Connect with us

Articles

ശാസ്ത്ര സാങ്കേതിക രംഗവും ഇന്ത്യയുടെ കിതപ്പും

Published

|

Last Updated

sircvramanഇന്ന് ഫെബ്രുവരി 28; ഇന്ത്യയുടെ ഭൗതിക ശാസ്ത്ര പ്രതിഭ സി വി രാമന്‍, രാമന്‍ ഇഫക്ട്’കണ്ടുപിടിച്ച ദിവസം ദേശീയ ശാസ്ത്ര ദിനമായി ആചരിക്കുകയാണ്. രാജ്യത്തിന്റെ ശാസ്ത്ര സാങ്കേതിക മേഖലയിലെ കുതിപ്പും കിതപ്പും വിശകലനം ചെയ്യാന്‍ നിശ്ചയിച്ച ദിനമാണിന്ന്.
ശാസ്ത്ര സാങ്കേതിക വികസനത്തിലൂടെ സാമ്പത്തിക വളര്‍ച്ചയും സാമൂഹിക ക്ഷേമവും കൈവരുത്തിയാല്‍ മാത്രമേ രാജ്യത്തിന് ലോകത്ത് തല ഉയര്‍ത്തി നില്‍ക്കാനാകൂ എന്ന് ജവഹര്‍ലാല്‍ നെഹ്‌റു വിശ്വസിച്ചിരുന്നു. അതു കൊണ്ടു തന്നെയാണദ്ദേഹം 1958ലെ സയിന്റിഫിക് പോളിസി റസലൂഷ്യന് മുന്‍കൈ യെടുത്തത്. ബ്രിട്ടീഷ് ഭരണത്തിനു ശേഷം തൊഴിലില്ലായ്മയും ദാരിദ്ര്യവും പടര്‍ന്നുപിടിച്ച അക്കാലത്ത് ഇന്ത്യക്കൊരു ശാസ്ത്ര മുന്നേറ്റം അപ്രായോഗികമായിരുന്നു.
നെഹ്‌റുവിന്റെ 58ലെ ആ പ്രമേയം തന്നെയാണ് ഇന്നും ഇന്ത്യയുടെ ശാസ്ത്ര സാങ്കേതിക മേഖലയിലെ വഴികാട്ടി. സ്വയംപര്യാപ്തവും സുസ്ഥിരവും നൂതനവുമാകണം ഇന്ത്യന്‍ കണ്ടുപിടിത്തങ്ങളുടെ മുഖമുദ്രയെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. 1983ലെ ഇന്ധിരാ ഗാന്ധിയുടെ സൈന്റിഫിക് റസലൂഷ്യനും ഇതേ പാതയാണ് പിന്തുടര്‍ന്നത്. നെഹ്‌റുവും ഇന്ദിരയും ശാസ്ത്ര സാങ്കേതിക മേഖലയുടെ വളര്‍ച്ചക്കും പരിപോഷണത്തിനുമായി ശാസ്ത്രജ്ഞര്‍ക്ക് വേണ്ടതെല്ലാം ചെയ്തുകൊടുത്തിരുന്നു. ഹോമി ജഹാംഗീര്‍ ബാബയെയും വിക്രം സാരാഭായിയെയും പോലുള്ള ശാസ്ത്രജ്ഞരും ഒത്തുചേര്‍ന്നപ്പോള്‍ ഇന്ത്യക്കു മേല്‍ ശാസ്ത്ര ലോകത്തിന്റെ കണ്ണ് പതിയാന്‍ തുടങ്ങി. അങ്ങനെയാണ് ആര്യഭട്ടയും മൈത്രിയും അപ്‌സരയും ബുദ്ധന്റെ ചിരിയുമെല്ലാം ഇന്ത്യക്ക് ദര്‍ശിക്കാനായത്.
