പ്രതിരോധത്തിന്റെ മഴവില്‍ മനുഷ്യന്‍

Posted on: March 6, 2013 7:41 am | Last updated: March 8, 2013 at 9:27 am

വെനിസ്വേലയെന്ന എണ്ണ സമ്പന്നമായ ലാറ്റിനമേരിക്കന്‍ രാജ്യത്തിന്റെ പ്രസിഡന്റ്പദത്തില്‍ തുടര്‍ച്ചയായ പതിനാലു വര്‍ഷം പൂര്‍ത്തിയാക്കിയ ഭരണാധികാരിയെന്ന ഏകവാചകത്തില്‍ നിന്ന് സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിന്റെ പ്രതീകമെന്ന വാക്കൊഴുക്കിലേക്ക് വളരുന്നുവെന്നതാണ് ഹ്യൂഗോ ഷാവേസിന്റെ മഹത്വം. സൈനിക കോളജിലെ വിദ്യാര്‍ഥി തൊട്ട് സൈനിക യൂനിഫോം വരെ നീളുന്ന പഠനത്തിലും ഉദ്യോഗത്തിലുമൊന്നും ഈ മനുഷ്യന്‍ ജനാധിപത്യത്തിന്റെ പാഠങ്ങള്‍ പങ്കുവെക്കുന്നില്ല. മറിച്ച് പട്ടാള അട്ടിമറിക്ക് ശ്രമിക്കുക വഴി എതിര്‍ദിശയില്‍ സഞ്ചരിച്ചയാളാണ്. എതിര്‍ ശബ്ദങ്ങളെ കര്‍ക്കശമായി നേരിടുന്ന ഭരണാധികാരിയെത്തന്നെയാണ് ഷാവേസിന്റെ ആദ്യകാഴ്ചയില്‍ തെളിയുക. എന്നിട്ടും ഷാവേസ് അര്‍ബുദ ബാധിതനായി ക്യൂബയിലെ ആശുപത്രികളിലേക്കും തിരിച്ചും സഞ്ചരിക്കുമ്പോള്‍ ലോകം ഉറ്റു നോക്കി. അദ്ദേഹത്തിനായി പ്രാര്‍ഥനാ നിരതമായി. അല്‍പ്പം ഭേദപ്പെട്ടപ്പോള്‍, ഗ്രാന്‍മ പത്രം വായിച്ചിരിക്കുന്ന ചിത്രം പുറത്ത്‌വന്നപ്പോള്‍ ലോകമാധ്യമങ്ങള്‍ ആവേശപൂര്‍വം ഒന്നാം പേജുകളില്‍ അത് പ്രദര്‍ശിപ്പിച്ചു. വെനിസ്വേലന്‍ വൈസ് പ്രസിഡന്റിന്റെ നിജസ്ഥിതി പ്രസ്താവനകള്‍ക്കായി ലോകം കാതോര്‍ത്തു.

