വനിതാ ദിനത്തില്‍ പുരുഷന്‍ മനസ്സില്‍ കുറിക്കേണ്ടത്

Posted on: March 8, 2013 9:53 am | Last updated: March 9, 2013 at 10:56 am
SHARE

womens daaaaaayഅമ്മ പെങ്ങന്മാരോടുള്ള ഉറച്ച പ്രതിബദ്ധതക്ക് അടിവരയിട്ട് കേന്ദ്രസര്‍ക്കാരും കേരളവും സ്ത്രീ സുരക്ഷാ നിയമ നിര്‍മാണത്തിന് ഒരുങ്ങിയിരിക്കെയാണ്, ഇത്തവണ അന്താരാഷ്ട്ര വനിതാ ദിനം എത്തുന്നത്. രാജ്യത്തെ മുഴുവന്‍ പൗരന്മാരുടെയും സുരക്ഷ ക്ക് കര്‍ശനവും സുശക്തവുമായ നിയമസംവിധാനമുണ്ട്. എന്നിട്ടും പ്രത്യേകം സ്ത്രീസംരക്ഷണ നിയമം നിര്‍മിക്കുതില്‍ നിന്നുതന്നെ ഈ ദിശയിലുള്ള നമ്മുടെ തിരിച്ചറിവിന്റെ ആഴം വ്യക്തമാണ്. സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ചക്കും മെല്ലെപ്പോക്കിനും നമ്മള്‍ തയ്യാറല്ല എന്ന പ്രഖ്യാപനം തന്നെയാണിത്.
‘സ്ത്രീകളുടെ സ്വകാര്യതയും അന്തസും സംരക്ഷിക്കുന്നതിനുള്ള ബില്‍ 2013’ നിയമസഭയില്‍ അവതരിപ്പിച്ച ശേഷം സബ്ജക്ട് കമ്മിറ്റിക്കു വിട്ടിരിക്കുകയാണ്. ബില്ലിലെ ചില വ്യവസ്ഥകള്‍ കൂടുതല്‍ ശക്തവും കര്‍ക്കശവുമാകണം എന്നു സഭയിലും പുറത്തും ആവശ്യം ഉയര്‍ന്ന സാഹചര്യത്തില്‍ വിശദ പരിശോധന തന്നെയാണ് സബ്ജക്ട് കമ്മിറ്റി തലത്തില്‍ നടക്കുന്നത്. ബില്‍ നിയമമാകുമ്പോള്‍ അതിന് മൂര്‍ച്ചയുള്ള പല്ലും നഖവും ഉണ്ടാകണം എന്നുതന്നെയാണ് വിമര്‍ശനങ്ങളുടെയും ഭേദഗതി നിര്‍ദേശങ്ങളുടെയും കാതല്‍ എന്ന് സര്‍ക്കാരിന് അറിയാം. മുഖ്യമന്ത്രി തന്നെ ഇക്കാര്യം സഭയില്‍ പറഞ്ഞതുമാണല്ലോ.
കേന്ദ്ര സര്‍ക്കാരാകട്ടെ, ജസ്റ്റിസ് ജെ എസ് വര്‍മ കമ്മീഷന്‍ ശിപാര്‍ശകള്‍ ലഭിച്ച പിന്നാലെതന്നെ സ്ത്രീ സുരക്ഷാ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു. പാര്‍ലിമെന്റ് ചേരാന്‍ രണ്ടാഴ്ചയോളം മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളുവെങ്കിലും അത്ര പോലും കാത്തിരിക്കാതെ സ്ത്രീസുരക്ഷാ കാര്യത്തില്‍ വേഗത്തില്‍ ചുവടുകള്‍ വ ക്കുകയാണ് ഓര്‍ഡിനന്‍സ് വഴി കേന്ദ്രം ചെയ്തത്.
