ്യത്തെ പ്രമുഖ ടെലികോം സ്ഥാപനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് വിവിധ ഓഫറുകളുമായാണ് മേളയില്‍ സജീവ സാന്നിധ്യമായത്. മൊബൈല്‍ വാങ്ങുന്നവര്‍ക്കും കണക്ഷന്‍ എടുക്കുന്നവര്‍ക്കും വ്യത്യസ്ത ഓഫറുകള്‍ നല്‍കി. കോമക്‌സില്‍ എപ്പോഴും തിരക്ക് അനുഭവപ്പെട്ടത് ഷോപ്പറിലായിരുന്നു. വ്യത്യസ്ത ഉത്പന്നങ്ങള്‍ ഒരു കുടക്കീഴില്‍ പ്രദര്‍ശിപ്പ് ഓഫര്‍ നിരക്കിലാണ് ഉത്പന്നങ്ങള്‍ വിറ്റഴിച്ചത്.

പ്രദര്‍ശനം വളരെ മികച്ചതായിരുന്നുവെന്നാണ് സന്ദര്‍ശകരില്‍നിന്നും ലഭിച്ച പ്രതികരണമെന്ന് ഐ ടി അതോറിറ്റി അധികൃതര്‍ പറഞ്ഞു. രാജ്യത്തിനു പുറത്തുനിന്നുള്ള സന്ദര്‍ശകരും മേളക്കെത്തി. രാജ്യാന്തര സന്ദര്‍ശകരുടെയും കമ്പനികളുടെയും പ്രശംസയും സംഘാടകര്‍ക്കു ലഭിച്ചു.

Latest