ഉത്സവപ്പറമ്പില്‍ പോലീസ് മര്‍ദനം: അഡീഷനല്‍ എസ് ഐക്ക് സ്ഥലംമാറ്റം

Posted on: March 21, 2013 12:45 pm | Last updated: March 21, 2013 at 12:46 pm
SHARE

kerala-police_01കൊയിലാണ്ടി: ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് സംഘര്‍ഷ സാധ്യതയുണ്ടെന്ന വിവരം മേലുദ്യോഗസ്ഥനെ അറിയിച്ച അഡീഷനല്‍ എസ് ഐക്ക് സ്ഥലം മാറ്റം. കൊയിലാണ്ടി സ്റ്റേഷനിലെ എസ് ഐ. പി രാജനെയാണ് നാദാപുരം കണ്‍ട്രോള്‍ റൂമിലേക്ക് സ്ഥലം മാറ്റിയത്.
കഴിഞ്ഞ നാലിന് അരിക്കുളം ഒറവിങ്കല്‍ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ടുണ്ടായ പോലീസ്മര്‍ദനത്തില്‍ കൊയിലാണ്ടി ബാറിലെ അഭിഭാഷകനായ കെ ടി ശ്രീനിവാസന്‍, പട്ടാളക്കാരനായ അരിക്കുളം പനന്തൊടി മീത്തല്‍ ബിജു എന്നിവര്‍ക്ക് പരുക്കേറ്റിരുന്നു.
കൊയിലാണ്ടി പ്രിന്‍സിപ്പല്‍ എസ് ഐ. ബി കെ സിജുവിന്റെ നേതൃത്വത്തിലായിരുന്നു പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയിരുന്നത്. സംഭവസ്ഥലത്ത് ചുമതലയുണ്ടായിരുന്നത് അഡീഷനല്‍ എസ് ഐ രാജനായിരുന്നു. ഇദ്ദേഹം സംഘര്‍ഷസാധ്യതയെപ്പറ്റി മേലുദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു.
മാത്രമല്ല സംഭവസ്ഥലത്തെ സമാധാന ശ്രമങ്ങള്‍ക്ക് ഇദ്ദേഹം നേതൃത്വം നല്‍കുകയുമുണ്ടായി. ഇദ്ദേഹത്തോടൊപ്പം മറ്റ് പതിനൊന്നുപേരെയും സ്ഥലം മാറ്റിയതായാണ് വിവരം. ജനറല്‍ ട്രാന്‍സ്ഫറില്‍പ്പെടുത്തിയാണ് സ്ഥലം മാറ്റം. 32 വര്‍ഷമായി സേവനമനുഷ്ഠിച്ചുവരുന്ന രാജന്‍ ഒന്നര വര്‍ഷത്തോളമായി കൊയിലാണ്ടി പോലീസ് സ്റ്റേഷനില്‍ അഡീഷനല്‍ എസ് ഐ ആയി ജോലി ചെയ്തുവരികയായിരുന്നു.
സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ചുവരുന്ന രാജന്റെ സ്ഥലം മാറ്റത്തില്‍ പോലീസ് സഹപ്രവര്‍ത്തകരില്‍ അമര്‍ഷം ഉയര്‍ന്നിട്ടുണ്ട്.