സൗദി പ്രശ്‌നം: പ്രധാനമന്ത്രി ഇടപെടണമെന്ന് പ്രവാസി സംഘം

Posted on: March 28, 2013 5:42 pm | Last updated: March 29, 2013 at 4:03 pm

pravasiമലപ്പുറം: സൗദി അറേബ്യയില്‍ സ്വദേശിവത്കരണത്തിന്റെ പേരില്‍ ഇന്ത്യക്കാര്‍ക്ക് പ്രത്യേകിച്ച് മലയാളികള്‍ക്ക് ജോലിനഷ്ടപ്പെടുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി അടിയന്തരമായി പ്രശ്‌നത്തില്‍ ഇടപെടണമെന്ന് കേരള പ്രവാസി സംഘം ജനറല്‍ സെക്രട്ടറി കെ വി അബ്ദുല്‍ ഖാദര്‍ എം എല്‍ എ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് നാളെ രാവിലെ ഒന്‍പതുമുതല്‍ വൈകിട്ട് ആറു വരെ മലപ്പുറം സിവില്‍ സ്റ്റേഷന് മുന്നില്‍ ഉപവാസ സമരം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.  സൗദി അറേബ്യയിലെ ഗുരുതര തൊഴില്‍ പ്രശ്‌നം വേണ്ടത്ര ഗൗരവത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഉള്‍ക്കൊണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ഉന്നത സംഘം നേരിട്ട് സൗദിയിലെത്തി പ്രശ്‌നം സംബന്ധിച്ച് ചര്‍ച്ച നടത്തിയാല്‍ പരിഹാരമുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. സൗദിയില്‍ ജോലി ചെയ്യുന്ന എട്ടുലക്ഷത്തോളം ഇന്ത്യക്കാരില്‍ ആറു ലക്ഷത്തോളം പേരും മലയാളികളാണെന്നാണ് കണക്ക്. നിതാഖാത്ത് സമ്പ്രദായം നടപ്പാക്കുന്നതിന്റെ നടപടികള്‍ തുടങ്ങിയതിനാല്‍ മലയാളികളില്‍ ഭൂരിഭാഗവും മുറിക്ക് പുറത്തിറങ്ങാതെ കഴിയുകയാണെന്ന് അറിയാന്‍ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.   സൗദിയിലെ രാജകുടുംബങ്ങളുമായി ബന്ധമുള്ള പ്രവാസി ഇന്ത്യക്കാരെയും മധ്യവര്‍ത്തികളാക്കിയുള്ള ചര്‍ച്ച നടത്തണം. ഇതോടൊപ്പം മടങ്ങിയെത്തുന്നവരെ പുനരധിവസിപ്പിക്കാനുള്ള പദ്ധതികളും വ്യക്തമായി ആസൂത്രണം ചെയ്യേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ALSO READ  പ്രവാസമിനിയും തുടരും, പക്ഷേ...