കരകൗശല -കൈത്തറി മേഖലകള്‍ക്ക് പ്രതീക്ഷയേകി പുതിയ സാമ്പത്തിക സെന്‍സസ്

Posted on: March 26, 2013 11:30 am | Last updated: March 26, 2013 at 11:30 am

handloomകോഴിക്കോട്: മെയ്, ജൂണ്‍ മാസങ്ങളിലായി നടക്കുന്ന ആറാമത് അഖിലേന്ത്യാ സാമ്പത്തിക സെന്‍സസില്‍ കരകൗശല-കൈത്തറി മേഖലകള്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കുന്നു. ചൂരല്‍, മുള എന്നിവ കൊണ്ടുളള കരകൗശല വസ്തുക്കള്‍, തെങ്ങ് ഉത്പന്നങ്ങള്‍ കൊണ്ടുള്ള ക്രാഫ്റ്റുകള്‍, ആറന്മുള കണ്ണാടി, വളളം, ഉരു മാതൃകകള്‍, തെയ്യം -കഥകളി ക്രാഫ്റ്റുകള്‍, വിഗ്രഹ നിര്‍മാണം, കൈത്തറി വസ്ത്രങ്ങള്‍ തുടങ്ങി പ്രത്യേക വൈദഗ്ധ്യം ആവശ്യമുളള നിര്‍മാണങ്ങള്‍ ഈ വിഭാഗത്തില്‍പ്പെടും. ഇതാദ്യമായാണ് സാമ്പത്തിക സെന്‍സസില്‍ ഇത്തരം മേഖലകളെ പ്രത്യേകമായി ഉള്‍പ്പെടുത്തുന്നത്.
വയനാട് ജില്ലയിലെ ബാംബൂ വില്ലേജ് അടക്കമുള്ള കരകൗശല നിര്‍മാണ മേഖലകള്‍, ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജ്, പയ്യന്നൂര്‍ കൈത്തറി- ലോഹ കരകൗശല വസ്തു നിര്‍മാണ മേഖല, ഉത്സവ ചമയങ്ങള്‍ക്ക് പേരുകേട്ട കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍, ചൂരല്‍ ഉത്പന്നങ്ങള്‍ക്ക് പ്രാധാന്യമുളള മലപ്പുറം ജില്ല തുടങ്ങിയ ജില്ലകളില്‍ ഇത് ഉണര്‍വേകും. അന്യം നിന്നുപോകുന്ന വിവിധ പാരമ്പര്യ കരകൗശല നിര്‍മാണ ജോലികളിലേക്ക് പുതിയ തലമുറയെ ആകര്‍ഷിക്കാനും ഇത് പ്രേരിപ്പിക്കും.