റോസമ്മയുടെ കരവിരുതില്‍ റോസാപ്പൂക്കളും പിന്നിലായേക്കും

Posted on: March 8, 2013 10:57 am | Last updated: March 8, 2013 at 10:58 am
SHARE

കുന്ദമംഗലം: ചക്കക്കുരുവിന്റെ തൊലി, ചോളത്തിന്റെ തുണ്ട്, വെളുത്തുള്ളിയുടെ തൊലി, സപ്പോട്ട മരത്തിന്റെ കൊമ്പ് ഇവകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ…? ഇല്ല എന്നാണ് ഉത്തരമെങ്കില്‍ റോസമ്മക്കങ്ങനെയല്ല. അവരുടെ കരവിരുതില്‍ അവയെല്ലാം വര്‍ണപൂക്കളായി മാറുന്നു.
കുന്ദമംഗലം ചേരിഞ്ചാല്‍ റോഡില്‍ കൊളായ്താഴം പള്ളിത്താഴം റോസമ്മയാണ് (58) പാഴ്‌സവസ്തുക്കളില്‍ മനോഹരമായ പൂക്കള്‍ നിര്‍മിക്കുന്നത്. ചെസ്റ്റ് ഹോസ്പിറ്റലില്‍ നിന്ന് രണ്ട് വര്‍ഷം മുമ്പ് നഴ്‌സായി വിരമിച്ച ഇവര്‍ ഒഴിവ് സമയങ്ങളിലാണ് ആരെയും ആകര്‍ഷിക്കുന്ന രൂപത്തിലുള്ള പൂക്കളുണ്ടാക്കുന്നത്.
വീടിന്റെ മുകള്‍നിലയില്‍ സ്ഥാപിച്ച ചക്കക്കുരുകൊണ്ടുള്ള പൂവുകള്‍ ഏറെ പേരെ ആകര്‍ഷിക്കുകയാണ്. നൂറ് കളറുകളില്‍ 500 മൊട്ടുകളും, 135 ഇലകളുമുള്ള അലങ്കാര ചെടിയില്‍ 1000 പൂവുകളാണുണ്ടാക്കിയിട്ടുള്ളത്. മൂക്കാത്ത തെങ്ങോലയുടെ ഈര്‍ക്കിലുകളിലാണ് പൂവുകള്‍ കോര്‍ത്തിരിക്കുന്നത്.
ഇതിന് ഉപയോഗിക്കുന്നത് ഫ്രേബ്രിക് കളറുകളാണ്. വൈലറ്റ്, പച്ച, നീല, വെള്ള, മഞ്ഞ, റോസ് കളറുകളിലുള്ള ഈ പൂവുകള്‍ നിര്‍മിക്കാന്‍ 2000 രൂപയിലധികം ചെലവ് വരുന്നതായി റോസമ്മ പറയുന്നു.
ചോളത്തിന്റെ തുണ്ടുകൊണ്ടും വെളുത്തുള്ളിയുടെ തൊലി കൊണ്ടും സപ്പോട്ട മരത്തിന്റെ ഉണങ്ങിയ കൊമ്പിലും നിര്‍മിച്ച പൂക്കളും ഏറെ കൗതുകമുണര്‍ത്തുന്നതാണ്. എത്ര വര്‍ഷം കഴിഞ്ഞാലും കേടുവരില്ലെന്നും ഓഫീസുകളിലും വീടുകളിലും സ്ഥാപിക്കുവാന്‍ ഏറെ നല്ലതാണെന്നും ഇവര്‍ പറയുന്നു.