മകനെയും ഭാര്യാപിതാവിനെയും വിസ്തരിക്കേണ്ടെന്ന് പ്രോസിക്യൂഷന്‍

Posted on: February 27, 2013 8:25 am | Last updated: March 12, 2013 at 12:23 am

കോഴിക്കോട്: ആര്‍ എം പി നേതാവ് ടി പി ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സാക്ഷികളായ ടി പിയുടെ മകനും ഭാര്യാപിതാവും സഹോദരനും ഉള്‍പ്പെടെയുള്ള അഞ്ച് പേരെ വിസ്തരിക്കേണ്ടതില്ലെന്ന് പ്രോസിക്യൂഷന്‍. ടി പിയുടെ മകന്‍ അഭിനന്ദ്, ഭാര്യാപിതാവും സി പി എം മുന്‍ ബാലുശ്ശേരി ഏരിയാ കമ്മിറ്റിയംഗവുമായ കെ കെ മാധവന്‍, ടി പിയുടെ സഹോദരന്‍ ടി പി സുരേഷ് ബാബു, ആറാം സാക്ഷി ഒഞ്ചിയം കുളങ്ങര ചന്ദ്രന്‍, ഏഴാം സാക്ഷി വലിയപറമ്പില്‍ രഞ്ജിത്ത് എന്നിവരെ വിസ്തരിക്കേണ്ടതില്ലെന്നാണ് തീരുമാനിച്ചത്.
ടി പി വധക്കേസിലെ പ്രതികള്‍ക്കെതിരെ മതിയായ തെളിവുകള്‍ ഇതിനകം വിസ്തരിച്ച സാക്ഷികള്‍ തന്നെ നല്‍കിയിട്ടുണ്ടെന്നും ഒരേ തരത്തിലുള്ള മൊഴികള്‍ നല്‍കി വിചാരണ നീണ്ടുപോവേണ്ടെന്ന് കരുതിയാണ് ആറ്, ഏഴ്, 13, 14, 15 നമ്പര്‍ സാക്ഷികളെ വിസ്തരിക്കേണ്ടതില്ലെന്ന് മാറാട് അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജിനെ അറിയിച്ചതെന്നും സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ സി കെ ശ്രീധരന്‍ അറിയിച്ചു. കേസിലെ എട്ടാം സാക്ഷി ആര്‍ എം പി ഏരിയാ സെക്രട്ടറി എന്‍ വേണു, 11 -ാം സാക്ഷി ഏറാമല നായനാടത്ത് അച്യുതന്‍ എന്നിവരെ ഇന്ന് വിസ്തരിക്കും.