ഡല്‍ഹിയില്‍ ബസിനുള്ളില്‍ ക്രൂരമായി മാനഭംഗം ചെയ്യപ്പെടുകയും മാരകമായി പരുക്കേല്‍ക്കുകയും ചെയ്തു മരിച്ച കോളജ് വിദ്യാര്‍ഥിനിയുടെ ദുരന്തം ഏല്‍പിച്ച ഞെട്ടലില്‍ നിന്നാണ് അതിവേഗത്തിലുള്ള ഇത്തരം നീക്കങ്ങള്‍ ഉണ്ടായത് എന്നു വേണമെങ്കില്‍ പറയാം. പക്ഷേ, സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സുരക്ഷയുടെ കാര്യത്തില്‍, അവര്‍ക്ക് ഭയമില്ലാതെ ജീവിക്കാന്‍ കഴിയണം എന്ന സ്വാഭാവിക അവകാശത്തിന്റെ കാര്യത്തില്‍ പൊടുന്നനേയല്ല നമ്മള്‍ ജാഗരൂകരായത് എന്നതാണ് സത്യം. മാറിയ സാഹചര്യങ്ങളില്‍ നമ്മുടെ ഈ ജാഗ്രത കൂടുതല്‍ കാമ്പും കരുത്തും ഉള്ളതായേ പറ്റൂ എന്നത് ഇതിനോടു ചേര്‍ത്തു കാണണമെന്നു മാത്രം.
മൂന്ന് വയസ്സുള്ള കുരുന്നിന്റേതായാലും 80 വയസുള്ള മുത്തശ്ശിയുടെതായാലും പെണ്‍ശരീരം ആസ്വാദ്യമായ ഉപഭോഗ വസ്തു മാത്രമാണെന്ന ബോധത്തോടെയോ ലഹരി കെടുത്തിയ ബോധമില്ലായ്മയിലോ വിശ്വസിച്ചുപോകുന്ന പുരുഷന്റെ നെറികേടിനെതിരെ സ്ത്രീക്കു വേണ്ടിയുള്ള പ്രതിരോധ മതിലാകാന്‍ പുരുഷന്മാരുടെ വന്‍ പട ഇവിടെയുണ്ട് താനും. വര്‍ഗീയതയും ഭീകരവാദവും പോലുള്ള സാമൂഹികവിരുദ്ധ അജന്‍ഡകള്‍ കൊണ്ടുനടക്കുന്നവര്‍ സമൂഹത്തിലെ വളരെക്കുറച്ച് ആളുകള്‍ മാത്രമാണല്ലോ. സ്ത്രീവിരുദ്ധ സമീപനത്തിലും അതുതന്നെയാണ് കാര്യം. ഭൂരിപക്ഷം പുരുഷന്മാരും സ്ത്രീകളെയും പെണ്‍കുട്ടികളെയും മാനിക്കുന്നു, ഒരു നോട്ടം കൊണ്ടുപോലും അവരെ അലോസരപ്പെടുത്താതിരിക്കാന്‍ ശ്രദ്ധിക്കുന്നു. പക്ഷേ, സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും മാനവും ചിലപ്പോഴൊക്കെ ജീവനും കവരുന്നവരുടെ ചെയ്തികളുടെ ധാര്‍മിക ഉത്തരവാദിത്തം മുഴുവന്‍ സമൂഹത്തിന്റെതുമാണ്. അരികിലേക്ക് മാറിനിന്നു മറ്റുള്ളവരുടെ നേരേ വിരല്‍ ചൂണ്ടി സ്വയം ഒഴിയാന്‍ കഴിയാത്ത വിധത്തില്‍ നാമെല്ലാവരെയും ഈ ഉത്തരവാദിത്വം ചൂഴ്ന്നു നില്‍ക്കുന്നു. സ്ത്രീയുടെ സ്വകാര്യതയും അന്തസ്സും