Connect with us

Education

ശാസ്ത്രം പഠിപ്പിക്കുന്ന മദ്‌റസ; ഒരു തായ്‌ലന്റ് മാതൃക

Published

|

Last Updated

ഇന്ത്യയിലെ മദ്‌റസകളില്‍ ആധുനിക വിദ്യാഭ്യാസം പഠിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ ശ്രമങ്ങള്‍ ഇപ്പോഴും അന്തിമഘട്ടത്തിലെത്തിയിട്ടില്ല. ഇത് സംബന്ധിച്ച ചര്‍ച്ചകളും നടപടിക്രമങ്ങളും വിവാദങ്ങളും തുടരുകയാണ്. എന്നാല്‍ ഇങ്ങനെയൊരു പദ്ധതി വിജയകമായി നടപ്പാക്കിയ കഥയാണ് തായ്‌ലന്‍ഡിന് പറയാനുള്ളത്. ഇവിടെ ഇന്ന് മദ്‌റസകളെന്നാല്‍ വെറും മതപഠന ശാലകളല്ല. തായ്‌ലന്‍ഡിലെ മുസ്‌ലിം വിദ്യാര്‍ഥികള്‍ മത വിദ്യാഭ്യാസവും ഭൗതിക വിദ്യാഭ്യാസവും മദ്‌റസയില്‍ നിന്ന് തന്നെ പഠിക്കുന്നു. അതും സമ്പൂര്‍ണ ഇസ്‌ലാമിക അച്ചടക്കത്തില്‍.

തെക്കന്‍ തായ്‌ലന്‍ഡിലെ നരാതിവാത് പ്രവിശ്യയിലെ മിയോംഗ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന അത്തര്‍ക്കിയ ഇസ്‌ലാമിക് സ്‌കൂളാണ് ഈ രംഗത്ത് മികച്ച മാതൃക കാട്ടുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ മദ്‌റസ മാത്രമായിരുന്ന ഈ സ്ഫാപനം ഇപ്പോള്‍ നാലായിരത്തിലേറെ വിദ്യാര്‍ഥികള്‍ പഠിക്കുന്ന വലിയൊരു കലാലയമാണ്. ഇസ്‌ലാമിക വിദ്യാഭ്യാസവും ഭൗതിക വിദ്യാഭ്യാസവും ഇവിടെ ഒരു പോലെ നല്‍കുന്നു. രണ്ടിനും തുല്യ പ്രാധാന്യം. അതുകൊണ്ട് തന്നെ ഇവിടെ അഡ്മിഷന്‍ നേടാന്‍ വിദ്യാര്‍ഥികളുടെ തിക്കും തിരക്കുമാണ്.

ഇവിടെ നിന്ന് പഠിച്ചിറങ്ങുന്ന ഓരോ വിദ്യാര്‍ഥിക്കും ആധുനിക ലോകത്ത് ജീവിക്കാനുള്ള മഹത്തായ ഒരു വിദ്യാഭ്യാസ സംസ്‌കാരവും ഉപജീവനം കണ്ടെത്താനുള്ള കഴിവും ഉണ്ടാകണമെന്ന ലക്ഷ്യത്തോടെയാണ് കണക്കും ഇംഗ്ലീഷും സയന്‍സും പഠിപ്പിച്ച് മദ്‌റസയെ ഇസ്‌ലാമിക് സ്‌കൂളായി ഉയര്‍ത്തിയതെന്ന് പ്രിന്‍സിപ്പല്‍ മയൈ യാഗ പറയുന്നു. സ്‌കൂളിന്റെ പ്രവര്‍ത്തനത്തില്‍ സര്‍ക്കാറിന്റെ യാതൊരു ഇടപെടലും ഇല്ലെന്ന് അദ്ദേഹത്തിന്റെ സാക്ഷ്യം. “”മത വിദ്യാഭ്യാസവും ഭൗതിക വിദ്യാഭ്യാസവും പരസ്പര പൂരകങ്ങളാണ്. എങ്ങനെ ഒരു നല്ല തായ് പൗരനാകാമെന്നാണ് ഞങ്ങള്‍ വിദ്യാര്‍ഥികകളെ പഠിപ്പിക്കുന്നത്. മതം, അച്ചടക്കം, അറിവ്; അതാണ് ഞങ്ങളുടെ തത്വ ശാസ്ത്രം””- യാഗ പറയുന്നു.

തായ് സര്‍ക്കാറിന്റെയും സഊദി അറേബ്യയിലെ ഇസ്‌ലാമിക് ഡവലപ്‌മെന്റ് ബേങ്കിന്റെയും ധനസഹായത്തോടെയാണ് അത്തര്‍ക്കിയ സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടെ ഭൗതിക വിഷയങ്ങളായ ശാസ്ത്രം, കണക്ക്, ഇംഗ്ലീഷ്, ഐ ടി തുടങ്ങിയവ ഇംഗ്ലീഷില്‍ പഠിപ്പിക്കുമ്പോള്‍, മതവിഷയങ്ങള്‍ അറബിയില്‍ തന്നെയാണ് പഠിപ്പിക്കുന്നത്. സമ്പൂര്‍ണമായും എയര്‍കണ്ടീഷന്‍ ചെയ്ത ഈ സ്‌കൂളില്‍ 3045 പെണ്‍കുട്ടികളും 1307 ആണ്‍കുട്ടികളുമടക്കം 4352 കുട്ടികള്‍ പഠിക്കുന്നുണ്ട്. 103 പുരഷന്മാരും 165 സ്തീകളുമടക്കം 268 അധ്യാപകരും ഇവിടെ സേവനമനുഷ്ഠിക്കുന്നു. അധ്യാപകരില്‍ അമുസ്‌ലിംകളുമുണ്ട്. പെണ്‍കുട്ടികള്‍ക്ക് പരിപൂര്‍ണ ഹിജാബോടു കൂടിയല്ലാതെ സ്‌കൂള്‍ കോമ്പൗണ്ടിലേക്ക് പ്രവേശനമില്ല. വിദ്യാര്‍ഥികള്‍ക്ക് നിസ്‌കരിക്കാന്‍ സ്‌കൂള്‍ വളപ്പില്‍ പള്ളിയുമുണ്ട്.
കുടുംബത്തിന്റെയും സമൂഹത്തിന്റെയും ഇസ്‌ലാമിന്റെയും പ്രധാന്യത്തെക്കുറിച്ച് ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നതിനാണ് തങ്ങള്‍ ഊന്നല്‍ നല്‍കുന്നതെന്ന് സ്‌കൂളിലെ അധ്യാപികയും അടുത്തിടെ ഇസ്‌ലാം ആശ്ലേഷിച്ചയാളുമായ റോബര്‍ട്ട് ഫോര്‍ഡന്‍ പറയുന്നു. തായ്‌ലന്‍ഡില്‍ ഇന്ന് ഇത്തരത്തിലുള്ള നൂറിലേറെ ഇസ്‌ലാമിക സ്‌കൂളുകളുണ്ട്. മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളായ നരാതിവാത്, യാല, പട്ടാണി എന്നിവിടങ്ങളിലാണ് ഇസ്‌ലാമിക് സ്‌കൂളുകള്‍ കൂടുതലും പ്രവര്‍ത്തിക്കുന്നത്. സാമൂഹിക അരക്ഷിതാവസ്ഥ നിലനില്‍ക്കുന്ന ഈ പ്രദേശങ്ങളില്‍ യുവതലമുറയെ സംസ്‌കരിക്കുന്നതില്‍ ഈ സ്‌കൂളുകള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ് താനും.

 

എഡിറ്റർ ഇൻ ചാർജ്, സിറാജ്‍ലെെവ്. 2003ൽ പ്രാദേശിക ലേഖകനായി സിറാജ് ദിനപത്രത്തിൽ പത്രപ്രവർത്തനം തുടങ്ങി. 2006 മുതൽ കോഴിക്കോട് ഡെസ്കിൽ സബ് എഡിറ്റർ. 2010ൽ മലപ്പുറം യൂണിറ്റ് ചീഫായി സേവനമനുഷ്ടിച്ചു. 2012 മുതൽ സിറാജ്‍ലെെവിൽ എഡിറ്റർ ഇൻ ചാർജായി പ്രവർത്തിച്ചുവരുന്നു.

Latest