Connect with us

Kerala

ടി പി വധം: രണ്ട് സാക്ഷികള്‍ കൂടി കൂറുമാറി

Published

|

Last Updated

കോഴിക്കോട്: ടി പി ചന്ദ്രശേഖരന്‍ വധക്കേസിന്റെ സാക്ഷി വിസ്താരത്തില്‍ രണ്ട് നിര്‍ണായക സാക്ഷികള്‍ കൂടി കോടതിയില്‍ കൂറുമാറി. ഇതോടെ കേസില്‍ കൂറുമാറുന്ന സാക്ഷികളുടെ എണ്ണം നാലായി. കേസിലെ 24-ാം സാക്ഷി തലശ്ശേരി ചിറക്കര ജയശ്രീ വീട്ടില്‍ സി കെ ബിന്ദുമോന്‍, 25-ാം സാക്ഷി സൗത്ത് മലബാര്‍ ഗ്രാമീണ ബേങ്ക് മാനേജര്‍ പി എം രവീന്ദ്ര ബാബു എന്നിവരാണ് എരഞ്ഞിപ്പാലം അഡീഷനല്‍ സെഷന്‍സ് ജഡ്ജി ആര്‍ നാരായണ പിഷാരടിക്ക് മുമ്പാകെ നടന്ന സാക്ഷി വിസ്താരത്തില്‍ കൂറുമാറിയത്. കൊലപാതക സംഘം സഞ്ചരിച്ച ഇന്നോവ കാറിന്റെ ഗ്ലാസുകളില്‍ “മാഷാ അല്ലാ” എന്ന സ്റ്റിക്കറും കാറിന് വ്യാജ നമ്പറും നിര്‍മിച്ചു നല്‍കിയ തലശ്ശേരിയിലെ കമ്പ്യൂട്ടര്‍ സ്ഥാപന ഉടമയാണ് ബിന്ദുമോന്‍. കേസിലെ എട്ടാം പ്രതി കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റി അംഗം കെ സി രാമചന്ദ്രന്‍ കൊലയാളികളെ വിളിക്കാനായി ഉപയോഗിച്ച സിം കാര്‍ഡുപയോഗിച്ച് പുറത്ത് മറ്റൊരാളെ വിളിച്ചുവെന്ന് പോലീസ് കണ്ടെത്തിയ സാക്ഷിയാണ് രവീന്ദ്രബാബു.

