ജിമ്മി ജോര്‍ജ് വോളിബോള്‍ ടൂര്‍ണമെന്റ് 12ന് തുടങ്ങും

Posted on: March 10, 2013 4:55 pm | Last updated: March 10, 2013 at 4:55 pm
SHARE

volleyballഅബുദാബി: ഇന്ത്യന്‍ വോളിബോള്‍ ഇതിഹാസ താരമായിരുന്ന ജിമ്മി ജോര്‍ജിന്റെ സ്മരണക്കായി കേരള സോഷ്യല്‍ സെന്റര്‍ ആതിഥ്യമരുളുന്ന 18-ാമത് ജിമ്മി ജോര്‍ജ് യു എ ഇ എക്‌സ്‌ചേഞ്ച് ഓവറോള്‍ ട്രോഫി വോളിബോള്‍ ടൂര്‍ണമെന്റ് ഈ മാസം 12 മുതല്‍ 16 വരെ മുറൂര്‍ റോഡിലുള്ള അല്‍ ജസീറ ക്ലബ്ബ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

നിരവധി അന്യരാഷ്ട്ര താരങ്ങളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമാകാറുള്ള മത്സരത്തില്‍ ഈ വര്‍ഷം ഇന്ത്യ, അമേരിക്ക, ഇറാന്‍, യു എ ഇ, ഈജിപ്ത്,, ലബനന്‍ തുടങ്ങി ഗള്‍ഫ് നാടുകളില്‍ നിന്നുള്ള രാജ്യാന്തര കളിക്കാര്‍ അണിനിരക്കും. മത്സരത്തിന്റെ മാറ്റുകൂട്ടാന്‍ ഈ വര്‍ഷം പ്രൈസ് മണി ഒന്നാം സ്ഥാനക്കാര്‍ക്ക് 20,000 ദിര്‍ഹമും രണ്ടാം സ്ഥാനത്തിന് 15,000 ദിര്‍ഹമും നല്‍കുമെന്ന് കെ എസ് സി പ്രസിഡന്റ് കെ ബി മുരളി പറഞ്ഞു. ആറ് ടീമുകള്‍ മാറ്റുരക്കുന്ന മത്സരത്തില്‍ പൂള്‍ എയില്‍ എന്‍ എം സി ഹോസ്പിറ്റല്‍, അഡ്‌കോ ബനിയാസ് സ്‌പോര്‍ട്‌സ് ക്ലബ്ബ്, പൂള്‍ ബിയില്‍ എല്‍ എല്‍ എച്ച് ഹോസ്പിറ്റല്‍, ഓഷ്യന്‍ എയര്‍ ട്രാവല്‍സ്, എന്‍ ഡി സി എന്നീ ടീമുകളാണ് മാറ്റുരക്കുന്നത്.

നിലവിലെ ചാമ്പ്യന്മാരായ ഓഷ്യന്‍ ട്രാവല്‍സ് ടീമില്‍ ക്യാപ്റ്റന്‍ ഉള്‍പ്പെടെ ആറ് ഇറാന്‍ കളിക്കാരും അര്‍ജുനാ അവാര്‍ഡ് ജേതാവും ഇന്ത്യന്‍ ക്യാപ്റ്റനുമായ സൈമണും കളിക്കുന്നുണ്ട്. എന്‍ എം സി ടീമില്‍ ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ ടോം ജോസഫ്, അന്താരാഷ്ട്ര താരങ്ങളായ കബില്‍ദേവ്, പ്രഭാകര്‍ കാക്ക എന്നിവരടക്കം കളിക്കുന്നു. പ്രവേശനം സൗജന്യമായിരിക്കും. വൈ സുധീര്‍കുമാര്‍ ഷെട്ടി, ബാബു, അഡ്വ. അന്‍സാരി, ഫസലുദ്ദീന്‍, എം എം ജോഷി, കെ കെ ഷഫീര്‍, വി എ അബ്ദുല്‍ ഖാദര്‍ സംബന്ധിച്ചു.