സംരക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാര്‍ സംവിധാനങ്ങളുടെയോ നീതിപീഠത്തിന്റെയോ മാത്രമല്ലെന്ന തിരിച്ചറിവിലേക്കാണ് ഇത് നമ്മെ എത്തിക്കേണ്ടത്. ആരുടെയൊക്കെയോ ശരീരങ്ങള്‍ ചിതറിത്തെറിക്കുന്ന ഏതോ നാട്ടിലെ സ്‌ഫോടനങ്ങളുടെ വാര്‍ത്തകള്‍ വായിച്ച് അമ്പരന്ന കാലത്തു നിന്നു നമ്മുടെ ചുറ്റുപാടുകള്‍ എത്രയോ മാറിപ്പോയിരിക്കുന്നു. വിധ്വംസക പ്രവര്‍ത്തനങ്ങളുടെ കാണാഭീഷണികളുടെ നിഴല്‍ നമ്മുടെ മേലും വീണു കിടക്കുകയാണ് ഇപ്പോള്‍. മാനഭംഗം ചെയ്യപ്പെടുന്ന സ്ത്രീയുടെ നിലവിളി സിനിമയിലെയും നാടകത്തിലെയും സീനുകളില്‍ നി്ന്നു നമ്മുടെ തൊട്ടടുത്തേക്ക് ‘ലൈവ്’ ആയി ഇറങ്ങിവന്നിരിക്കുന്നതും ഇതേകാലത്തു തെന്നയാണ്. സമൂഹത്തിലെ ഏത് നിഷേധാത്മക ചലനങ്ങളുടെയും ഇരകളുടെ നിരയില്‍ സ്ത്രീയുടെ നിസ്സഹായമായ മുഖങ്ങളാണ് കൂടുതലായി കാണുന്നത്. യുദ്ധം, ഭീകര പ്രവര്‍ത്തനം, നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധന എന്നിവ മുതല്‍ അനാവശ്യ സമരങ്ങള്‍ വരെ നീളുന്നു ഇവ.
സമൂഹത്തിന്റെ മൊത്തം പുരോഗതിക്കു വേണ്ടിയുള്ള ശ്രമങ്ങളില്‍ സര്‍ക്കാരും സാമൂഹിക പ്രസ്ഥാനങ്ങളും ഏര്‍പ്പെട്ടിരിക്കുമ്പോള്‍ അതിനെയാകെ തകിടം മറിക്കുന്ന തരത്തിലാണ് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടെ ഇന്നത്തെ കുതിപ്പ്. സ്ത്രീകള്‍ക്ക് തുല്യ നീതിയും തുല്യ വിദ്യാഭ്യാസവും തൊഴില്‍ സ്ഥലത്ത് തുല്യ ശമ്പളം ഉള്‍പ്പെടെയുള്ള അന്തസ്സും ലഭിക്കുന്നതിനു വേണ്ടിയുള്ള ശ്രമങ്ങളുടെ കാലത്ത് നിന്നു നമ്മള്‍ വളര്‍ന്നിരിക്കുന്നു. പക്ഷേ, സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും സ്വന്തം ശരീരം സഹജീവിയായ പുരുഷനില്‍ നിന്ന് സംരക്ഷിക്കാന്‍ നെട്ടോട്ടം ഓടേണ്ടിവരുന്ന തരത്തിലായിപ്പോയി ഈ വളര്‍ച്ച. അതാകട്ടെ അപമാനകരമായ തിരിച്ചുപോക്കാണ്, ഇരുണ്ട യുഗത്തിലേക്ക്. അങ്ങനെയങ്ങു തിരിച്ചു പോകാന്‍ ആധുനിക സമൂഹത്തിനു കഴിയില്ല.