ഷാവേസിനോടുള്ള കരുതലിന്റെ അടിസ്ഥാനം ഒരിക്കലും വളയാത്ത അദ്ദേഹത്തിന്റെ നിലപാടുകളായിരുന്നു. ജൂനിയര്‍ ബുഷിനെ ഐക്യരാഷ്ട്ര സഭയിലെ പ്രസംഗ പീഠത്തില്‍ കയറി ചെകുത്താന്‍ എന്ന് വിളിക്കാന്‍ ധൈര്യം കാണിച്ച ‘ആക്‌സന്‍ട്രിക്’ നേതാവാണ് ഷാവേസ്. ലോകത്തിന്റെ അധികാരവും സമ്പത്തും കേന്ദ്രീകരിക്കപ്പെട്ട വന്‍കിടക്കാര്‍ മുഴുവന്‍ ഭ്രഷ്ട് കല്‍പ്പിച്ച അഹ്മദി നജാദിന്റെ ഇറാനോടും മുഅമ്മര്‍ ഗദ്ദാഫിയുടെ ലിബിയയയോടും പരസ്യമായി ബന്ധുത്വം ഉറപ്പിച്ചു. ഗദ്ദാഫിയെ താഴെയിറക്കി കൊന്നു തള്ളാന്‍ പാശ്ചാത്യ ലോകം ആയുധവും അര്‍ഥവും ഇടിച്ചു തള്ളിയപ്പോള്‍ ഏകാന്തമായ പിന്തുണയുമായി അവസാന നിമിഷം വരെ ഷാവേസ് നിലകൊണ്ടു. റഷ്യയും ചൈനയും ഇടറിയപ്പോഴും ഗദ്ദാഫിക്കെതിരായ എല്ലാ കുറ്റാരോപണങ്ങളും ലിബിയന്‍ മണ്ണില്‍ സാമ്രാജ്യത്വ ശക്തികള്‍ നടത്തുന്ന ക്രൂരമായ ഇടപെടല്‍ ഒന്നു കൊണ്ടു മാത്രം അപ്രസക്തമാകുന്നുവെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഇറാനുമായി ഒരു ഇടപാടും പാടില്ലെന്ന് അമേരിക്ക തീട്ടൂരമിറക്കുമ്പോഴാണ് ഇറാനിലെ വെനിസ്വേലയുടെ നിക്ഷേപം പലമടങ്ങായി വളര്‍ന്നത്.
സ്വകാര്യവത്കരണത്തിലേക്കും ആഗോളവത്കരണത്തിന്റെ ‘നന്‍മകളി’ലേക്കും ക്യൂബ ചുവട് മാറ്റുമ്പോള്‍ സാമ്ര്യാജ്യത്വത്തെ പ്രതിരോധിക്കേണ്ടത് അവരുടെ ഉപകരണങ്ങള്‍ കൊണ്ടല്ല, മറിച്ച് രാഷ്ട്രങ്ങളുടെ പ്രതിരോധ നിര ഉയര്‍ത്തിയാകണമെന്ന് ഷാവേസ് ഉണര്‍ത്തി. ഓരോ വര്‍ഷവും സബ്‌സിഡി നിരക്കില്‍ 300 കോടി ഡോളറിന്റെ എണ്ണ കയറ്റി അയച്ചാണ് ക്യൂബയെ അദ്ദേഹം പിന്തുണച്ചത്.
ഡോളറിന്റെ അപ്രമാദിത്വത്തെ അദ്ദേഹം വെല്ലുവിളിച്ചു. സഊദി അറേബ്യയേയും പിന്തള്ളി ലോകത്തെ ഏറ്റവും വലിയ എണ്ണ ഉത്പാദക രാജ്യമാകുന്ന വെനിസ്വേല അതത് രാജ്യങ്ങളുടെ കറന്‍സിയില്‍ എണ്ണ വ്യാപാരം നടത്തി. ക്യൂബയില്‍ നിന്ന് എണ്ണക്ക് പകരം ഡോക്ടര്‍മാരുടെ സേവനമാണ് വാങ്ങുന്നത്. നിക്കരാഗ്വേയില്‍ നിന്നും ബൊളീവിയയില്‍ നിന്നും ഭക്ഷണപദാര്‍ഥങ്ങള്‍ വാങ്ങി എണ്ണ നല്‍കുന്നു. യഥാര്‍ഥ ആഗോളവത്കരണം ഇതാണ്. ശരിയായ ബദല്‍ സൃഷ്ടിക്കാനാണ് അദ്ദേഹം ശ്രമിച്ചത്.
ലോകത്തിന്റെ സാമ്പത്തിക പ്രത്യയശാസ്ത്രം മുതലാളിത്തം മാത്രമായിരിക്കണമെന്ന ശാഠ്യത്തെ പ്രായോഗികമായി ചെറുക്കുന്നുവെന്നതാണ് അവര്‍ക്ക് സഹിക്കാനാകാത്തത്. ജനാധിപത്യ സോഷ്യലിസത്തില്‍ അടിയുറച്ച സാമ്പത്തിക നയം വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നതിന് ജീവനുള്ള തെളിവായി ഷാവേസിന്റെ വെനിസ്വേല നിലകൊണ്ടു. ബദല്‍ ആത്മവിശ്വാസം പകരുന്നതിനേക്കാള്‍ വലിയ വിപ്ലവ പ്രവര്‍ത്തനം ഇല്ലല്ലോ. ഷാവേസിനെക്കുറിച്ച് ആഴത്തില്‍ പഠിച്ചാല്‍ നിരവധി അഭിപ്രായവ്യത്യാസങ്ങളുണ്ടാകാം. തീര്‍ത്തും ജനാധിപത്യവത്കരിച്ചിട്ടില്ലാത്ത നേതാവാണ് അദ്ദേഹമെന്ന് വിമര്‍ശനമാകാം. പക്ഷേ, തുരങ്ക സൗഹൃദങ്ങളിലൂടെ സാമ്രാജ്യത്വത്തിന്റെ സംരക്ഷണം നേടാന്‍ ശ്രമിക്കുന്നവരുടെ കാലത്ത് പ്രതിരോധത്തിന്റെ ഒറ്റയടിപ്പാതയിലൂടെ നടന്നുവെന്ന് ചരിത്രം അദ്ദേഹത്തെ അടയാളപ്പെടുത്തും. അത്യപൂര്‍വമായ സൗഹൃദങ്ങളുടെ പേരില്‍ ഷാവേസിന്റെ ഓര്‍മകള്‍ പൂത്തു നില്‍ക്കും.