Connect with us

Malappuram

ആനക്കലി: ചോക്കാട് മലവാരത്തില്‍ വനം വകുപ്പ് കിടങ്ങ് നിര്‍മിക്കും

Published

|

Last Updated

കാളികാവ്: ചോക്കാട് നാല്‍പത് സെന്റ് ഗിരിജന്‍ കോളനിയോട് ചേര്‍ന്ന് മലവാരത്തില്‍ വനം വകുപ്പ് കിടങ്ങ് നിര്‍മിക്കുന്നു. ഇന്നലെ നിലമ്പൂര്‍ ഡി എഫ് ഒയും സംഘവും സ്ഥലം സന്ദര്‍ശിച്ച് സ്ഥലം അളന്നു തിട്ടപ്പെടുത്തി. മലവാരത്തില്‍ സംരക്ഷണ മതിലിനോട് ചേര്‍ന്ന 225 മീറ്ററോളം കിടങ്ങ് നിര്‍മ്മിക്കാനും, പഴയ 400 മീറ്ററോളം വരുന്ന കിടങ്ങ് വൃത്തിയാക്കാനുമാണ് വനം വകുപ്പിന്റെ തീരുമാനം.
14 ലക്ഷം രൂപ ചിലവിലാണ് കിടങ്ങ് നിര്‍മ്മിക്കുക. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഉടന്‍ കിടങ്ങ് നിര്‍മ്മാണം നടത്താനാണ് വനം വകുപ്പ് തീരുമാനം.സംരക്ഷണ മതില്‍ മറികടന്നും തകര്‍ത്തും കാട്ടാനകള്‍ നാല്‍പത് സെന്റ് പരിസരങ്ങളില്‍ നാശം വിതച്ചിരുന്നു. മതിലിന്റെ അറ്റത്ത് കൂടിയും കാട്ടാനകള്‍ ചോക്കാട് വനമേഘലയില്‍ നിന്ന് നാട്ടിലേക്കിറങ്ങിയിരുന്നു.
കൊട്ടന്‍ ചോക്കാടന്‍ മലവാരത്തോട് ചേര്‍ന്ന നെല്ലിക്കര മലവാരത്തില്‍ അടുത്തിടെ തോട്ടം കവല്‍കാരനെ കാട്ടാന അക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. മേഘലയില്‍ ആയിരങ്ങളുടെ കൃഷി നാശമാണ് ദിനം പ്രതി കാട്ടാനകള്‍ വരുത്തുന്നത്. കാട്ടുപന്നികളുടെ അക്രമണവും മേഘലയില്‍ അധികരിച്ചിട്ടുണ്ട്. ഇതിന് പുറമെ ഇത്തവണ പുലിയുടെ അക്രമണം കൂടി ചോക്കാട് മലവാരത്തോട് ചേര്‍ന്ന പ്രദേശങ്ങളില്‍ ഉണ്ടായിരുന്നു.
നിരവധി വളര്‍ത്തുമൃഗങ്ങളെയാണ് പുലിയുടെ അക്രമണത്തില്‍ നാട്ടുകാര്‍ക്ക് നഷ്ടമായത്. കാട്ടുമൃഗങ്ങളുടെ അക്രമണത്തില്‍ കര്‍ഷകര്‍ക്ക് നാമ മാത്രമായ നഷ്ടപരിഹാരമാണ് സര്‍ക്കാര്‍ നല്‍കുന്നത്.നാട്ടുകാരുടേയും കര്‍ഷകരുടേയും നിരന്തര മുറവിളിക്കൊടുവിലാണ് ചോക്കാട് മലവാരത്തോട് ചേര്‍ന്ന് സംരക്ഷണ മതില്‍ നിര്‍മിച്ചത്.
മതിലിന് ഒന്നര കിലോമീറ്റര്‍ മാത്രം നീളമുള്ളതിനാല്‍ രണ്ടറ്റത്ത് കൂടി കാട്ടാനകള്‍ നാല് കിലോമീറ്ററോളം ദൂരത്തില്‍ നാട്ടിലേക്കിറങ്ങുന്നു. നാട്ടിലേക്കിറങ്ങിയ കാട്ടാനകള്‍ പലപ്പോഴും സംരക്ഷണമതില്‍ കാരണം കാട്ടിലേക്ക് തന്നെ തിരിച്ച് പോകാന്‍ കഴിയാതെ പകല്‍ സമയത്തും കോളനിയുടെ പരിസരത്ത് തമ്പടിക്കുന്നതും പതിവാകുന്നു. കുറേ നാളുകളായി മാധ്യമ പ്രവര്‍ത്തകരുടെ ഇടപെടലും അധികൃതരുടെ കണ്ണ് തുറപ്പിക്കാന്‍ കാരണമായിട്ടുണ്ട്.
ചോക്കാട് പഞ്ചായത്ത് അംഗം പൈനാട്ടില്‍ അഷ്‌റഫിന്റെ നിരന്തര സമ്മര്‍ദ്ദവും സ്ഥലം സന്ദര്‍ശ്ശിക്കാനും നടപടി തുടങ്ങാനും തീരുമാനമായി. ഇന്നലെ നിലമ്പൂര്‍ സൗത്ത് ഡി എഫ് ഒ. സി വി രാജന്‍, കാളികാവ് ഫോറസ്റ്റ് റെയ്ഞ്ചര്‍ സജികുമാര്‍ രായിരോത്ത്, ഗാര്‍ഡുമാരയ സന്തോഷ്, രാജേഷ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.