നമ്പര്‍ പ്ലേറ്റ് നിര്‍മാണം, കാറിന് കൂളിംഗ് ഫിലിം ഒട്ടിക്കല്‍, കമ്പ്യൂട്ടര്‍ സ്റ്റിക്കര്‍ തയ്യാറാക്കല്‍ തുടങ്ങിയവ ചെയ്യുന്ന തന്റെ സ്ഥാപനത്തില്‍ പള്ളൂര്‍ നാലുചിറ ചെട്ട്യാര്‍ കണ്ടിയില്‍ അശ്വന്ത് എന്നയാള്‍ ജോലി ചെയ്യുന്നില്ലെന്ന് ബിന്ദുമോന്‍ മൊഴി നല്‍കി. അശ്വന്ത് തന്റെ സ്ഥാപനത്തില്‍ വെച്ച് കൊലയാളികള്‍ക്ക് സ്റ്റിക്കറും വ്യാജ നമ്പറും നിര്‍മിച്ചു നല്‍കിയെന്ന പ്രോസിക്യൂഷന്റെ വാദം ശരിയല്ല. ആ കൊലപാതകവുമായി ബന്ധപ്പെട്ട് അശ്വന്തിനെ പോലീസ് അറസ്റ്റ് ചെയ്തതായി അറിയില്ല. കാറിന് വ്യാജ നമ്പറും അറബിയില്‍ സ്റ്റിക്കറും നിര്‍മിച്ചു നില്‍കിയതിന് തന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍ നിന്നും കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌ക് പോലീസ് പിടിച്ചെടുത്തിട്ടില്ലെന്നും ബിന്ദുമോന്‍ മൊഴി നല്‍കി.
2012 ജൂണ്‍ 11ന് പോലീസ് പിടിച്ചെടുത്ത് സീല്‍ ചെയ്ത ഹാര്‍ഡ് ഡിസ്‌ക് കോടതിയില്‍ പ്രോസിക്യൂഷന്‍ കാണിച്ചെങ്കിലും ഇത്തരത്തിലുള്ള ഹാര്‍ഡിസ്‌കുകള്‍ വിപണിയില്‍ വാങ്ങാന്‍ കഴിയുന്നതാണെന്ന് ബിന്ദുമോന്‍ പറഞ്ഞു.
തന്റെ മൊഴികള്‍ സംബന്ധിച്ച് തെറ്റായ വിവരങ്ങളാണ് പോലീസ് നല്‍കിയത്. സി പി എം നേതാക്കളെ ഭയന്നിട്ടാണോ മൊഴി മാറ്റുന്നതെന്ന പ്രോസിക്യൂഷന്‍ ചോദ്യത്തിന് തനിക്ക് ഒരു ഭയവും ഇല്ലെന്ന് ബിന്ദുമോന്‍ മറുപടി നല്‍കി. കെ എസ് ഇ ബിയില്‍ ഉദ്യോഗസ്ഥനായിരുന്ന പിതാവ് ചന്ദ്രന്‍ കേരളാ ഇലക്ട്രിസിറ്റി എംപ്ലോയീസ് യൂനിയന്‍ (സി ഐ ടി യു) നേതാവായിരുന്നുവെന്നത് അറിയില്ല. സഹോദരി തലശ്ശേരി മുനിസിപ്പല്‍ കൗണ്‍സിലറല്ലെയെന്ന ചോദ്യത്തിന് സഹോദരിയില്ലെന്നും ബിന്ദുമോന്‍ മറുപടി നല്‍കി.
പോലീസ് തയ്യാറാക്കിയ മൊഴി ശരിയല്ലെന്ന് തുടര്‍ന്ന് വിസ്തരിച്ച രവീന്ദ്ര ബാബുവും മൊഴി നല്‍കി. ചന്ദ്രശേഖരന്‍ വധക്കേസിലെ എട്ടാം പ്രതിയായ സി പി എം പ്രാദേശിക നേതാവ് കെ സി രാമചന്ദ്രനെ തനിക്കറിയാം. എന്നാല്‍ കൊലയാളികളെ വിളിക്കാനായി രാമചന്ദ്രന്‍ പ്രത്യേകം എടുത്ത സിം ഉപയോഗിച്ച് തന്നെ വിളിച്ചിട്ടുണ്ടോ എന്ന കാര്യം അറിയില്ല.
ഇവരെ കൂടാതെ രണ്ട് സാക്ഷികളെ കൂടി ഇന്നലെ വിസ്തരിച്ചു. പോലീസ് ആവശ്യപ്രകാരം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ച ചന്ദ്രശേഖരന്റെ മൃതദേഹത്തിന്റെ വിവിധ രീതിയിലുള്ള ഫോട്ടോ എടുത്ത ഫോട്ടോഗ്രാഫറും കേസിലെ 22-ാം സാക്ഷിയുമായ കെ സി ശിവന്‍, ചന്ദ്രശേഖരന്‍ വെട്ടേറ്റ് മരിച്ച സ്ഥലത്ത് പോലീസ് മഹസ്സര്‍ തയ്യാറാക്കുമ്പോള്‍ സാക്ഷിയായ വൈശക്കുനി എല്‍ പി സ്‌കൂളിലെ അധ്യാപകന്‍ സോമന്‍ എന്നിവരെയാണ് വിസ്തരിച്ചത്.
23-ാം സാക്ഷിയായ സോമനും തുടര്‍ന്ന് കാര്യങ്ങള്‍ വിവരിച്ചു. ടി പിയുടെ കൈവശമുണ്ടായിരുന്ന ബേങ്ക് എ ടി എം കാര്‍ഡുകള്‍ ഉള്‍പ്പെടെയുള്ളവയും പ്രതികള്‍ സ്ഥലത്ത് നടത്തിയ ബോംബ് സ്‌ഫോടനത്തെ തുടര്‍ന്നുള്ള അവശിഷ്ടങ്ങളും ടി പിയുടെ കെ എല്‍ 18എ 6395 നമ്പര്‍ ബൈക്കും കോടതിയില്‍ ഇയാള്‍ തിരിച്ചറിഞ്ഞു.

---- facebook comment plugin here -----

Latest