Connect with us

Kozhikode

ജോര്‍ജ്-ഗണേഷ് പോര്: കള്ളം പറയുന്നതാരെന്ന് മുഖ്യമന്ത്രി കണ്ടെത്തണം-പിണറായി

Published

|

Last Updated

കോഴിക്കോട്: മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ ചീഫ് വിപ്പ് പി സി ജോര്‍ജ് ഉന്നയിച്ച ആരോപണങ്ങളില്‍ ആരാണ് കള്ളം പറയുന്നതെന്ന് മുഖ്യമന്ത്രി കണ്ടെത്തണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. സംഭവത്തിന് തെളിവുണ്ടെന്നും മുഖ്യമന്തിക്ക് അറിയാമെന്നുമാണ് ജോര്‍ജ് പറയുന്നത്. എങ്കില്‍ ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രി മറച്ചുവെക്കുകയാണ്. മുഖ്യമന്ത്രി ഒളിച്ചുകളി നിര്‍ത്തണമെന്നും പിണറായി ആവശ്യപ്പെട്ടു. കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജോര്‍ജിനെയും ഗണേഷിനെയും കേരളത്തിലെ ജനങ്ങള്‍ക്ക് നല്ലതു പോലെ അറിയാം. ജോര്‍ജ് ഉന്നയിച്ച ആരോപണങ്ങളുടെ നിജസ്ഥതി എന്തെന്ന് അറിയില്ല. എന്തെങ്കിലും രേഖകളുടെ അടിസ്ഥാനത്തിലാകുമല്ലോ അദ്ദേഹം ഈ ആരോപണം ഉന്നയിച്ചിട്ടുണ്ടാകുക. ഇത് ശരിയാണെങ്കില്‍ ഗണേഷിനെ മന്ത്രിസഭയില്‍ നിന്ന് മുഖ്യമന്ത്രി പുറത്താക്കണം.
തെറ്റായ ആരോപണമാണെങ്കില്‍ ജോര്‍ജ് ചീഫ്‌വിപ്പ് സ്ഥാനത്തിരിക്കാന്‍ പാടില്ല. അദ്ദേഹത്തെ മുഖ്യമന്ത്രി പുറത്താക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.
മന്ത്രിസഭാംഗങ്ങള്‍ മൂല്യങ്ങളും മര്യാദകളും പാലിക്കുന്നുണ്ടോയെന്ന് മുഖ്യമന്ത്രി പരിശോധിക്കണം. മുഖ്യമന്ത്രി കള്ളക്കളി നടത്തുന്നുവെന്ന ധാരണ പരക്കുന്നു. കാര്യങ്ങള്‍ വക്രീകരിക്കാനാണ് മുഖ്യമന്ത്രി നോക്കുന്നത്. അറിയാവുന്ന കാര്യങ്ങള്‍ മുഖ്യമന്ത്രി മറച്ചുവെക്കരുതെന്നും പിണറായി പറഞ്ഞു. ആരോപണത്തിന്റെ മെറിറ്റിലേക്ക് പോകുന്നില്ല. എന്നാല്‍ ഇക്കാര്യത്തില്‍ മൂല്യാധിഷ്ഠിത നിലപാടാണ് എല്‍ ഡി എഫിനുള്ളതെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

Latest