കടുവയെ തൃശൂര്‍ മൃഗശാലയിലെത്തിച്ചു

Posted on: March 8, 2013 4:14 pm | Last updated: March 8, 2013 at 4:14 pm
SHARE

കല്‍പ്പറ്റ: പൂതാടി പഞ്ചായത്തിലെ വാകേരി മൂടക്കൊല്ലി ഭാഗത്ത് നിന്നും പിടികൂടിയ കടുവയെ തൃശൂര്‍ മൃഗശാലയിലെത്തിച്ചു. ഇന്നലെ രാവിലെ കടുവയെ മൃഗശാലയിലെ കൂട്ടിനുള്ളിലാക്കി. രാത്രി വൈകി കടുവയെയും വഹിച്ചുകൊണ്ടുപോയ വാഹനം വിവിധ സ്ഥലങ്ങളില്‍ നാട്ടുകാര്‍ തടഞ്ഞിരുന്നു. കടുവയെ കാട്ടില്‍ ഇറക്കിവിടുമെന്ന ഭയം മൂലം പാപ്ലശ്ശേരി, പാമ്പ്ര ഭാഗങ്ങളില്‍ നാട്ടുകാര്‍ സംഘടിച്ച് ബഹളമുണ്ടാക്കിയിരുന്നു. എന്നാല്‍ കടുവയെ തൃശ്ശൂര്‍ മൃഗശാലയില്‍ കൊണ്ടുപോകുകയാണെന്നും സംശയമുള്ളവര്‍ക്ക് വാഹനത്തില്‍ കയറാമെന്നും അധികൃതര്‍ ഉറപ്പുനല്‍കുകയായിരുന്നു. മിക്കയിടത്തും സംഘര്‍ഷാവസ്ഥ നിലനിന്നെങ്കിലും ഉദ്യോഗസ്ഥരുടെ അവസരോചിതമായ ഇടപെടല്‍ മൂലം പ്രശ്‌നത്തിന് അയവ് വരുകയായിരുന്നു.
അതേസമയം, കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വാകേരി സി സി സ്വദേശി കുട്ടിരാമന്‍മൂപ്പന്റെ മകന്‍ കറത്തന്‍കാല വാസു(25)വിന്റെ നില ഗുരുതരമായി തുടരുകയാണ്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിതവിഭാഗത്തില്‍ കഴിയുന്ന വാസുവിനെ കാണാന്‍ ബന്ധുക്കളെയോ സന്ദര്‍ശകരെയോ ഇതുവരെ അനുവദിച്ചിട്ടില്ല. വാസുവിന്റെ നിലവിലെ സ്ഥിതിയും ഇതുവരെ ആശപത്രി അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. കടുവയുടെ ചിത്രം പകര്‍ത്തുന്നതിനിടെ പരിക്കേറ്റ വാകേരി താഴത്തങ്ങാടി പുളിമുട്ടീല്‍ രവീന്ദ്രന്റെ മകന്‍ ബിനു (35) അപകടനില തരണം ചെയ്ത് കഴിഞ്ഞു. കടുവയുടെ ആക്രമണത്തില്‍ ബിനുവിന്റെ ചെവിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കടുവയെ കാണിക്കണമെന്ന ആവശ്യത്തെ തുടര്‍ന്ന് നാട്ടുകാരും പോലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും തമ്മിലുണ്ടായ സംഘട്ടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. പോലിസിന്റെയും ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെയും കൃത്യനിര്‍വഹണത്തിന് തടസ്സം നിന്നവര്‍ക്കെതിരെ കേസെടുക്കാന്‍ സാധ്യതയുണ്ട്. സംഘട്ടനത്തിന്റെ ദൃശ്യങ്ങള്‍ പോലിസ് ക്യാമറയില്‍ പകര്‍ത്തിയിരുന്നു. ഇത് പരിശോധിച്ച ശേഷം ആക്രമണത്തിന് നേതൃത്വം നല്‍കിയവര്‍ക്കെതിരെ നടപടി സ്വീകരിക്കാനാണ് സാധ്യത. നാട്ടുകാരുടെ ഭാഗത്ത് നിന്നുണ്ടായ ആക്രമണത്തില്‍ മാനന്തവാടി പൊലീസ് സ്റ്റേഷനിലെ ഒരു ജീപ്പും വനംവകുപ്പിന്റെ രണ്ട് വാഹനങ്ങളുടെ ചില്ലുകളും തകര്‍ന്നിരുന്നു.