ഷോപ്പിംഗ് വിസ്മയം കണ്‍തുറന്നു

Posted on: March 11, 2013 10:39 am | Last updated: March 12, 2013 at 3:35 pm
SHARE

4053408224കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് കേന്ദ്രമായ ലുലു മാള്‍ എറണാകുളം ഇടപ്പള്ളിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. കേന്ദ്രമന്ത്രിമാരും യു എ ഇ മന്ത്രിയും സംസ്ഥാന മന്ത്രിമാരും ജനപ്രതിനിധികളും വാണിജ്യ വ്യവസായ രംഗങ്ങളിലെ പ്രമുഖരും സന്നിഹിതരായ ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മാളിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
കൊച്ചിയില്‍ ലുലു മാള്‍ യാഥാര്‍ഥ്യമാക്കിയ എം എ യൂസുഫലിയുടെ നേട്ടം നമ്മള്‍ ഓരോരുത്തരോടുമുള്ള വെല്ലുവിളിയാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ഉമ്മന്‍ചാണ്ടി പറഞ്ഞു. ലോകനിരവാരത്തിലുള്ള സൗകര്യങ്ങള്‍ യൂസുഫലി ഇവിടെ ഒരുക്കിക്കഴിഞ്ഞു. അതിനു സമാനമായ അടിസ്ഥാന സൗകര്യങ്ങള്‍ നമുക്ക് ഒരുക്കാന്‍ സാധിക്കുമോ എന്നത് ഒരു വെല്ലുവിളിയായി ഏറ്റെടുത്തുകൊണ്ട് നമ്മള്‍ നടത്തേണ്ടിയിരിക്കുന്നു. യൂസുഫലിക്കും അദ്ദേഹത്തിന്റെ കമ്പനിക്കും മാത്രമല്ല, കേരളത്തിന് തന്നെ ഇത് അഭിമാനത്തിന്റെ അവസരമാണ്. മുഖ്യമന്ത്രി പറഞ്ഞു.
വാണിജ്യ രംഗം പോലെ തന്നെ വ്യവസായ രംഗത്തും കൂടുതല്‍ സംരംഭങ്ങള്‍ തുടങ്ങാനും തൊഴിലവസരം സൃഷ്ടിക്കാനും യൂസുഫലി തയ്യാറാകണമെന്ന് വി എസ് അഭ്യര്‍ഥിച്ചു. അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന കൊച്ചി നഗരത്തെ ലുലു മാള്‍ കൊണ്ട് യൂസഫലി തിലകക്കുറിയണിയിച്ചിരിക്കയാണെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവി പറഞ്ഞു.
തങ്ങളിലൊരാളായാണ് യൂസുഫലിയെ യു എ ഇ സര്‍ക്കാര്‍ കാണുന്നതെന്നും അദ്ദേഹത്തിന്റെ നേട്ടങ്ങളില്‍ അഭിമാനമുണ്ടെന്നും മാളിന്റെ മാന്വല്‍ പുറത്തിറക്കിക്കൊണ്ട് യു എ ഇ ഡെപ്യൂട്ടി ഫോറിന്‍ ട്രേഡ്‌സ് മന്ത്രി ഹിസ് എക്‌സലന്‍സി അബ്ദുല്ല അല്‍ സാലേ പറഞ്ഞു.
5000 പേര്‍ക്ക് പ്രത്യക്ഷമായും 20,000 പേര്‍ക്ക് പരോക്ഷമായും ലുലു മാളില്‍ ജോലി ലഭിക്കുമെന്ന് ചടങ്ങില്‍ സ്വാഗതമാശംസിച്ച ലുലു ഗ്രൂപ്പ് എം ഡി പത്മശ്രീ എം എ യൂസുഫലി പറഞ്ഞു. മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, വി കെ ഇബ്‌റാഹിം കുഞ്ഞ്, കെ സി ജോസഫ്, രമേശ് ചെന്നിത്തല, കോടിയേരി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.