പക്ഷേ, 21 -ാം നൂറ്റാണ്ട് പിറന്ന് ഒരു ദശകം പിന്നിട്ടിട്ടും ഇന്ത്യന്‍ ശാസ്ത്ര ഗവേഷണ മേഖല പാതിയുറക്കത്തിലാണ്. കലാമിനും സ്വാമിനാഥനും രാധാകൃഷ്ണനുമപ്പുറം ഇന്ത്യയുടെ ഗവേ<ണ പര്യവേക്ഷണ ദൗത്യങ്ങള്‍ക്ക് നവചൈതന്യവും യുവത്വവും നഷ്ടപ്പെട്ടിരിക്കുന്നു. ഇന്ത്യന്‍ ശാസ്ത്ര സാങ്കേതിക മേഖല പ്രതിസന്ധികളുടെ നടുക്കയത്തിലാണ്. മേഖലയിലെ യുവാക്കളുടെ പ്രാതിനിധ്യക്കുറവ്, അടിസ്ഥാന സൗകര്യത്തിലെ പിന്നാക്കാവസ്ഥ, ബജറ്റിലെ കുറഞ്ഞ വിഹിതം, വന്‍തോതിലുള്ള വിദേശ ആശ്രിതത്വം എന്നിവ ശാസ്ത്ര സ്വപ്‌നങ്ങള്‍ക്കെന്നും വിലങ്ങുതടിയാണ്. ഇവക്ക് പരിഹാരം കണ്ടാലല്ലാതെ രാജ്യത്തിന്റെ ഗവേഷണ മേഖല അകപ്പെട്ട പടുകുഴിയില്‍ നിന്ന് മുക്തി നേടുകയില്ല. പാശ്ചാത്യരുടെയും യൂറോപ്യരുടെയും കണ്ടുപിടിത്തങ്ങളില്‍ നിന്ന് പകര്‍പ്പെടുക്കാനും കോടികളുടെ ആയുധക്കച്ചവടം ഉറപ്പിക്കാനുമായിരുന്നു അവരുടെ താത്പര്യം. ഇത് ശാസ്ത്രജ്ഞരെയും സാധാരണക്കാരെയും ഒരുപോലെ മുരടിപ്പിക്കുന്ന നയമാണ്.
സ്വപ്രയത്‌നം കൊണ്ട് ശാസ്ത്ര സാങ്കേതിക വിദ്യയില്‍ ബഹുദൂരം മുന്നേറിയ മൂന്ന് ഏഷ്യന്‍ രാഷ്ട്രങ്ങളുടെ ചരിത്രം നോക്കണം. രണ്ടാം ലോക മഹായുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ ജപ്പാന്‍ ശാസ്ത്രത്തിന്റെ ചിറകിലേറി ഉയര്‍ത്തെഴുന്നേറ്റ് ലോക ശക്തിയായി. യഥാക്രമം 1948ലും 1949ലും രൂപം കൊണ്ട ദക്ഷിണ കൊറിയയും ചൈനയും ഇന്ന് മുന്നില്‍ നില്‍ക്കുന്ന രാഷ്ട്രങ്ങളാണ്. ഈ രാഷ്ട്രങ്ങളെല്ലാം സ്വജനങ്ങളിലും ശാസ്ത്രജ്ഞരിലും വിശ്വാസമര്‍പ്പിച്ച് ശാസ്ത്ര ഗവേഷണത്തിലും ഉത്പാദനത്തിലും പുതിയ പടികള്‍ താണ്ടുമ്പോള്‍ ഇന്ത്യക്കാരന്‍ വര്‍ഷങ്ങളോളം പേറ്റന്റിനായി അവരുടെ പടിവാതിലില്‍ യാചിച്ചു നില്‍ക്കുന്ന അവസ്ഥയാണ.് സാംസംഗും എല്‍ ജിയും നിസാനും ഹോണ്ടയും ഹ്യൂണ്ടായിയും ടൊയോട്ടയും മിസ്തുബിഷിയുമെല്ലാം ഇന്ത്യന്‍ വാഹന ഗൃഹോപകണര ഇലക്‌ട്രോണിക്‌സ് രംഗത്ത് നല്ലൊരു ഭാഗവും കൈയാളുന്നു. വില കുറഞ്ഞ ഉത്പന്നങ്ങളുമായി മേഡിന്‍ ചൈനയും സജീവമാണ്. പ്രതിരോധ ആയുധങ്ങള്‍ക്ക് വേണ്ടി നാം റഷ്യയെയും ഇസ്‌റാഈലിനെയും യു എസിനെയും ആശ്രയിക്കുന്നു. ഇത്തരത്തില്‍ ഇന്ത്യന്‍ സര്‍ക്കാറും ജനങ്ങളും ഒരു പോലെ വിദേശാശ്രിതരായ ഈ ദുരവസ്ഥക്ക് നാം ആരെ പഴി ചാരും? ഇന്ത്യന്‍ സമൂഹം ഇനിയും ആശ്രിതരായി തന്നെ കഴിയേണ്ടതുണ്ടോ?
