തോട് കൈയേറി റോഡ് നിര്‍മാണം : പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു

Posted on: March 14, 2013 9:25 am | Last updated: March 14, 2013 at 9:25 am
SHARE

മണ്ണാര്‍ക്കാട്: പഞ്ചായത്ത് അംഗത്തിന്റെ അറിവോടെ ഗ്രാമപഞ്ചായത്തിന്റെ സ്ഥലവും അരിലൂര്‍ തോടും കൈയേറി റോഡ് നിര്‍മാണം നടത്തുന്നു എന്നാരോപിച്ച് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ ഓഫീസ് ഉപരോധിച്ചു. കുമരംപുത്തൂര്‍ പഞ്ചായത്തിലെ വാര്‍ഡ് മെമ്പറുടെ ഒത്താശയോടെ പഞ്ചായത്തിന്റെ സ്ഥലവും അരിയൂര്‍ തോടും കൈയേറി സ്വകാര്യ വ്യക്തിക്കുവേണ്ടി റോഡ് നിര്‍മിക്കുന്നതായാണ് പരാതി. തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച് റോഡ് നിര്‍മാണം നടത്തുന്നത് അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കിയെങ്കിലും അന്വേഷണത്തില്‍ അലംഭാവം കാണിക്കുന്നു എന്നാരോപിച്ചാണ് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചത്. പഞ്ചായത്ത് സ്ഥലവും തോടും റോഡ് നിര്‍മാണത്തിന് കൈയേറിയിട്ടുണ്ടോ എന്ന് ആധികാരികമായി അറിയുന്നതിന് സ്ഥലം സര്‍വേ നടത്തി റിപ്പോര്‍ട്ട് നല്‍കുന്നതിന് താലൂക്ക് സര്‍വേയറോട് ആവശ്യപ്പെട്ടിട്ടുണ്ട്. . എന്നാല്‍, അരിയൂര്‍ തോടിന് സമീപത്തായി സ്ഥിതി ചെയ്യുന്ന ശ്മശാനത്തിലേക്ക് റോഡ് നിര്‍മിക്കുന്നതിന് സ്ഥലം വിട്ടു നല്‍കണം എന്ന പഞ്ചായത്ത് ഭരണസമിതി അംഗമായ പൊന്മപാറ കോയകുട്ടിയുടെ അഭ്യര്‍ഥന മാനിച്ച് ആവശ്യമായ സ്ഥലം വിട്ടുനല്‍കുക മാത്രമേ താന്‍ ചെയ്തിട്ടുള്ളൂ എന്ന് ആരോപണ വിധേനായ സ്ഥലം ഉടമ അറിയിച്ചു. മതിയായ രേഖകള്‍ ഇല്ലാതെ പഞ്ചായത്ത് ഭരണ സമിതി ശ്മശാനത്തിന്റെ പേര് പറഞ്ഞ് തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച് സ്വകാര്യ വ്യക്തിക്ക് ഗുണം ലഭിക്കുന്നതിന് വേണ്ടി പഞ്ചായത്ത് സ്ഥലവും അരിയൂര്‍ തോടും കൈയേറുകയും അവിടത്തെ വിലപിടിപ്പുള്ള മരങ്ങള്‍ മുറിച്ചു വില്‍ക്കുകയും ചെയ്യുക ഈ പ്രദേശത്തെ പ്രധാന നീറുറവയായ അരിയൂര്‍ തോടിന്റെ നാശം പൂര്‍ണതയില്‍ എത്തിക്കുന്നതില്‍ ഗതി മാറ്റുകയും ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പഞ്ചായത്ത് സെക്രട്ടറി ഇതിനെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കണം എന്ന പരാതി കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് നല്‍കിയത്. പരാതി ലഭിച്ചിട്ടും അനങ്ങാപാറ നയം സെക്രട്ടറി സ്വീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് പഞ്ചായത്ത് സെക്രട്ടറിയുടെ ഓഫീസ് ഉപരോധിച്ചത്. പ്രകൃതിക്ക് വന്‍ ആഘാതമുണ്ടാക്കുന്ന പ്രവര്‍ത്തികളില്‍ അടിയന്തര നടപടികള്‍ ഇനിയും ഉണ്ടായിട്ടില്ലെങ്കില്‍ ഗ്രാമപഞ്ചായത്തിന്റെ ദൈദിന പരിപാടികള്‍ തടസപ്പെടുത്തി ഉപരോധവും പൊതുജന മാര്‍ച്ചും സംഘടിപ്പിക്കുമെന്ന് ഡി വൈ എഫ് നേതാക്കള്‍ അറിയിച്ചു