കോച്ച് ഫാക്ടറി : സെയിലിന് പങ്കാളിത്തം പരിഗണിക്കുമെന്ന് കേന്ദ്രമന്ത്രി

Posted on: March 14, 2013 9:24 am | Last updated: March 14, 2013 at 9:24 am
SHARE

പാലക്കാട് : റെയില്‍ കോച്ച് ഫാക്ടറി പദ്ധതിയില്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയെ (സെയില്‍) പങ്കാളിയാക്കുക എന്ന നിര്‍ദ്ദേശം പരിഗണിക്കുമെന്ന് റെയില്‍വെ വകുപ്പ് മന്ത്രി പവന്‍കുമാര്‍ബന്‍സല്‍ അറിയിച്ചു.
റെയില്‍വെ ബജറ്റ് ചര്‍ച്ചക്കുള്ള മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചതെന്ന് എം ബി രാജേഷ് എം പി അറിയിച്ചു. ഇത് സംബന്ധിച്ച് സെയിലുമായി ചര്‍ച്ച നടത്താമെന്നും അദ്ദേഹം സമ്മതിച്ചു. സെയിലുമായുള്ള സംയുക്തസംരംഭം പ്രയോഗസാദ്ധ്യമെങ്കില്‍ അതുമായി മുന്നോട്ട് പോകാന്‍ തയ്യാറാണെന്നും മന്ത്രി അറിയിച്ചു.
ഇതോടെ സ്വകാര്യ പങ്കാളിയെ കണ്ടെത്താന്‍ കഴിയാതെ വഴിമുട്ടി നിന്ന കോച്ച് ഫാക്ടറി യാഥാര്‍ത്ഥ്യമാവുന്നതിന് ഇപ്പോള്‍ സാഹചര്യം അനുകൂലമായിരിക്കുകയാണ്. സെയില്‍ പൊതുമേഖലാ സ്ഥാപനമായതു കൊണ്ട് പദ്ധതി പൂര്‍ണ്ണമായും പൊതുമേഖലയില്‍ തന്നെ ആയിരിക്കുകയും ചെയ്യും. കേന്ദ്രസര്‍ക്കാരിന് എതിര്‍പ്പില്ലങ്കില്‍, സെയിലുമായുള്ള സഹകരണത്തിന് തടസ്സമുണ്ടാകില്ല. സ്റ്റീല്‍ വകുപ്പ് സെക്രട്ടറി ഇ.കെ. ‘ഭരത്ഭൂഷണ്‍ ഐ എ എസും ഞാനും തമ്മില്‍ നടന്ന അനൗപചാരിക ആശയവിനിമയത്തിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു നിര്‍ദ്ദേശം രൂപപ്പെട്ടത്. ഈ നിര്‍ദ്ദേശം ലോകസഭയില്‍ ബജറ്റ് ചര്‍ച്ചയില്‍ മുന്നോട്ട് വക്കുന്നതിന് മുമ്പ് തന്നെ പ്രതിരോധ മന്ത്രി ശ്രീ ഏകെ. ആന്റണിയുടെയും റെയില്‍വെ വകുപ്പ് മന്ത്രിയുടെയും ശ്രദ്ധയില്‍ കൊണ്ടു വന്നിരുന്നു. ഇക്കാര്യത്തില്‍, വകുപ്പ് മന്ത്രി അനുകൂല സമീപനം സ്വീകരിച്ചത് പ്രതീക്ഷയുളവാക്കുന്നു.
കോച്ച് ഫാക്ടറി പൂര്‍ത്തിയാക്കുന്നതിനുള്ള സമയക്രമം ഉടന്‍ നിശ്ചയിക്കുമെന്നും മന്ത്രി അറിയിച്ചു. പുതുതായി പാലക്കാടിന് ഒരു ട്രെയിന്‍ കൂടി ലഭിക്കും. നേരത്തെ പ്രഖ്യാപിച്ച മംഗലാപുരം-ബാംഗ്ലൂര്‍ എക്‌സ്പ്രസ്സ് പാലക്കാട് വഴി തിരിച്ചുവിടുമെന്ന് മന്ത്രി മറുപടി പ്രസംഗത്തില്‍ പ്രഖ്യാപിച്ചു. ഇത് പാലക്കാടിനും കേരളത്തിനും ലഭിക്കുന്ന പുതിയ ട്രെയിനാകും.
പാലക്കാട്, ഷൊര്‍ണൂര്‍ വഴി പോകുന്ന കാച്ചിഗുഡ-മംഗലാപുരം, ഷൊര്‍ണൂര്‍ വഴി പോകുന്ന ലോകമാന്യതിലക്-കൊച്ചുവേളി എന്നീ തീവണ്ടികളുടെ സര്‍വ്വീസ് ആഴ്ചയില്‍ ഒന്ന് എന്നത് രണ്ടാക്കി ഉയര്‍ത്തുമെന്നും മന്ത്രി അറിയിച്ചതായും എം ബി രാജേഷ് എം പി ചൂണ്ടിക്കാട്ടി