Connect with us

Kozhikode

പെണ്‍വാണിഭം: പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച പ്രധാന പ്രതി അറസ്റ്റില്‍

Published

|

Last Updated

കോഴിക്കോട്: പറയഞ്ചേരിയിലെ അപ്പാര്‍ട്ട്‌മെന്റ് കേന്ദ്രീകരിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചയാള്‍ അറസ്റ്റില്‍. മലപ്പുറം വളാഞ്ചേരി സ്വദേശി മുഹമ്മദ് സത്താറാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ച് പിടിയിലായത്.
സിറ്റി പോലീസ് കമ്മീഷണര്‍ ജി സ്പര്‍ജന്‍കുമാറാണ് ഇയാള്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നത്. പ്രധാന പ്രതിയായ സത്താര്‍ ഒളിവിലിരിക്കേ വിദേശത്തേക്ക് മുങ്ങുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെ അഞ്ച് മണിക്കുള്ള കുവൈറ്റ് എയര്‍വൈയ്‌സിലാണ് ഇയാള്‍ തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങിയത്. പെണ്‍വാണിഭക്കേസില്‍ സത്താറിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത് എമിഗ്രേഷന്‍ പരിശോധനയില്‍ കണ്ടെത്തുകയായിരുന്നു.
തുടര്‍ന്ന് സത്താറിനെ എമിഗ്രേഷന്‍ വിഭാഗം വലിയതുറ പോലീസിന് കൈമാറി. ചേവായൂര്‍ പോലീസ് തിരുവനന്തപുരത്തെത്തി സത്താറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. സത്താറിനെ കൂടുതല്‍ ചോദ്യം ചെയ്താല്‍ അപ്പാര്‍ട്ട്‌മെന്റ് കേസിലെ ഉന്നതരുടെ പങ്കിനെക്കുറിച്ചു വ്യക്തമാകുമെന്ന് പോലീസ് കമ്മീഷണര്‍ ജി സ്പര്‍ജന്‍കുമാര്‍ പറഞ്ഞു. സത്താറിനെ ഇന്ന് കോഴിക്കോട്ടെത്തിക്കും. കേസില്‍ ആദ്യം മുതലേ പോലീസ് അന്വേഷിച്ചിരുന്ന ഇടപാടുകാരനായിരുന്ന പ്രതിയാണ് പിടിയിലായതെന്ന് ചേവായൂര്‍ സി ഐ പ്രകാശന്‍ പടന്നയില്‍ പറഞ്ഞു.
സത്താറും സുഹൃത്തുക്കളും നിരവധി തവണ ഹൈദരാബാദിലെ ഫിലിം സിറ്റി അടക്കമുള്ള സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായി പെണ്‍കുട്ടി നേരത്തെ മൊഴി നല്‍കിയിരുന്നു. സത്താര്‍ അറസ്റ്റിലായതോടെ കോഴിക്കോട് പെണ്‍വാണിഭ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്നവരുടെ എണ്ണം 20 ആയി.

Latest