Connect with us

Sports

സന്തോഷമില്ലാതെ... കേരളം

Published

|

Last Updated

കൊച്ചി: ചാമ്പ്യന്‍മാരുടെ പോരാട്ടം പുറത്തെടുത്ത സര്‍വീസസ്, കേരളത്തെ സഡന്‍ ഡെത്തില്‍ മറികടന്ന് സന്തോഷ് ട്രോഫിയില്‍ മുത്തമിട്ടു. നിശ്ചിത സമയത്തും അധിക സമയത്തും ഗോള്‍ രഹിത സമനില പാലിച്ചതിനെ തുടര്‍ന്ന് പെനാല്‍റ്റി ഭാഗ്യപരീക്ഷണത്തിലേക്ക് നീണ്ട മത്സരത്തില്‍ ഇരു ടീമുകളും മൂന്ന് ഗോള്‍ വീതം നേടി. എന്നാല്‍, സഡന്‍ ഡെത്തില്‍ കേരളത്തിന്റെ സുര്‍ജിത്തടിച്ച കിക്ക് ബാറില്‍ തട്ടി പുറത്തേക്ക് പോയതോടെ സര്‍വീസസ് വിജയാഹ്ലാദവുമായി ഗോളി നാനോ സിംഗിനെ പൊതിഞ്ഞു. മൂന്നിനെതിരെ നാല് ഗോള്‍ നേടിയാണ് സര്‍വീസസ് മൂന്നാം തവണയും ചാമ്പ്യന്‍മാരായത്.
നേരത്തെ പെനാല്‍റ്റിയെടുത്ത കേരളത്തിന്റെ റിനോ ആന്റോ, അബ്ദുല്‍ ബാസിത്, ബി ടി ശരത് എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ ഉസ്മാന്‍, നസറുദ്ദീന്‍ എന്നിവര്‍ക്ക് ലക്ഷ്യം പിഴച്ചു. സര്‍വീസസിന്റെ ധന്‍രാജ് സിംഗ്, ശ്രാവണ്‍ കുമാര്‍, എം ദിലീപ്, കിരണ്‍ കെ വര്‍ഗീസ് എന്നിവര്‍ ഗോള്‍ നേടി. ആദ്യത്തെ കിക്കെടുത്ത സര്‍വീസസ് ക്യാപ്റ്റന്‍ പി എസ് സുമേഷിന്റെ ഷോട്ട് കേരളത്തിന്റെ ഗോളി ജീന്‍ ക്രിസ്റ്റ്യന്‍ തട്ടിയകറ്റി. കേരളത്തിന്റെ ആദ്യ കിക്കെടുത്ത റിനോ ആന്റോയുടെ പന്ത് ഗോളിയെ കീഴടക്കി വല കുലുക്കിയപ്പോള്‍ നെഹ്‌റു സ്റ്റേഡിയം ഇരമ്പി. സര്‍വീസസിന് വേണ്ടി ഹോറിന്‍ എടുത്ത രണ്ടാമത്തെ കിക്കും ജീന്‍ക്രിസ്റ്റ്യന്‍ സേവ് ചെയ്തതോടെ കേരളം വിജയം മണത്തു. എന്നാല്‍, അടുത്ത പന്തില്‍ ഉസ്മാന് ലക്ഷ്യം പിഴച്ചതോടെ കേരളത്തിന്റെ അടി തെറ്റി തുടങ്ങി. സഡന്‍ ഡെത്തടക്കം നാല് കിക്കുകളും സര്‍വീസസ് ഗോളാക്കി.