ജനുവരി ആദ്യ വാരത്തില്‍ കൊല്‍ക്കത്തയില്‍ നടന്ന സയന്‍സ് കോണ്‍ഗ്രസ് നമുക്ക് നല്‍കിയ തീം;  Science for Shaping the Future of India  വെച്ചു നോക്കുമ്പോള്‍ ഇന്ത്യയുടെ ഭാവി ശാസ്ത്രജ്ഞരുടെ കരങ്ങളിലാണ്. രാജ്യത്തിന്റെ വിജയപരാജയങ്ങള്‍ നിര്‍ണയിക്കുന്നത് അവരാണ്. 121 കോടി മനുഷ്യരുടെ ഭക്ഷണവും വെള്ളവും വായുവും ആരോഗ്യവും ക്ഷേമവും അവരുടെ യജ്ഞത്തിന്റെ പ്രതിഫലനമായിരിക്കും. ഇതെല്ലാം അറിഞ്ഞിട്ടും രാജ്യം ശാസ്ത്ര സാങ്കേതിക വികസനത്തിന് പ്രാധാന്യം നല്‍കുന്നില്ല. ആരാണ് ഉത്തരവാദി? ശാസ്ത്ര സാങ്കേതിക വിദ്യക്ക് ആവശ്യമായ മനുഷ്യവിഭവശേഷിയും പ്രകൃതി വിഭവങ്ങളുടെ സമാഹരണവും ശരിയായ ഉപയോഗിക്കുന്നതിനാവശ്യമായ തുക അനുവദിക്കുന്നതില്‍ രാജ്യം ഇപ്പോഴും ലുബ്ധത തുടരുകയാണ്. സയന്‍സ് കോണ്‍ഗ്രസുകളില്‍ നടക്കുന്ന പ്രഖ്യാപനങ്ങള്‍ക്കപ്പുറം പദ്ധതി വിഹിതത്തില്‍ കാര്യമായ വളര്‍ച്ചയൊന്നും കാണുന്നില്ല. ഇന്ത്യയേക്കാള്‍ വലിയ സാമ്പത്തിക സാമ്രാജ്യമായിരിക്കെ തന്നെ അമേരിക്കയും ചൈനയും യഥാക്രമം ജി ഡി പിയുടെ 2.6 ശതമാനവും 1.5 ശതമാനവും ശാസ്ത്ര സാങ്കേതിക വികസനത്തിനായി വിനിയോഗിക്കുമ്പോള്‍ ഇന്ത്യ ഇപ്പോഴും ഗവേഷണങ്ങള്‍ക്കായി ചെലവിടുന്നത് ജി ഡി പിയുടെ വെറും 0.9 ശതമാനം മാത്രം.
