Connect with us

International

ഈജിപ്ത് ഫുട്‌ബോള്‍ കലാപം: പ്രതികളുടെ വധശിക്ഷ കോടതി ശരിവെച്ചു

Published

|

Last Updated

കൈറോ: കഴിഞ്ഞ വര്‍ഷം കൈറോയില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെയുണ്ടായ കലാപത്തിലെ മുഖ്യപ്രതികളുടെ വധശിക്ഷ മേല്‍ക്കോടതി ശരിവെച്ചു. ഇരുപത്തിയൊന്ന് പ്രതികളുടെ വധശിക്ഷയാണ് കോടതി ശരിവെച്ചത്. അതേസമയം കുറ്റക്കാരെന്ന് ആരോപിക്കപ്പെട്ട ഏഴ് പോലീസ് ഉദ്യോഗസ്ഥരെ കോടതി വെറുതെവിട്ടു. കോടതി നടപടിയില്‍ പ്രതിഷേധിച്ച് ഫുട്‌ബോള്‍ ആരാധകര്‍ കൈറോയില്‍ പ്രക്ഷോഭമാരംഭിച്ചു. പോര്‍ട്ട് സെയ്ദില്‍ നിന്നുള്ളവരാണ് വധശിക്ഷ ലഭിച്ച ഇരുപത്തിയൊന്ന് പേരും.
ജനുവരി 28നാണ് ഇവര്‍ക്ക് കോടതി വധശിക്ഷ വിധിച്ചത്. ഇതേത്തുടര്‍ന്ന് രാജ്യത്ത് വീണ്ടുമാരംഭിച്ച പ്രക്ഷോഭത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടിരുന്നു. 2012 ഫെബ്രുവരിയില്‍ പോര്‍ട്ട് സെയ്ദിലെ സ്റ്റേഡിയത്തില്‍ അല്‍ അഹ്‌ലി ക്ലബും അല്‍ മസ്‌റിയും തമ്മിലുള്ള മത്സരത്തിനിടെയാണ് കലാപം നടന്നത്. 74 പേര്‍ കലാപത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇവരില്‍ ഭൂരിപക്ഷവും അല്‍ അഹ്‌ലിയുടെ ആരാധകരായിരുന്നു. കലാപത്തെ തുടര്‍ന്ന് രണ്ട് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ കോടതി 15 വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. കലാപം നടക്കുമ്പോള്‍ ആളുകള്‍ക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കാതെ സ്റ്റേഡിയത്തിന്റെ ഗേറ്റുകള്‍ അടച്ചുപൂട്ടിയ കുറ്റത്തിനും കലാപം നിയന്ത്രിക്കാന്‍ ശ്രമിക്കാതിരുന്നുവെന്ന കുറ്റത്തിനുമാണ് തടവ്. സ്റ്റേഡയത്തില്‍ ആവശ്യത്തിന് പോലീസുകാരുണ്ടായിരുന്നിട്ടും കലാപം അവസാനിപ്പിക്കാന്‍ ഇവര്‍ ഇടപെട്ടില്ലെന്ന് ദൃക്‌സാക്ഷികള്‍ കോടതിയില്‍ മൊഴി നല്‍കിയിരുന്നു. വധശിക്ഷ ശരിവെച്ചതിനെ തുടര്‍ന്ന് അല്‍ അഹ്‌ലിയുടെ ആരാധകര്‍ കൈറോയിലെ റോഡ് ഉപരോധിച്ചു. തലസ്ഥാന നഗരിയിലെ ഏറ്റവും തിരക്കേറിയ ഒക്‌ടോബര്‍ ബ്രിഡ്ജ് പ്രക്ഷോഭകര്‍ ഉപരോധിച്ചു. കുറ്റക്കാരായ പോലീസുകാരെയും ശിക്ഷിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രക്ഷോഭം. നേരത്തെ വധശിക്ഷ ശരിവെച്ച കോടതിക്ക് പുറത്ത് കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ ബഹളം വെച്ചത് സംഘര്‍ഷത്തിനിടയാക്കി. വിധിക്ക് പിറകെ സര്‍ക്കാര്‍ മന്ദിരങ്ങളിലേക്ക് ഇവര്‍ പ്രതിഷേധ പ്രകടനം നടത്തി. സര്‍ക്കാറില്‍ നിര്‍ണായക സ്വാധീനമുള്ള അല്‍ അഹ്‌ലി ഫുട്‌ബോള്‍ ക്ലബ്ബിന് വേണ്ടി അധികൃതര്‍ ഒത്തുകളിക്കുകയാണെന്നാണ് ഇവരുടെ ആരോപണം.