കാറ്റില്‍ അരീക്കോട്ടും കീഴുപറമ്പിലും കൃഷിനാശം; 45 ലക്ഷം രൂപയുടെ നഷ്ടം

Posted on: March 9, 2013 1:26 am | Last updated: March 9, 2013 at 1:26 am
SHARE

അരീക്കോട്: കഴിഞ്ഞ ദിവസം അരീക്കോട,് കീഴുപറമ്പ് പഞ്ചായത്തുകളിലുണ്ടായ ശക്തമായ കാറ്റില്‍ 45 ലക്ഷം രൂപയുടെ കൃഷിനാശം സംഭവിച്ചതായി ഏറനാട് തഹസില്‍ദാര്‍. കാറ്റിനെ തുടര്‍ന്ന് ഇരു പഞ്ചായത്തുകളിലുമുണ്ടായ നാശ നഷ്ടം കണക്കുന്നതിന്റെ ഭാഗമായി ഏറനാട് തഹസില്‍ദാര്‍ സ്‌കറിയ സ്ഥലം സന്ദര്‍ശിച്ചു. കൃഷി നാശം സംബന്ധിച്ച് കൂടുതല്‍ പരിശോധന വരുംദിവസങ്ങളില്‍ നടത്തും.
കുലച്ച് മൂപ്പെത്താത്ത പന്ത്രണ്ടായിരത്തിലധികം വാഴകളാണ് ഇരുപഞ്ചായത്തുകളിലുമായി നശിച്ചത്. കീഴുപറമ്പില്‍ ഒരു വീട് പൂര്‍ണ്ണമായും രണ്ട് വീടുകള്‍ക്ക് ഭാഗികമായും നശിച്ചിട്ടുണ്ട്. അയ്യായിരത്തോളം വാഴകളാണ് ഇവിടെ നശിച്ചത്. ഇരുപത് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. അരീക്കോട് പഞ്ചായത്തില്‍ 25 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. 5 ഏക്കര്‍ വരുന്ന കൃഷിഭൂമിയിലെ കപ്പയും ആറായിരത്തോളം വാഴകളുമാണ് നശിച്ചത്. കാരിപറമ്പ്, വലിയകല്ലിങ്ങല്‍ പ്രദേശങ്ങളിലാണ് കൃഷിനാശം കൂടുതല്‍. കൂട്ടുകൃഷി സംരംഭങ്ങളാണ് നശിച്ചവയില്‍ ഏറെയും. ചീക്കോട്, വാഴക്കാട് പഞ്ചായത്തുകളിലും വ്യാപകമായി കൃഷി നശിച്ചിട്ടുണ്ട്.