Connect with us

International

ഉസാമ ബിന്‍ലാദന്റെ മരുമകന്‍ യു എസ് കസ്റ്റഡിയില്‍; കോടതിയില്‍ ഹാജരാക്കി

Published

|

Last Updated

വാഷിംഗ്ടണ്‍: ഉസാമ ബിന്‍ലാദന്റെ മകളുടെ ഭര്‍ത്താവും അല്‍ഖാഇദ വക്താവുമായ സുലൈമാന്‍ അബു ഖൈത് യു എസ് കസ്റ്റഡിയില്‍. ഖൈത്തിനെ കോടതിയില്‍ ഹാജരാക്കി. കുവൈത്തിലേക്കുള്ള യാത്രക്കിടെ കഴിഞ്ഞയാഴ്ച ജോര്‍ദാനില്‍വെച്ചാണ് ഖൈത്തിനെ യു എസ് സൈന്യം അറസ്റ്റ് ചെയ്തത്. എന്നാല്‍ വാര്‍ത്ത ഇന്നലെയാണ് യു എസ് പുറത്തുവിട്ടത്. യു എസ് പൗരന്‍മാരെ കൊലപ്പെടുത്തിയ കേസില്‍ മന്‍ഹട്ടന്‍ കോടതിയില്‍ വെച്ച് ഖൈത്തിനെ വിചാരണ ചെയ്യുകയാണ്. 2001ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തില്‍ പങ്കെടുത്തയാളാണ് ഖൈത്തെന്ന് യു എസ് ആരോപിക്കുന്നു. കോടതി നടപടികള്‍ക്ക് ശേഷം ഖൈത്തിനെ ഗോണ്ട്വാനമോ തടവറയിലേക്ക് കൊണ്ടുപോകാനാണ് തീരുമാനം.
അതിനിടെ, വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് ഖൈത്ത് കോടതിയെ അറിയിച്ചതായി യു എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ആക്രമണവുമായി ഖൈത്തിന് ബന്ധമുണ്ടെന്നും അല്‍ഖാഇദയുടെ പ്രധാന വക്താക്കളിലൊരാളായ ഖൈത്ത് യു എസിലെ സാധാരണക്കാരായ ജനങ്ങളെ കൊലപ്പെടുത്തിയ ഭീകരവാദ ആക്രമണങ്ങളില്‍ വ്യക്തമായ പങ്ക് വഹിച്ചിട്ടുണ്ടെന്നും എഫ് ബി ഐ അസിസ്റ്റന്റ് ഡയറക്ടര്‍ ആരോപിച്ചു. വേള്‍ഡ് ട്രേഡ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ വേണ്ടി അല്‍ഖാഇദ പുറത്തിറക്കിയ വീഡിയോ ദൃശ്യത്തില്‍ അയ്മാന്‍ സവാഹിരിക്കും ഉസാമ ബിന്‍ലാദനുമൊപ്പം ഖൈത് പങ്കെടുത്തിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest