Connect with us

Kerala

ക്യൂ നിന്ന് തളരേണ്ട; ട്രെയിന്‍ ടിക്കറ്റുകള്‍ ഇനി കൈയെത്തും ദൂരത്ത്‌

Published

|

Last Updated

തിരുവനന്തപുരം: ടിക്കറ്റ് റിസര്‍വേഷന്‍ എളുപ്പമാക്കാന്‍ സതേണ്‍ റെയില്‍വേ സഞ്ചരിക്കുന്ന റിസര്‍വേഷന്‍ യൂനിറ്റുകള്‍ ആരംഭിക്കുന്നു. സതേണ്‍ റെയില്‍വേയുടെ “മുശ്കില്‍ ആസാന്‍” എന്ന പദ്ധതിയിലൂടെയാണ് ട്രെയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിനായി സഞ്ചരിക്കുന്ന വാനുകള്‍ എത്തുന്നത്. തിരുവനന്തപുരത്തും ചെന്നൈയിലുമാണ് ആദ്യ ഘട്ടം പദ്ധതി നടപ്പാക്കുന്നത്.
സഞ്ചരിക്കുന്ന വാഹനം ഒരോ ജംഗ്ഷനുകളിലും നിര്‍ത്തിയിട്ടാണ് ബുക്കിംഗ് നടത്തുക. രാജ്യത്ത് പലയിടങ്ങളിലും സഞ്ചരിക്കുന്ന ടിക്കറ്റ് റിസര്‍വേഷന്‍ വാനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവ വിജയകരമായതിനാലും യാത്രക്കാര്‍ക്ക്് ഉപകാരപ്രദമായതിനാലുമാണ് പദ്ധതി നടപ്പാക്കാന്‍ സതേണ്‍ റെയില്‍വേ തയ്യാറായത്.
തുടക്കത്തില്‍ പരീക്ഷണാടിസ്ഥാനത്തിലായിരിക്കും പ്രവര്‍ത്തിക്കുക. വാടകക്ക് എടുക്കുന്ന വാഹനത്തിലായിരിക്കും യൂനിറ്റ് പ്രവര്‍ത്തിക്കുക. റെയില്‍വേ ഉദ്യോഗസ്ഥര്‍ തന്നെയാണ് യൂനിറ്റിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്. യൂനിറ്റ് സഞ്ചരിക്കുന്ന പ്രദേശവും സമയവും നേരത്തെ തന്നെ പരസ്യപ്പെടുത്തും. യാത്ര ചെയ്യുന്നവര്‍ക്കും സഞ്ചരിക്കുന്ന യൂനിറ്റിന്റെ സഹായത്തോടെ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കും. നഗരത്തിന് പുറത്തുള്ളവര്‍ക്കും മറ്റു സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താന്‍ കഴിയാത്തവര്‍ക്കും സഞ്ചരിക്കുന്ന യൂനിറ്റ് വളരെ ഉപകാരപ്രദമാണ്.
മുന്‍കൂട്ടി നിശ്ചയിക്കുന്നതു പ്രകാരം ഓരോ പ്രദേശങ്ങളിലും നിശ്ചിത സമയം നിര്‍ത്തിയിട്ട ശേഷമായിരിക്കും യൂനിറ്റ് മറ്റിടങ്ങളിലേക്ക് പോകുക. മൂന്ന് മാസത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തീകരിക്കാനാകുമെന്ന് സതേണ്‍ റെയില്‍വേ അധികൃതര്‍ അറിയിച്ചു.
ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള കാലതാമസം മാത്രമാണുള്ളത്. നടപടികള്‍ പൂര്‍ത്തിയായാലുടന്‍ പദ്ധതി നടപ്പാക്കും. 2009-10ലെ റെയില്‍വേ ബജറ്റില്‍ അന്നത്തെ റെയില്‍വേ മന്ത്രി മമതാ ബാനര്‍ജിയാണ് സഞ്ചരിക്കുന്ന റിസര്‍വേഷന്‍ വാനുകളുടെ പദ്ധതി നിര്‍ദേശിച്ചത്.

Latest