Connect with us

Malappuram

തിരൂര്‍ പീഡനം:ജനക്കൂട്ടം അക്രമാസക്തരായി; ഡി വൈ എസ് പി ഓഫീസിന് നേരെ കല്ലേറ്

Published

|

Last Updated

തിരൂര്‍: തട്ടിക്കൊണ്ടുപോയി ബാലികയെ പീഡിപ്പിച്ച കേസിലെ പ്രതിയെ കാണാനായി തിരൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിസരത്ത് എത്തിയ ജനക്കൂട്ടം അക്രമാസക്തരായി. പ്രതിയെ വിട്ടുതരണമെന്ന് ആക്രോശിച്ച് ഡി വൈ എസ് പി ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ എറിഞ്ഞ് തകര്‍ത്തു.
ഇന്നലെ വൈകുന്നേരം അഞ്ചു മണിയോടെ പോലീസ് അറസ്റ്റു ചെയ്ത പ്രതിയെ പോലീസ് സ്‌റ്റേഷനില്‍ കൊണ്ടുവരുമെന്നറിഞ്ഞ് നൂറു കണക്കിന് പേരാണ് ഒഴുകിയെത്തിയത്. രാത്രി ഒമ്പത് മണിയോതോടെ സ്‌റ്റേഷന്‍ മുറ്റവും തൊട്ടടുത്തുള്ള റോഡും ജനസാഗരമായി. സ്‌റ്റേഷന്‍ പരിസരത്ത് ജനം തടിച്ചുകൂടിയതോടെ പ്രതിയെ കൊണ്ടുവരാന്‍ പോലീസിന് കഴിഞ്ഞില്ല. തുടര്‍ന്ന് മലപ്പുറത്ത് നിന്ന് സ്‌പെഷ്യല്‍ പോലീസിനെ എത്തിച്ച് ജനക്കൂട്ടത്തെ നിയന്ത്രിക്കുകയായിരുന്നു.
പോലീസ് വിരട്ടിയോടിച്ചെങ്കിലും പിരിഞ്ഞു പോകാന്‍ ജനം തയ്യാറായില്ല. പ്രതി പരപ്പനങ്ങാടി സ്വദേശി ജാസിമിനെ ആദ്യം കോട്ടക്കലിലെത്തിച്ച് ചോദ്യം ചെയ്തു. പൊലീസ് ക്വോര്‍ട്ടേഴ്‌സിലാണ് രണ്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യല്‍ നടന്നത്. രാത്രി ഒമ്പതിനാണ് കോട്ടക്കലില്‍ നിന്ന് തിരൂരിലേക്ക് കൊണ്ടു പോയത്. പ്രതിയേയും കൊണ്ട് പോലീസിന്റെ വാഹനം എത്തിയതോടെ പ്രതിക്ക് നേരെ കടുത്ത തെറിയഭിഷേകവും ആക്രോശവും നിറഞ്ഞു. ആള്‍ക്കൂടത്തിനിടയിലൂടെ പ്രതിയെ കൊണ്ടുപോകുന്നതിനിടെ പ്രതിക്ക് മര്‍ദനമേറ്റിട്ടുണ്ട്.
ഡി വൈ എസ് പി ഓഫീസില്‍ പ്രതിയെ എത്തിച്ചതോടെയാണ് ഓഫീസിന് പിറകിലുണ്ടായിരുന്ന ജനം കല്ലറിഞ്ഞത്. കല്ലേറില്‍ ജനല്‍ ചില്ലുകള്‍ പൂര്‍ണമായും തകര്‍ന്നു.
മാധ്യമ പ്രവര്‍ത്തകര്‍ക്കും പോലീസുകാര്‍ക്കും ഏറെ നേരം പുറത്തിറങ്ങാന്‍ പറ്റാത്ത സ്ഥിതിയായിരുന്നു. ഇയാളെ കാണാതെ പിരിഞ്ഞു പോകില്ലെന്ന് ആക്രോശിച്ചതോടെ പോലീസിന് പ്രതിയെ വീണ്ടും പുറത്തിറക്കേണ്ടി വന്നു. ഇതാദ്യമായാണ് തിരൂര്‍ പോലീസ് സ്‌റ്റേഷനില്‍ ഇത്രയധികം ജനം തടിച്ചുകൂടുന്നത്. രാത്രി വൈകിയും പോലീസ് സ്‌റ്റേഷന്‍ പരിസരത്ത് നിന്ന് പിരിഞ്ഞു പോകാന്‍ തയ്യാറാകാതെ ജനം കൂടി നില്‍ക്കുകയാണ്.