Connect with us

Malappuram

കാളികാവ് വഴിയുള്ള മൂന്ന് കെ എസ് ആര്‍ ടി സി സര്‍വീസുകള്‍ മുടങ്ങിയത് പുനഃസ്ഥാപിച്ചില്ല

Published

|

Last Updated

കാളികാവ്: നിലമ്പൂര്‍ ഡിപ്പോയില്‍ നിന്നും കാളികാവ് വഴിയുള്ള മൂന്ന് കെ എസ് ആര്‍ ടി സി സര്‍വീസുകള്‍ മുടങ്ങിയത് പുനഃസ്ഥാപിച്ചില്ല. നിലമ്പൂര്‍-കാളികാവ്- പാലക്കാട്, നിലമ്പൂര്‍- കാളികാവ്-കരുവാരകുണ്ട്-മലപ്പുറം റൂട്ടിലെ രണ്ട് സര്‍വീസുകള്‍ പൂര്‍ണമായും നിര്‍ത്തിവെച്ചു. കൂടാതെ മലപ്പുറം-വണ്ടൂര്‍-കാളികാവ്- നിലമ്പൂര്‍ ബസിന്റെ വൈകുന്നേരത്തെ സര്‍വീസ് മറ്റ് റൂട്ടിലേക്ക് തിരിച്ച് വിടുകയും ചെയ്തു. ഇതില്‍ നിലമ്പൂര്‍- കാളികാവ്-പാലക്കാട് സര്‍വീസ് മലയോര മേഖലയിലെ മുഴുവന്‍ ജനങ്ങള്‍ക്കും ഏറെ പ്രയോജനമുള്ളതായിരുന്നു. വരുമാനം കുറവ് പറഞ്ഞാണ് ഈ സര്‍വ്വീസ് അധികൃതര്‍ നിര്‍ത്തലാക്കിയത്.
എന്നാല്‍ ഈ സര്‍വീസ് നഷ്ടത്തിലല്ലായിരുന്നുവെന്നാണ് ബസ് പാസഞ്ചേഴ്‌സ് അസോസിയഷനും ജീവനക്കാരും ഒരുപോലെ പറയുന്നത്. സര്‍വീസുകള്‍ നിര്‍ത്തിവെച്ചതിനെതിരെ കാളികാവ് ബസ് പാസഞ്ചേഴ്‌സ് അസോസിയേഷന്‍ മന്ത്രി എ പി എനില്‍കുമാറിനെ കണ്ട് പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ഡീസല്‍ വില വര്‍ധനവുമായി ബന്ധപ്പെട്ടാണ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചതെന്നാണ് നേരത്തേ കരുതപ്പട്ടിരുന്നത്. എന്നാല്‍ നിലമ്പൂര്‍ ഡിപ്പോയില്‍ നിന്നും ഡീസല്‍ വില കൂടിയതിന്റെ പേരില്‍ ഒരു സര്‍വീസും നിര്‍ത്തിയിട്ടില്ലെന്ന് അധികൃതര്‍ തന്നെ സമ്മതിക്കുന്നുണ്ട്. സ്വകാര്യ ബസ് ലോബിയുമായുള്ള ഒത്തുകളിയും അതിന് ചില ഉദ്യോഗസ്ഥര്‍ നടത്തുന്ന ചരടുവലികളുമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നാണ് ആരോപണമുയരുന്നത്.

Latest