മദ്‌റസയിലെ നിര്‍മാണം പൂര്‍ത്തിയായ മൂത്രപ്പുരയും കക്കൂസും വിഘടിതര്‍ നശിപ്പിച്ചു

Posted on: March 23, 2013 6:55 am | Last updated: March 23, 2013 at 6:56 am

തിരൂരങ്ങാടി: മദ്‌റസയിലെ നിര്‍മാണം പൂര്‍ത്തിയായ കക്കൂസും മൂത്രപ്പുരയും പൈപ്പ് ലൈനും ചേളാരി വിഭാഗം സംഘം ചേര്‍ന്ന് നശിപ്പിച്ചു. മൂന്നിയൂര്‍ ചിനക്കല്‍ ഇസ്സത്തുല്‍ ഇസ്‌ലാം സെക്കന്‍ഡറി സുന്നി മദ്‌റസയിലെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഉപയോഗിക്കാനായി ഉണ്ടാക്കിയ മൂത്രപ്പുര, കക്കൂസ് എന്നിവയും ഇതിലെ പൈപ്പ് ലൈനുമാണ് നശിപ്പിച്ചത്. കക്കൂസിലെ ക്ലോസറ്റും നശിപ്പിച്ചിട്ടുണ്ട്. വ്യാഴാഴ്ച നിര്‍മാണം പൂര്‍ത്തിയായതാണിത്. ഇന്നലെ രാവിലെ എട്ട് മണിയോടെ സംഘം ചേര്‍ന്ന് എത്തിയ ചേളാരി വിഭാഗം അക്രമികള്‍ യാതൊരു പ്രകോപനവുമില്ലാതെ ഇവ നശിപ്പിക്കുകയായിരുന്നു.
മൂന്നിയൂര്‍ ചിനക്കല്‍ ജുമഅ മസ്ജിദ് യാതൊരു നിര്‍മാണ പ്രവര്‍ത്തനങ്ങളൊ നിയമനങ്ങളൊ പിരിച്ചുവിടലോ നടത്തരുതെന്ന് കോടതിയുടേയും വഖ്ഫ് ബോര്‍ഡിന്റെയും ഇടക്കാല ഉത്തരവുണ്ടായിരുന്നു. ഈ ഉത്തരവ് മറികടന്ന് ഏതാനും മാസം മുമ്പ് പള്ളിയിലെ ഹൗള് ചേളാരി വിഭാഗം നശിപ്പിച്ചിരുന്നു. ഇതില്‍ കേസ് നിലവിലുണ്ട്.അതിനിടെയാണ് ഇന്നലെ സുന്നി മദ്‌റസയില്‍ അക്രമം നടത്തിയത്.തിരൂരങ്ങാടി പോലീസ് കേസെടുത്തിട്ടുണ്ട്.സംഭവ സ്ഥലത്ത് ഇപ്പോള്‍ പോലീസ് കാവലുണ്ട്.