സാഗ 220ഉം ചാന്ദ്രയാനും ആകാശ് ടാബ്‌ലറ്റും 21 ാം നൂറ്റാണ്ടിലെ ഇന്ത്യന്‍ ശാസ്ത്ര വികാസത്തിന്റെ ശുഭ സൂചകങ്ങളാണ്. ബഹിരാകാശ ഗവേഷണം, ആരോഗ്യ രംഗം, ആണവ ഗവേഷണം, നാനോ ടെക്‌നോളജി, ബയോ ടെക്‌നോളജി, ഭക്ഷ്യ ഉത്പാദനം, സംഭരണം, സംസ്‌കരണം, പ്രതിരോധം, വിവര സാങ്കേതിക വിദ്യ, വിദ്യാഭ്യാസം തുടങ്ങി ശാസ്ത്രത്തിന്റെ വിവിധ തുറകളില്‍ ഇന്ത്യക്ക് പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നത് വ്യക്തമാണ്. എങ്കിലും ആഗോള തലത്തിലെ ശാസ്ത്രീയ ഗവേഷണ പോരാട്ടങ്ങളുമായി തുലനം ചെയ്യുമ്പോള്‍ ഇന്ത്യന്‍ ശാസ്ത്ര മേഖലയുടെ ഉത്പാദനക്ഷമതയും വളര്‍ച്ചയും ഏറെ പിറകിലാണെന്ന് വ്യക്തമാകും. ഇന്ത്യയില്‍ ഉന്നത വിദ്യാഭ്യാസവും ബിരുദാനന്തര ബിരുദവും ലഭിക്കുന്നവര്‍ ധാരാളം ഉണ്ടെങ്കിലും അതത് ഗവേഷണ മേഖലയില്‍ അവരുടെ പങ്ക് തീരെ കുറവാണ്. ജപ്പാനിലും അമേരിക്കയിലും ബ്രിട്ടനിലും പത്ത് ലക്ഷം പേരെ എടുത്താല്‍ അവരില്‍ യഥാക്രമം 5573ഉം 4663ഉം 4181ഉം ശാസ്ത്രജ്ഞരാണ്. ഇത് ഇന്ത്യയിലെത്തുമ്പോള്‍ വെറും 137 ആയി ചുരുങ്ങുന്നു.
ഇന്ത്യയില്‍ കെ ജി മുതല്‍ പി ജി വരെ ഒരു ക്ലാസിലും പരീക്ഷണങ്ങള്‍ക്കും സ്വയം കണ്ടെത്തലുകള്‍ക്കും എവിടെയും പ്രാധാന്യം നല്‍കുന്നില്ല. പകരം ഉയര്‍ന്ന മാര്‍ക്ക് നേടുന്നതിലും മത്സര പരീക്ഷയില്‍ മികവ് തെളിയിക്കുന്നതിലുമാണ് രക്ഷിതാക്കളും അധ്യാപകരും ഒരു പോലെ പ്രാധാന്യം നല്‍കുന്നത്. അവരെ പുസ്തകപ്പുഴുക്കളാക്കുന്നതിലൂടെ നഷ്ടമാകുന്നത് വിദ്യാര്‍ഥികളിലെ സ്വതന്ത്ര ചിന്തയും പര്യവേക്ഷണ കലയുമാണ്. കുട്ടികള്‍ ചോദിക്കുന്ന കൊച്ചു കൊച്ചു ചോദ്യങ്ങള്‍ക്ക് പുസ്തക വരികള്‍ മാത്രം ഉത്തരം നല്‍കുമ്പോള്‍ അതിനപ്പുറത്തെ ലോകം അവര്‍ക്ക് അന്യമായി തീരുകയും രണ്ട് പുസ്തകച്ചട്ടക്കകത്ത് അവരുടെ ധൈഷണിക കഴിവിനെ അടക്കം ചെയ്യുകയുമാണ് നാം ചെയ്യുന്നത്.
