റെയില്‍വേ പോലീസിന്റെ കസ്റ്റഡിയില്‍ നിന്ന് മുങ്ങി

Posted on: March 8, 2013 4:10 pm | Last updated: March 8, 2013 at 4:10 pm
SHARE

ഷൊര്‍ണൂര്‍: റെയില്‍വേ സുരക്ഷാ പോലീസ് അധികൃതര്‍ പിടികൂടിയ ക്രിമിനല്‍ കേസുകളിലെ പ്രതിയായ യുവാവ് കസ്റ്റഡിയില്‍നിന്നും രക്ഷപ്പെട്ടു. മലപ്പുറം നിലമ്പൂര്‍ എടവണ്ണ മുത്താരംകുന്ന് വീട്ടില്‍ ഷമീര്‍ (21) ആണ് ഇന്നലെ പുലര്‍ച്ചെ രണ്ടിന് ആര്‍പിഎഫ് അധികൃതരെ വെട്ടിച്ച് കടന്നുകളഞ്ഞത്.
തീവണ്ടികളില്‍ സ്ഥിരമായി മോഷണം നടത്തുകയും റെയില്‍വേ സ്‌റ്റേഷന്‍ കേന്ദ്രീകരിച്ച് കവര്‍ച്ചകള്‍ നടത്തുകയും ചെയ്ത് പോലീസിനെ വെട്ടിച്ച് മുങ്ങിനടക്കുന്നയാളാണ് പ്രതി. കഴിഞ്ഞ ദിവസം കവര്‍ച്ചാ കേസുമായി ബന്ധപ്പെട്ട് മറ്റൊരു പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം മടങ്ങിവരുമ്പോള്‍ ആ പ്രതി ഷമീറിനെ കണ്ട് തിരിഞ്ഞുനോക്കുകയും പരിചയം ഭാവിക്കുകയും ചെയ്തത് ആര്‍പിഎഫ് എസ്‌ഐ ഉദയകുമാറിന്റെ ശ്രദ്ധയില്‍പ്പെട്ടു. സ്റ്റേഷനില്‍ എത്തിച്ചശേഷം ചോദ്യം ചെയ്തപ്പോഴാണ് കോഴിക്കോടും കാസര്‍ഗോഡും അടക്കമുള്ള നിരവധി കവര്‍ച്ചാ കേസുകളിലും ക്രിമിനല്‍ കേസുകളിലും ഷമീര്‍ പ്രതിയാണെന്നു തിരിച്ചറിഞ്ഞത്. ഷൊര്‍ണൂരിലെ ബാറില്‍ ആര്‍പിഎഫ് നടത്തിയ പരിശോധനയില്‍ ഷമീറിനെ കണ്ടെത്തി. ഇവിടെനിന്നും ആര്‍പിഎഫിനെ വെട്ടിച്ച് എട്ടടിയോളം ഉയരമുള്ള മതില്‍ ചാടിക്കടന്നു രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ സിനിമാ സ്റ്റൈലിലാണ് ആര്‍പിഎഫ് കീഴടക്കിയത്.
കസ്റ്റഡിയില്‍ സൂക്ഷിച്ച ഇയാളെ ചോദ്യം ചെയ്തു വരുന്നതിനിടെ ഇന്നലെ ഉച്ചക്ക് രണ്ടിന് ടോയ്‌ലറ്റില്‍ പോകണമെന്ന് ആവശ്യപ്പെട്ട് ഉദ്യോഗസ്ഥരെ വെട്ടിച്ച് ഓടിരക്ഷപ്പെടുകയായിരുന്നു. പ്രതിയ്ക്കു വേണ്ടി തെരച്ചില്‍ വ്യാപകമാക്കിയതായി ആര്‍പിഎഫ് എസ്‌ഐ അറിയിച്ചു.