ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ക്ക് എന്‍ ഒ സി നല്‍കേണ്ടെന്ന് കൗണ്‍സില്‍ തീരുമാനം

Posted on: March 15, 2013 7:24 am | Last updated: March 15, 2013 at 7:24 am
SHARE

കോഴിക്കോട്:നഗരത്തിലെ ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ക്ക് എന്‍ ഒ സി നല്‍കേണ്ടെന്ന് കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ ഐകകണ്‌ഠേന തീരുമാനം. ബെപ്പാസ് റോഡിലെ ഹോട്ടല്‍ കോപ്പര്‍ ഫോളിയ, പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം ഹോട്ടല്‍ ഡി ഗ്രാന്റ് മലബാര്‍ എന്നീ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സിന് എന്‍ ഒ സി നല്‍കാനുള്ള നിര്‍ദേശമാണ് വേണ്ടെന്നുവെച്ചത്. ഏറെ പ്രതിഷേധങ്ങള്‍ ഉണ്ടായ സഹാചര്യത്തിലാണ് കൗണ്‍സില്‍ തീരുമാനം. ലൈസന്‍സ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ഉത്തരവില്‍ അവ്യക്തതയുള്ളതുകൊണ്ടാണ് തള്ളിയതെതന്ന് സഭാനേതാവ് എം മോഹനന്‍ പറഞ്ഞു. ബാര്‍ ലൈസന്‍സ് അനുവദിച്ചാല്‍ ശക്തമായ ജനകീയ പ്രക്ഷോഭം തദ്ദേശ സ്ഥാപനങ്ങള്‍ നേരിടേണ്ടിവരും. സര്‍ക്കാര്‍ ഇത് തദ്ദേശ സ്ഥാപനങ്ങളുടെ തലയില്‍ കെട്ടിവെക്കുകയായിരുന്നു. ഫോര്‍ സ്റ്റാര്‍ ഹോട്ടലുകള്‍ക്കേ ലൈസന്‍സ് നല്‍കേണ്ടതുള്ളുവെന്നാണ് സര്‍ക്കാര്‍ നയം. എന്നാല്‍ ഇക്കാര്യത്തിലും അവ്യക്തത തുടരുകയാണ്. സര്‍ക്കാറിന്റെ മദ്യനയത്തില്‍ അവ്യക്തത തുടരുന്നതിനാല്‍ ഹോട്ടലുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനോട് യോജിപ്പില്ലെന്നും യോഗം അജന്‍ഡ തള്ളണമെന്നും അദ്ദേഹം വ്യക്തമാക്കുകയായിരുന്നു. യു ഡി എഫിന്റെ നാല് അംഗങ്ങളുള്‍പ്പെട്ട ഹെല്‍ത്ത് കമ്മിറ്റിയുടെ ശിപാര്‍ശ പ്രകാരമാണ് കഴിഞ്ഞ തവണ ഈ അജന്‍ഡ കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിച്ചതെന്ന് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം രാധാകൃഷ്ണന്‍ പറഞ്ഞു. യോഗം തുടങ്ങുന്നതിന് മുമ്പ് തന്നെ കൗണ്‍സില്‍ ഹാളിന് പുറത്ത് മദ്യനിരോധന സമിതി, യൂത്ത്‌ലീഗ്, എസ് ഡി പി ഐ, വെല്‍ഫയര്‍ പാര്‍ട്ടി തുടങ്ങിയ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. പോലീസ് ലാത്തി വീശിയാണ് പ്രതിഷേധക്കാരെ നിയന്ത്രിച്ചത്. കഴിഞ്ഞ തവണ സന്ദര്‍ശക ഗ്യാലറിയില്‍ പ്രതിഷേധിച്ച സമരക്കാര്‍ ഇത്തവണ കൗണ്‍സില്‍ ഹാളിനകത്തേക്ക് തള്ളിക്കയറുമെന്ന സൂചനയെത്തുടര്‍ന്ന് രണ്ട് പ്രധാന വാതിലുകളും അടച്ചാണ് യോഗം ചേര്‍ന്നത്.പന്നിയങ്കര സംഘര്‍ഷവുമായി ബന്ധപ്പെട്ട് സര്‍വകക്ഷിയോഗം എടുത്ത തീരുമാനങ്ങള്‍ അടിയന്തരമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സി പി മുസാഫര്‍ അഹമ്മദ് അവതരിപ്പിച്ച അടിയന്തര പ്രമേയം 33നെതിരെ 38 വോട്ടുകള്‍ക്ക് പാസ്സായി. ഈ പ്രമേയത്തിന്‍ മേലുള്ള ചര്‍ച്ചയിലും ഭരണ- പ്രതിപക്ഷ കക്ഷികള്‍ തമ്മില്‍ വാക്കേറ്റമുണ്ടായി.

ഭരണപക്ഷം രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമമാണ് നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് എം ടി പത്മ, ഉപനേതാവ് കെ മുഹമ്മദലി എന്നിവര്‍ പറഞ്ഞു. എന്നാല്‍ രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള പ്രമേയമല്ലെന്നും പന്നിയങ്കരയില്‍ കുറേക്കാലമായി ഹെല്‍മെറ്റ് വേട്ടയുണ്ടെന്നും അതിന്റെ ദുരന്തഫലമാണ് രണ്ട് യുവാക്കളുടെ മരണത്തിലേക്ക് നയിച്ചതെന്നും മുസാഫിര്‍ അഹമ്മദ് ചൂണ്ടിക്കാട്ടി. പോലീസിനെ ന്യായീകരിക്കാന്‍ ചിലര്‍ ശ്രമം നടത്തുന്നുണ്ടെന്നും അത് അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ബഹളത്തിനിടെ പ്രതിപക്ഷ കൗണ്‍സിലര്‍ പി വി അവറാനെ്യൂമേയര്‍ പ്രൊഫ. എ കെ പ്രേമജം സസ്‌പെന്‍ഡ് ചെയ്തതും പ്രതിഷേധത്തിനിടയാക്കി. മേയര്‍ എഴുന്നേറ്റ് നിന്നപ്പോള്‍ ഇരിക്കാന്‍ പറഞ്ഞെന്നും ഇത് സഭക്കു നിരക്കാത്തതാണെന്നും അറിയിച്ചാണ് മേയര്‍ സസ്‌പെന്‍ഡ് ചെയ്തത്. ഇതെത്തുടര്‍ന്ന് യോഗത്തില്‍ ബഹളം രൂക്ഷമായി.
തുടര്‍ന്ന് യോഗം നിര്‍ത്തിവെച്ച് പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ച നടത്തി സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതായി മേയര്‍ അറിയിച്ചു. മേയറോടല്ല, മേയര്‍ മറ്റുള്ളവരെ ഇരുത്തണമെന്നാണ് പറഞ്ഞതെന്ന് മറുപടിയായി പി വി അവറാന്‍ പറഞ്ഞു. മാനാഞ്ചിറ സ്‌ക്വയര്‍ പരിസരത്ത് കത്തിച്ച മാലിന്യകൂമ്പാരത്തില്‍ ചവിട്ടി കാലിന് ഗുരുതരമായി പൊള്ളലേറ്റ മുഹമ്മദ് അല്‍നാസിന് ചികിത്സാ സഹായം ലഭ്യമാക്കണമെന്ന് വിദ്യാബാലകൃഷ്ണന്‍ ഉന്നയിച്ചു. ചികിത്സാസഹായം വേണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ ലഭിച്ചിട്ടില്ലെന്നും ലഭിച്ചാല്‍ സഹായം ലഭ്യമാക്കുമെന്നും മേയര്‍ അറിയിച്ചു.