Connect with us

Ongoing News

സംസ്ഥാന ബജറ്റ് അവതരണം തുടങ്ങി

Published

|

Last Updated

തിരുവനന്തപുരം:അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള സംസ്ഥാന ബജറ്റ് ധനമന്ത്രി കെ എം മാണി ഇന്ന്‌  സഭയില്‍ അവതരിപ്പിക്കും. കെ എം മാണിയുടെ 11-ാമത്തെയും ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ മൂന്നാമത്തെയും ബജറ്റ് ആണ് ഇന്ന്‌  അവതരിപ്പിക്കുന്നത്.  ഡല്‍ഹി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ബജറ്റില്‍ വനിതാക്ഷേമ പദ്ധതികള്‍ പ്രഖ്യാപിച്ചതിന്റെ ചുവട് പിടിച്ച് സംസ്ഥാന ബജറ്റിലും സമാന നിര്‍ദേശങ്ങളുണ്ടാകുമെന്നാണ് വിലയിരുത്തല്‍. കാര്‍ഷിക മേഖലയുടെ ആധുനീകരണത്തിനുള്ള പ്രഖ്യാപനങ്ങളും ബജറ്റിലുണ്ടാകും.

കേന്ദ്രനികുതി വിഹിതം കുറഞ്ഞ പശ്ചാത്തലത്തില്‍ വരുമാനം വര്‍ധിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍ ആരായുമെന്ന് ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍, പുതിയ നികുതി നിര്‍ദേശങ്ങള്‍ ബജറ്റ് മുന്നോട്ടുവെക്കുമെന്നാണ് സൂചന. ഡീസല്‍ സബ്‌സിഡി പിന്‍വലിച്ചതിനെ തുടര്‍ന്ന് പ്രതിസന്ധി നേരിടുന്ന കെ എസ് ആര്‍ ടി സിയെ രക്ഷിക്കാനുള്ള നിര്‍ദേശങ്ങളും ബജറ്റ് മുന്നോട്ടുവെക്കും.
ഒരു മാസമായി മസ്‌ക്കറ്റ് ഹോട്ടലിലും കോവളം ഗസ്റ്റ് ഹൗസിലുമായി ബജറ്റിന്റെ പണിപ്പുരയിലാണ് ധനമന്ത്രി കെ എം മാണി. ബജറ്റ് രേഖകള്‍ക്ക് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയതോടെ ബജറ്റ് പ്രസംഗം തയ്യാറാക്കി വരികയാണ്.
k.m maniവിദ്യാഭ്യാസ മേഖലയിലും നൂതന പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിക്കുമെന്നാണ് വിവരം. സര്‍ക്കാര്‍ സ്‌കൂളുകളുടെയും അധ്യാപകരുടെയും നിലവാരം ഉയര്‍ത്താന്‍ പദ്ധതികളുണ്ടാകും.
ധനകാര്യ അച്ചടക്കം അനുസരിച്ച് റവന്യൂ കമ്മിയും ധനക്കമ്മിയും കുറക്കാന്‍ നടപടിയുണ്ടാകുമെന്ന് മന്ത്രി മാണി പറഞ്ഞു. കേന്ദ്ര നികുതി വിഹിതം കുറയുകയാണ്. സര്‍ക്കാര്‍ ചെലവ് ചുരുക്കുകയും വരുമാന മാര്‍ഗങ്ങള്‍ വര്‍ധിപ്പിക്കുകയുമല്ലാതെ മാര്‍ഗമില്ല. ഓരോ കാലഘട്ടത്തിലെയും ബജറ്റ് അതത് കാലത്തെ ആവശ്യങ്ങള്‍ക്കനുസരിച്ചാണ്. വികസന ആവശ്യങ്ങള്‍ക്ക് ഫണ്ട് കണ്ടെത്തുകയും വേണം, കമ്മി കുറക്കുകയും വേണം. അതില്‍ വിജയിച്ചിട്ടുണ്ടെന്നാണ് വിശ്വാസമെന്നും മാണി പറഞ്ഞു.
ബജറ്റ് അവതരിപ്പിച്ചു കഴിഞ്ഞാല്‍ 18 മുതല്‍ 20 വരെ ബജറ്റിനെക്കുറിച്ചുള്ള പൊതു ചര്‍ച്ചയും 21ന് വോട്ട് ഓണ്‍ അക്കൗണ്ട് ചര്‍ച്ചയും വോട്ടെടുപ്പും നടക്കും. അനൗദ്യോഗിക ബില്ലുകളുടെ അവതരണാനുമതിക്കുള്ള പ്രമേയങ്ങള്‍ 22ന് പരിഗണിക്കും. 25ന് ബില്ലുകളുടെ അവതരണവും ചര്‍ച്ചയും. 26ന് ബില്ലുകളുടെ അവതരണവും 2013ലെ കേരള ധനവിനിയോഗ (വോട്ട് ഓണ്‍ അക്കൗണ്ട്) ബില്ലും സഭ പരിഗണിക്കും. 27 മുതല്‍ 31 വരെ സഭ ചേരുന്നില്ല. ഏപ്രില്‍ ഒന്നിന് സഭ വീണ്ടും ചേരും. ഒന്ന് മുതല്‍ നാല് വരെയും എട്ട് മുതല്‍ പത്ത് വരെയും വിവിധ ബില്ലുകള്‍ പരിഗണിക്കും. അഞ്ചാം തീയതി അനൗദ്യോഗിക പ്രമേയങ്ങള്‍ പരിഗണിക്കും. ഈ സമ്മേളനത്തില്‍ അവതരിപ്പിക്കുന്നതിനുള്ള ബില്ലുകള്‍ ഏതെല്ലാമാണെന്ന് 19ന് ചേരുന്ന കാര്യോപദേശക സമിതി തീരുമാനിക്കും.