സന്തോഷ് ട്രോഫിയിലെ തങ്ങളുടെ ഏറ്റവും മികച്ച മത്സരം പുറത്തെടുത്ത കേരളത്തെ കളി മികവിനൊപ്പം ഭാഗ്യത്തിന്റെ കൂടി പിന്‍ബലത്തോടെയാണ് സര്‍വീസസ് മറികടന്നത്. കളിയിലുടനീളം ക്രോസ് ബാറിന് കീഴില്‍ അദ്ഭുതം കാണിച്ച ഗോളി ജീന്‍ ക്രിസ്റ്റ്യന്റെ മികവിന് പിന്തുണ നല്‍കാന്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കേരള താരങ്ങള്‍ക്ക് കഴിയാതെ പോയി. കളിയുടെ മുഴുവന്‍ സമയത്ത് ജീന്‍ ക്രിസ്റ്റ്യന്റെ ഉജ്വലമായ സേവുകളാണ് ഉറപ്പായ മൂന്ന് ഗോളുകളെങ്കിലും കേരളത്തിന് ഒഴിവാക്കാനായത്. ആക്രമണത്തിലും പ്രതിരോധത്തിലും ആസൂത്രണത്തിലും മികച്ചു നിന്നത് സര്‍വീസസ് തന്നെയായിരുന്നുവെങ്കിലും അവസരങ്ങള്‍ ഗോളാക്കി മാറ്റുന്നതില്‍ അവര്‍ തുടര്‍ച്ചയായി പരാജയപ്പെട്ടു. അതേ സമയം ചാമ്പ്യന്‍ഷിപ്പിലെ മറ്റ് കളികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കേരളം ബഹുദൂരം മുന്നിലായിരുന്നു. എന്നാല്‍ മധ്യനിരയിലെ ദൗര്‍ബല്യങ്ങളും ആക്രമണത്തിലെ ഒത്തിണക്കമില്ലായ്മയും കേരളത്തെ ഫൈനലിലും പിന്തുടര്‍ന്നു. പ്രതിരോധ നിര ഉജ്വല ഫോമില്‍ തന്നെയായിരുന്നു. ഗോള്‍ നേടുക എന്ന ലക്ഷ്യത്തോടെ ഇരു ടീമുകളും തുടക്കം മുതല്‍ തന്നെ കനത്ത ആക്രമണമാണ് അഴിച്ചുവിട്ടത്.
ഉസ്മാനും കണ്ണനും തമ്മിലുള്ള ധാരണക്കുറവ് കേരളത്തിന്റെ മുന്നേറ്റങ്ങളില്‍ പ്രതിഫലിച്ചു. കണ്ണന്റെ കാലുകളില്‍ നിന്ന് പന്ത് നിര്‍ണായക ഘട്ടങ്ങളില്‍ വഴുതി. സര്‍വീസസ് പ്രതിരോധ നിരയും മധ്യനിരയും എല്ലാ അര്‍ഥത്തിലും മികച്ചു നിന്നപ്പോള്‍ പന്ത് കിട്ടാതെ കേരള സ്‌ട്രൈക്കര്‍മാര്‍ക്ക് ചിലപ്പോഴൊക്കെ കാഴ്ചക്കാരാകേണ്ടി വന്നു. ആദ്യപകുതിയില്‍ സര്‍വീസസിന് ലഭിച്ച ഏഴ് കോര്‍ണര്‍ കിക്കുകള്‍ അവരുടെ ആക്രമണ മികവിനുള്ള തെളിവായിരുന്നു. എന്നാല്‍ കേരളത്തിന്റെ പ്രതിരോധ നിരയുടെ മികവ് സര്‍വീസസിന്റെ ആക്രമണങ്ങളുടെ മുനയൊടിച്ചു. വിംഗുകളില്‍ ജോണ്‍സണും സുമേഷും ഡിഫന്‍ഡര്‍മാരില്‍ നിന്ന് സ്‌ട്രൈക്കര്‍മാര്‍ക്ക് പന്ത് എത്തിക്കുന്നതില്‍ മികവ് കാട്ടിയപ്പോള്‍ മിഡ്ഫീല്‍ഡിന് പലപ്പോഴും ആസൂത്രണത്തില്‍ പിഴച്ചു. ആദ്യ പകുതിയില്‍ ഗോളിയുടെ മികവാണ് കേരളത്തിന് രക്ഷാകവചമൊരുക്കിയത്. ഗോളെന്നുറപ്പിച്ച രണ്ടവരസങ്ങളെങ്കിലും ക്രോസ് ബാറിന് കീഴില്‍ അപ്രതിരോധ്യനായി നിന്ന ജീന്‍ ക്രിസ്റ്റ്യന്‍ രക്ഷപ്പെടുത്തി.
സര്‍വീസസിന് വേണ്ടി ക്യാപ്റ്റന്‍ കൊച്ചി സ്വദേശി സുമേഷ് വയലാര്‍ രവിയില്‍ നിന്ന് സന്തോഷ് ട്രോഫി ഏറ്റുവാങ്ങുമ്പോള്‍ കപ്പ് നേടിയത് ഒരു മലയാളിയാണെന്ന ആശ്വാസം മാത്രമാണ് സ്റ്റേഡിയത്തില്‍ തിങ്ങിക്കൂടിയ നാല്‍പതിനായിരത്തോളം കാണികള്‍ക്കുണ്ടായത്. കോന്തുരുത്തി പീടിയേക്കല്‍ വീട്ടില്‍ ശശിധരന്റെയും സുധര്‍മ്മയുടെയും മകനായ സുമേഷ് കപ്പുയര്‍ത്തുന്നതു കാണാന്‍ കുടുംബാംഗങ്ങളും സുഹത്തുക്കളും ആരാധകരും സ്റ്റേഡിയത്തിലുണ്ടായിരുന്നു.
സര്‍വീസസ് 2007ല്‍ പഞ്ചാബിനെ ഒന്നിനെതിരെ രണ്ട് ഗോളിന് കീഴടക്കി ആദ്യത്തെ സന്തോഷ് ട്രോഫി കിരീട നേടിയ സര്‍വീസസ് കഴിഞ്ഞ വര്‍ഷം തമിഴ്‌നാടിനെ 3-2ന് തോല്‍പ്പിച്ചാണ് കിരീടത്തില്‍ മുത്തമിട്ടത്.

 

Latest