ഫാമിലി വിസ: സാക്ഷ്യപ്പെടുത്തിയ ശമ്പള സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധം

Posted on: March 25, 2013 11:55 am | Last updated: March 25, 2013 at 11:55 am
SHARE

visas immigrationമസ്‌കത്ത് : ഫാമിലി വിസ ലഭിക്കുന്നതിനു കെട്ടിട വാടകക്കരാര്‍ വേണമെന്ന നിബന്ധന ഇമിഗ്രേഷന്‍ വിഭാഗം ശക്തമായി നടപ്പിലാക്കുന്നു. വാടകക്കരാര്‍ ഇല്ലാതെ കുടുംബ വിസക്കായി സമര്‍പ്പിച്ച അപേക്ഷകള്‍ ഇന്നലെയും നിരസിക്കപ്പെട്ടു. മാനവവിഭവ വകുപ്പ് സാക്ഷ്യപ്പെടുത്തിയ ശമ്പള സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാക്കിയിട്ടുണ്ട്. തൊഴില്‍ വിസയില്‍ രാജ്യത്ത് ആറു മാസം പൂര്‍ത്തിയാക്കിയവര്‍ക്കേ വിസ അനുവദിക്കൂ എന്നും ഇമിഗ്രേഷന്‍ വിഭാഗം വ്യക്തമാക്കുന്നു.
ഫാമിലി വിസക്ക് കെട്ടിട വാടകക്കരാര്‍ നിര്‍ബന്ധമാക്കിയെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം സിറാജ് പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ നിയമം മാറിയിട്ടില്ലെന്ന് അധികൃതരെ ഉദ്ധരിച്ച് കഴിഞ്ഞ ദിവസം ‘ഒമാന്‍ ഒബ്‌സര്‍വര്‍’ പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മറ്റു ചില പത്രങ്ങളിലും ഈ വാര്‍ത്ത വന്നതോടെ മലയാളികളുള്‍പെടെയുള്ള പ്രവാസികളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ കുടുംബ വിസക്കായി നല്‍കിയ അപേക്ഷകള്‍ പ്രമുഖ കമ്പനികളുടെതുള്‍പെടെ നിരസിക്കപ്പെട്ടു. കുടുംബ വിസകളുടെ പൊതു നിബന്ധനകളും കര്‍ക്കശമാക്കിക്കൊണ്ടാണ് നിരസിക്കുന്ന അപേക്ഷകളില്‍ ഉദ്യോഗസ്ഥര്‍ ആവശ്യമായ രേഖകള്‍ എഴുതി നല്‍കുന്നത്.
നഗരത്തിലെ പ്രമുഖ കമ്പനിയിലെ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ തസ്തികയില്‍ ജോലി ചെയ്യുന്ന ജീവനക്കാരനു വേണ്ടി സമര്‍പ്പിക്കപ്പെട്ട അപേക്ഷ അധികൃതര്‍ സ്വീകരിച്ചില്ല. മാനേജര്‍ തസ്തികയിലല്ലാതെ ജോലി ചെയ്യുന്നവര്‍ക്കെല്ലാം കെട്ടിട വാടക്കരാര്‍, മാന്‍ പവര്‍ മന്ത്രാലയം സാക്ഷ്യപ്പെടുത്തിയ ശമ്പള സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണമെന്നും തൊഴില്‍ വിസക്ക് ആറു മാസത്തെ കാലാവധി വേണമെന്നും അറിയിക്കുകയായിരുന്നു. ഈ വിവരങ്ങള്‍ എഴുതിയാണ് വിസ അപേക്ഷകള്‍ നിരാകരിച്ച് ഉദ്യോഗസ്ഥര്‍ കുറിപ്പ് നല്‍കുന്നത്. മാനേജര്‍ തസ്തികയിലുള്ളവര്‍ക്ക് ശമ്പള സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമല്ല. എന്നാല്‍ ഇവര്‍ക്കും കെട്ടിട വാടകക്കരാര്‍ ആവശ്യമാണ്.
കുടുംബ വിസ ലഭിക്കുന്നതിന് 300 റിയാലാണ് ശമ്പളം നിഷ്‌കര്‍ഷിക്കുന്നത്. നേരത്തെ തസ്തിക പരിഗണിച്ചായിരുന്നു കുടംബ വിസ അനുവദിച്ചിരുന്നത്. ഇപ്പോള്‍ കമ്പനി നല്‍കുന്ന ശമ്പള സാക്ഷ്യപത്രത്തിനു പുറമേ മാനവവിഭവ വകുപ്പ് സാക്ഷ്യപ്പെടുത്തിയ ശമ്പള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും അധികൃതര്‍ ആവശ്യപ്പെടുന്നു. കുടംബ വിസ നിയമത്തില്‍ വന്ന പരിഷ്‌കാരങ്ങള്‍ കമ്പനികളെയും പ്രവാസികെയും ഒരു പോലെ ബാധിക്കുകയാണ്. നിലവില്‍ വിസയിലുള്ളവര്‍ക്ക് പ്രശ്‌നമില്ല. എന്നാല്‍ പുതുതായി വിസക്ക് അപേക്ഷിക്കുന്നവരാണ് പ്രതിസന്ധി നേരിടുന്നത്. കെട്ടിട വാടകക്കരാര്‍ ജീവനക്കാരന്റെ പേരില്‍ തന്നെ വേണമെന്നും അധികൃതര്‍ ആവശ്യപ്പെടുന്നുണ്ട്. കമ്പനികള്‍ അനുവദിക്കുന്ന വില്ലകളുടെയും ഫഌറ്റുകളുടെയും വാടക കരാറുകള്‍ ജീവനക്കാരന് അനുവദിച്ചതായി സാക്ഷ്യപ്പെടുത്തി നല്‍കുകയും വേണ്ടി വരും.
ഷെയറിംഗ് അടിസ്ഥാനത്തി. താമസിക്കാന്‍ ഉദ്ദേശിക്കുന്നവരും പഴയ വില്ലകളിലും കെട്ടിടങ്ങളും താമസ സൗകര്യം സജ്ജീകരിക്കുന്നവരുമാണ് പുതിയ നിയമത്തോടെ വാടക കരാര്‍ ലഭിക്കാതെ പ്രയാസം നേരിടുക. സാമൂഹിക സുരക്ഷയുടെ ഭാഗമായാണ് കെട്ടിട വാടക്കരാര്‍ നടപ്പിലാക്കുന്നതെന്ന് ആര്‍ ഒ പി വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തു വരുന്ന കുടുംബാംഗങ്ങള്‍ എവിടെ താമസിക്കുന്നുവെന്ന് സര്‍ക്കാറിന് അറിയേണ്ടതുണ്ടെന്നും ആര്‍ ഒ പി വക്തമാവ് അറിയിച്ചു.