32 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികള്‍ക്ക് അംഗീകാരം

Posted on: March 1, 2013 6:58 am | Last updated: March 7, 2013 at 3:03 pm
SHARE

മലപ്പുറം: 32 തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി. ഇതോടെ ജില്ലയിലെ 117 തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതികള്‍ക്ക് ഡി പി സി അംഗീകാരമായി.
കുറുവ പഞ്ചായത്തും പൊന്നാനി ബ്ലോക്ക് പഞ്ചായത്തും മഞ്ചേരി, നിലമ്പൂര്‍, പൊന്നാനി നഗരസഭകളും ഇതുവരെ പദ്ധതി സമര്‍പ്പിക്കുകയോ ഡി പി സി അംഗീകാരം വാങ്ങുകയോ ചെയ്തിട്ടില്ല. എല്ലാ പഞ്ചായത്തുകളിലും പൊതുശ്മശാനവും മാലിന്യ സംസ്‌കരണ യൂനിറ്റും ആധുനിക സൗകര്യങ്ങളുള്ള അറവുശാലകളും സ്ഥാപിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട് പറഞ്ഞു. ഈമാസം ആറിന് നടക്കുന്ന പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യും.
നേരത്തേ അംഗീകാരം വാങ്ങിയ പദ്ധതികളില്‍ ഒരു തവണ ഭേദഗതി വരുത്താമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഭേദഗതി നടത്താനുദ്ദേശിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ ആറിനകം ഭേദഗതി സമര്‍പ്പിക്കണമെന്ന് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ അറിയിച്ചു.
എ ഡി എം. പി മുരളീധരന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ ശശികുമാര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ കുഞ്ഞു പങ്കെടുത്തു.