അയല്‍ സംസ്ഥാനങ്ങളിലേക്ക് റേഷനരി കടത്തുന്നതായി വ്യാപക പരാതി

Posted on: March 15, 2013 8:11 am | Last updated: March 15, 2013 at 8:11 am
SHARE

ഊട്ടി: തമിഴ്‌നാട്ടില്‍ നിന്ന് അയല്‍ സംസ്ഥാനങ്ങളിലേക്ക് റേഷനരി കടത്തുന്നത് പതിവായി. റേഷനരി കടത്ത് നിയന്ത്രിക്കാനാകാതെ സിവില്‍സപ്ലൈസ് വകുപ്പും പോലീസും വിഷമിക്കുന്നു. തമിഴ്‌നാട്ടില്‍ റേഷന്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി വിതരണം ചെയ്യുന്ന അരിയാണ് കേരളത്തിലേക്കും, കര്‍ണാടകയിലേക്കും ഒഴുകുന്നത്. അരി പോളിഷ് ചെയ്താണ് കടത്തികൊണ്ടുപോകുന്നത്.
തമിഴ്‌നാട്ടില്‍ ഒരു റേഷന്‍ കാര്‍ഡിന് 24 കിലോ വീതമാണ് അരി വിതരണം ചെയ്യുന്നത്. ദാരിദ്ര്യരേഖക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് 35 കിലോവീതവുമാണ് വിതരണം ചെയ്യുന്നത്. റേഷന്‍കടകളില്‍നിന്നാണ് കരിഞ്ചന്തവഴി മറിച്ചുവില്‍ക്കുന്നത്. ഇതിന് പിന്നില്‍ വന്‍ മാഫിയ സംഘങ്ങള്‍ തന്നെ പ്രവര്‍ത്തിക്കുന്നതായാണ് പറയപ്പെടുന്ന്ത്. അരി ഇങ്ങനെ മറിച്ചുവില്‍ക്കുന്നതിനാല്‍ റേഷന്‍ ഉപഭോക്താക്കള്‍ക്ക് കൃത്യമായി അരി ലഭ്യമാകുന്നില്ലെന്ന് വ്യാപക പരാതി ഉയര്‍ന്നിട്ടുണ്ട്. മാസത്തില്‍ പത്ത് ദിവസം പോലും ശരിയായി റേഷന്‍ സാധനങ്ങള്‍ വിതരണം ചെയ്യാറില്ല. പരിപ്പ്, ഗോതമ്പ്, പച്ചരി, ഉഴുന്ന്, പാമോയില്‍ തുടങ്ങിയവ കൃത്യമായി എല്ലാമാസവും ഉപഭോക്താക്കള്‍ക്ക് ലഭിക്കാറില്ല. ഇവയും മറിച്ചുവില്‍ക്കുകയാണ് ചെയ്യുന്നത്. നീലഗിരി ജില്ലയിലെ മിക്ക റേഷന്‍കടകളിലും ഇതാണ് അവസ്ഥ. നീലഗിരി-കോയമ്പത്തൂര്‍ ജില്ലകളില്‍ നിന്ന് ദിനംപ്രതി ടണ്‍കണക്കിന് അരിയാണ് അതിര്‍ത്തി കടത്തുന്നത്. പച്ചക്കറി സാധനങ്ങള്‍ മുകള്‍ ഭാഗത്ത് ഒറ്റവരിയായി അടുക്കിവെച്ച് അടിഭാഗത്ത് അരിചാക്കുകള്‍ അടുക്കിവെച്ചാണ് കടത്തുന്നത്. പെട്ടെന്ന് ഇതൊന്നും അധികാരികളുടെ കണ്ണില്‍പ്പെടുകയുമില്ല. അര്‍ദ്ദരാത്രിസമയത്തും പുലര്‍ച്ചെ സമയങ്ങളിലുമാണ് കൂടുതലും കള്ളകടത്തുകള്‍ നടത്തുന്നത്. അതിര്‍ത്തി ചെക്‌പോസ്റ്റുകളില്‍ വേണ്ടത്ര പരിശോധന നടത്തുന്നില്ല. തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് ദിനംപ്രതി 50 ടണ്ണിലധികം റേഷനരി കടത്തുന്നതായാണ് ഇന്റലിജന്‍സ് വിഭാഗങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. അതേസമയം ഉദ്യോഗസ്ഥര്‍ക്കും ഇതില്‍ പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്നാണ് ആവശ്യയുമയരുന്നത്.