Connect with us

Kozhikode

സിപിഎം ഓഫീസുകള്‍ അക്രമിച്ചു

Published

|

Last Updated

വടകര: സി പി എം ഓഫീസുകള്‍ക്ക് നേരെയുണ്ടായ അക്രമത്തില്‍ ജനല്‍ ഗ്ലാസുകള്‍ തകര്‍ന്നു. ചോറോട് ഗ്രാമ പഞ്ചായത്തിലെ ബാലവാടിയിലേയും വള്ളിക്കാട്ടേയും സി പി എം ഓഫീസുകള്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.

വൈക്കിലശ്ശേരി ലോക്കല്‍ കമ്മിറ്റി ഓഫീസായി പ്രവര്‍ത്തിക്കുന്ന വാസു സ്മാരക മന്ദിരം, ബാലവാടി ബ്രാഞ്ച് കമ്മിറ്റി ഓഫീസായി പ്രവര്‍ത്തിക്കുന്ന ഇ എം എസ് സ്മാരക മന്ദിരം എന്നിവക്ക് നേരെയാണ് രാത്രിയുടെ മറവില്‍ ആക്രമണം നടന്നത്. വാസു സ്മാരകത്തിന്റെ നാല് ജനല്‍ ഗ്ലാസുകളും ബാലവാടി ഓഫീസിലെ രണ്ട് ജനല്‍ ഗ്ലാസുകളും അക്രമികള്‍ തകര്‍ത്തു.
ഇന്നലെ രാവിലെയാണ് അക്രമ വിവരം നാട്ടുകാര്‍ അറിയുന്നത്. സംഭവ സ്ഥലത്ത് വന്‍ പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. അക്രമത്തിന് പിന്നില്‍ ആര്‍ എം പിയാണെന്ന് സി പി എം നേതൃത്വം ആരോപിച്ചു. ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവനയില്‍ ഉത്തേജനം ലഭിച്ചതിനാലാണ് ആര്‍ എം പിക്കാര്‍ പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെ അക്രമമഴിച്ചുവിട്ടതെന്ന് സി പി എം ഒഞ്ചിയം ഏരിയാ ആക്ടിംഗ് സെക്രട്ടറി ഇ എം ദയാനന്ദന്‍ ആരോപിച്ചു.
ചില ബുദ്ധി കേന്ദ്രങ്ങളുടെ ഉപദേശമനുസരിച്ച് വന്‍ ഗൂഡാലോചന നടത്തിയാണ് ഓഫീസുകള്‍ക്ക് നേരെ അക്രമങ്ങള്‍ അഴിച്ചു വിട്ടത്. പൊതു സമൂഹത്തില്‍ ഒറ്റപ്പെട്ട ആര്‍ എം പി നേതൃത്വം അണികളില്‍ ആവേശം വളര്‍ത്തിയെടുക്കാന്‍ ഉദ്ദേശിച്ചാണ് വായനശാല ഉള്‍പ്പെടെയുള്ള പാര്‍ട്ടി ആസ്ഥാനങ്ങള്‍ തകര്‍ക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടതിന്റെ ലക്ഷ്യമെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്ന് വരണമെന്നും ദയാനന്ദന്‍ പത്രക്കറിപ്പില്‍ വ്യക്തമാക്കി.

Latest