ഇത്തരം കാലഹരണപ്പെട്ട പാഠ്യപദ്ധതികള്‍ക്ക് പകരം പരിശീലനം സിദ്ധിച്ച അധ്യാപകരും ഗവേഷണത്തിലൂടെയും പര്യവേക്ഷണത്തിലൂടെയും പഠിക്കാന്‍ അവസരവും നല്‍കി അവരില്‍ ഉറങ്ങിക്കിടക്കുന്ന ശാസ്ത്ര പ്രതിഭയെ വിളിച്ചുണര്‍ത്തുകയാണ് വേണ്ടത്. ഇതിന് ഉതകുന്ന തരത്തിലുള്ള മികച്ച കരിക്കുലവും അധ്യാപകരും നമുക്കാവശ്യമാണ്. ശാസ്ത്ര സാങ്കേതിക കലാലയങ്ങളുടെ അഭാവവും അതുപോലെ തന്നെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. ഒരു എജ്യൂ ഹബ്ബായ കേരളത്തില്‍ പോലും ഒരു ഐ ഐ ടിയോ ലോക നിലവാരം പുലര്‍ത്തുന്ന ഗവേഷണ സ്ഥാപനങ്ങളോ ഇല്ല എന്നത് അതിന്റെ ഗൗരവം വിളിച്ചോതുന്നു.
കോടികള്‍ ചെലവഴിച്ച് നിര്‍മിച്ച ഇത്തരം സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്ന് പുറത്തിറങ്ങുന്ന വിദ്യാര്‍ഥികള്‍ സ്വകാര്യ ലാഭം നോക്കി പുറത്തേക്ക് പോകുന്നതിന് അവസരങ്ങള്‍ ഇല്ലാതാക്കുന്നതിനെ കുറിച്ചും കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ആലോചിക്കാവുന്നതാണ്. ഇതര പൊതു സ്വകാര്യ കോളജുകളില്‍ നിന്ന് ഉന്നത വിദ്യാഭ്യാസം നേടി പുറത്തുകടക്കുന്ന എം ബി ബി എസ്സുകാരും എന്‍ജിനീയര്‍മാരും എം എസ് സിക്കാരുമെല്ലാം വെറും ഷോപ്പ് കീപ്പര്‍മാരായി മാത്രം മാറുന്നത് അവരിലെ ശാസ്ത്ര പ്രതിഭയെ കണ്ടെത്താത്തത് മൂലമാണ്. ഇന്ത്യയുടെ ശാസ്ത്ര സാങ്കേതിക മേഖലക്ക് യുവത്വത്തെ ലഭിക്കാതെ പോകുന്നത് ഇത്തരത്തിലുള്ള നിരവധി കാരണങ്ങള്‍ കൊണ്ടാണ്. ആധുനിക ലോകത്ത് ഇന്ത്യയിലെ 121 കോടി ജനങ്ങളുടെ സുഖകരമായ ആവാസത്തിനും പരിസ്ഥിതിയുടെ നിലനില്‍പ്പിനും പഴയ സിദ്ധാന്തങ്ങള്‍ കൊണ്ടോ കാഴ്ചപ്പാടുകള്‍ കൊണ്ടോ മാത്രം സാധ്യമല്ല. 21 ാം നൂറ്റാണ്ടില്‍ ഇന്ത്യക്ക് മുന്നേറണമെങ്കില്‍ ശാസ്ത്ര സാങ്കേതിക വിദ്യയുടെ കരുത്ത് അനിവാര്യമാണ്.
ഒരു ഉത്പന്നത്തിന്റെ കണ്ടുപിടിത്തം എന്നതിലുപരി ഒരു രാഷ്ട്രം അതിന്റെ ശാസ്ത്ര സാങ്കേതികത കൊണ്ട് ലക്ഷ്യം വെക്കുന്നത് സമൂഹം നേരിടുന്ന വെല്ലുവിളികളെ ശരിയാംവണ്ണം പ്രതിരോധിക്കലും സാമൂഹിക ക്ഷേമവുമാണ്. നാം നേരിടുന്ന ദാരിദ്ര്യം, നിരക്ഷരത, അനാരോഗ്യം, തൊഴിലില്ലായ്മ, തീവ്രവാദ പ്രവണതകള്‍ക്കുള്ള സാഹചര്യം തുടങ്ങിയ വെല്ലുവിളികള്‍ക്ക് ശാസ്ത്രമേഖല ഉത്തരം നല്‍കുമ്പോള്‍ മാത്രമാണ് ശാസ്ത്രം മനുഷ്യ നന്മക്കെന്ന മഹത്തായ വാചകം അര്‍ഥവത്താകുന്നത്.

najmujas@gmail.com