നോക്കൂ, മദ്യപിച്ച മുത്തശ്ശി ചെറുമകളെ മണ്ണെണ്ണയൊഴിച്ചു കത്തിച്ച വാര്‍ത്ത കണ്ട് ഞെട്ടാന്‍ പോലും കഴിയാത്ത അവസ്ഥയിലായിപ്പോയത് ഈ ദിവസങ്ങളിലാണ്. പെണ്‍കുട്ടിക്ക് സ്വന്തം രക്ത ബന്ധുക്കളില്‍ നിന്നുണ്ടായ മോശം ലൈംഗികാനുഭവങ്ങളുടെ തുടര്‍ച്ചയായാണ് ഇതുമുണ്ടാകുന്നത്. അച്ഛനെ ദൈവത്തെപ്പോലെ കരുതുകയും മാതൃകാ പുരുഷനായി ചൂണ്ടിക്കാണിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന പെണ്‍കുട്ടിയുടെ നേര്‍ക്ക് വൃത്തികെട്ട കൊതിയോടെ നോക്കുന്ന അച്ഛന്മാരും നമ്മുടെ കാലത്തുണ്ടായല്ലോ. അവരില്‍ ചിലര്‍ സ്വന്തം മകളുടെ ശരീരം മറ്റുള്ളവരുടെ കാമാര്‍ത്തി തീര്‍ക്കാന്‍ തള്ളിവിട്ടുകൊടുക്കുകയും ചെയ്തു. അത്തരക്കാര്‍ സമൂഹത്തിനു ഭീഷണിയായി ഏറെക്കാലം സൈ്വരവിഹാരം നടത്താന്‍ അനുവദിക്കാതെ അഴികള്‍ക്കുള്ളിലായിക്കഴിഞ്ഞു. പക്ഷേ, ഉള്ളില്‍ ഒളിപ്പിച്ച മൃഗീയതയുമായി ഇനിയും ആരൊക്കെയോ ചുരമാന്തുന്നുണ്ടോ? ഉണ്ടെങ്കില്‍ അവരുള്‍പ്പെടുന്ന സമൂഹത്തിന് മാറിച്ചിന്തിക്കാന്‍ വൈകിപ്പോയിട്ടില്ല. ലോക വനിതാ ദിനം അതിനുള്ള അവസരമായി മാറുമെന്നു പ്രത്യാശിക്കുക മാത്രമല്ല, അതിനു വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യാം , നമുക്ക്.
സ്ത്രീയോടുള്ള സമീപനം മാറേണ്ടത് ഓരോ വ്യക്തിയുടെയും ഉള്ളിലാണ്. ഇലക്ട്രിക് സ്വിച്ചും കമ്പ്യൂട്ടറിലെ ഡിലീറ്റ് കീയുമല്ല മനുഷ്യമനസ്സ്. സ്വിച്ചിടുമ്പോള്‍ തെളിയുന്ന ബള്‍ബും ഡിലീറ്റ് കീ അമര്‍ത്തുമ്പോള്‍ മാഞ്ഞുപോകുന്ന പ്രോഗ്രാമുമല്ല അത്. ഉള്ളിലെ സംസ്‌കാരം എന്താണോ അതുപോലെയല്ലാതെ മനുഷ്യനു പെരുമാറാന്‍ കഴിയില്ല. പക്ഷേ, നമ്മള്‍ സ്വയം സംസ്‌കരിച്ചുകൊണ്ടേയിരിക്കുന്നതുകൊണ്ടാണ് സാമൂഹിക ജീവി എന്ന നിലയില്‍ നിലനില്‍ക്കാനും സഹജീവിക്കൊപ്പം പെരുമാറാനും കഴിയുന്നത്. അത്തരം ആന്തരിക സംസ്‌കരണത്തിനു വിധേയരാകാത്തവര്‍, സമൂഹത്തിനു ഭീഷണിയായി മാറുന്നു. അങ്ങനെയാണല്ലോ ക്രിമിനലുകളും ഗൂണ്ടകളും ഉണ്ടാകുന്നത്. രാത്രിയിലായാലും പകല്‍വെളിച്ചത്തിലായാലും സംരക്ഷകനാകാന്‍ പുരുഷനു കഴിയുന്ന കാലത്തേക്കാകണം നമ്മുടെ ഓരോ ചുവടും. നമുക്ക് വിവേകമുള്ളവരായേ പറ്റൂ. സ്ത്രീകള്‍ മാനിക്കപ്പെടേണ്ടവരാണെന്ന വിവേകപൂര്‍ണമായ തിരിച്ചറിവിന് കടുത്ത നിറത്തില്‍ അടിവരയിടുന്ന ദിനം കൂടിയാകട്ടെ ഈ വനിതാ ദിനം.