നിയമം ലംഘിച്ച് കെട്ടിട നിര്‍മാണവും വയല്‍ നികത്തലും വ്യാപകം

Posted on: March 14, 2013 9:13 am | Last updated: March 14, 2013 at 9:13 am
SHARE

മാവൂര്‍: കേരള നദീതീര സംരക്ഷണ നിയമത്തിന് വിരുദ്ധമായി നദീതീരത്ത് കെട്ടിടം നിര്‍മിക്കലും പുഴയോരവും നീര്‍ത്തടങ്ങളും മണ്ണിട്ട് നികത്തലും വ്യാപകമാകുന്നു. മാവൂര്‍ – തെങ്ങിലക്കടവ് ചെറുപുഴ തീരത്താണ് ഈ രീതിയില്‍ കെട്ടിട നിര്‍മാണം തകൃതിയായി നടക്കുന്നത്.
കെട്ടിട നിര്‍മാണം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന ഇവിടെ ചെറുപുഴയിലേക്ക് ഇറങ്ങിച്ചെല്ലുന്നതിനായ് പുഴയോരത്ത് കോണ്‍ക്രീറ്റ് കല്‍പടവുകള്‍ വരെ നിര്‍മിച്ചിട്ടുണ്ട്. വര്‍ഷക്കാലത്ത് വെള്ളമുയരുന്ന സ്ഥലമാണിത്. ഈ കെട്ടിടത്തിന്റെ ഏതാനും മീറ്റര്‍ അകലെ മറ്റൊരു കെട്ടിടത്തിന്റെയും നിര്‍മാണവും പുരോഗമിക്കുകയാണ്.
ഇതിന്റെ തൊട്ടടുത്തുള്ള പുഴയോരത്താണ് ഇപ്പോള്‍ മണ്ണിട്ട് നികത്തല്‍ വ്യാപകമായത്. അവധി ദിവസങ്ങളിലാണ് മണ്ണിട്ട് നികത്തല്‍ കൂടുതലായി നടക്കുന്നത്. ഇതിന് പുറമെ ഊര്‍ക്കടവില്‍ ചാലിയാറിന് സമീപത്തെ നീര്‍ത്തടവും മണ്ണിട്ട് നികത്തുന്നത് തകൃതിയാണ്. ഇത്തരം പ്രവൃത്തികള്‍ക്ക് അധികൃതര്‍ കൂട്ട് നില്‍ക്കുന്നതായി നാട്ടുകാര്‍ പരാതിപ്പെടുന്നു. ഊര്‍ക്കടവ്- കായലം-പള്ളിത്താഴം -കണ്ണിപ്പറമ്പ് – മുഴാപ്പാലം, സങ്കേതം, തെങ്ങിലക്കടവ് കല്‍പ്പള്ളി, കുറ്റിക്കടവ്, ചെട്ടിക്കടവ് തുടങ്ങിയ പ്രദേശത്തെ നീര്‍ത്തടവും വയലുകളും ഇതേ രീതിയില്‍ മണ്ണിട്ട് നികത്തിയ നിലയിലാണ്. പരിസ്ഥിതി ദുര്‍ബലപ്രദേശങ്ങളായ മാവൂര്‍, പെരുവയല്‍, ചാത്തമംഗലം, പെരുമണ്ണ പഞ്ചായത്തുകളിലെ വിവിധ പ്രദേശത്തുള്ള കുന്നുകള്‍ ഇടിച്ചുനിരത്തിയാണ് ഇവിടങ്ങളില്‍ മണ്ണിട്ട് നികത്തുന്നത്.
ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്ന ഇത്തരം പ്രവൃത്തികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്.