റെയില്‍വേ ബജറ്റ്: മലബാറിന് വീണ്ടും അവഗണന

Posted on: February 27, 2013 7:59 am | Last updated: March 12, 2013 at 12:24 am

കോഴിക്കോട്: കേന്ദ്ര റെയില്‍വേ ബജറ്റില്‍ മലബാറിനും പ്രത്യേകിച്ച് കോഴിക്കോടിനും അവഗണന. ഷൊര്‍ണൂര്‍-മംഗളൂരു മൂന്നാം പാതക്കായി സര്‍വേ നടത്തലും പുതുതായി ഷൊര്‍ണൂര്‍-കോഴിക്കോട് പാസഞ്ചര്‍ ട്രെയിന്‍ അനുവദിച്ചതും ഒഴിച്ചാല്‍ നിരാശ മാത്രമാണ് ഫലം. കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് നിരവധി പദ്ധതികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ശിപാര്‍ശ ചെയ്തിരുന്നെങ്കിലും ഇതില്‍ ഒന്നുപോലും കേന്ദ്രം ചെവിക്കൊണ്ടില്ല.
കോഴിക്കോട് റെയില്‍വേ സ്റ്റേഷന്റെ രാജ്യാന്തര പദവിയിലേക്കുള്ള വികസന പ്രവര്‍ത്തനങ്ങള്‍, കൊങ്കണ്‍ റെയില്‍വേ ഉള്‍പ്പെടുത്തി കോഴിക്കോട് ആസ്ഥാനമായി വെസ്റ്റ്‌കോസ്റ്റ് റെയില്‍വേ സോണ്‍ എന്നിവ സംബന്ധിച്ച് പ്രഖ്യാപനമില്ല. ഷൊര്‍ണൂര്‍-മംഗലാപുരം വൈദ്യുതീകരണം പൂര്‍ത്തീകരിക്കുന്നത് സംബന്ധിച്ചും ബജറ്റിലില്ല. ഈ വര്‍ഷം ആദ്യം വൈദ്യുതീകരണം പൂര്‍ത്തിയാകുമെന്ന് നേരത്തെ പറഞ്ഞിരുന്നെങ്കിലും ബജറ്റില്‍ ഇത് സംബന്ധിച്ച് പ്രഖ്യാപനമില്ലാത്തതിനാല്‍ ഇത് നീളുമെന്ന കാര്യം ഉറപ്പാണ്.
കൂടാതെ മലബാര്‍ കേന്ദ്രീകരിച്ച് സംസ്ഥാനം നിര്‍ദേശിച്ച ദീര്‍ഘദൂര ട്രെയിന്‍ സര്‍വീസുകള്‍ കോഴിക്കോട് നിന്ന് ആരംഭിക്കാന്‍ വെസ്റ്റ്ഹില്ലില്‍ പിറ്റ്‌ലൈന്‍, ഷൊര്‍ണൂര്‍- കോഴിക്കോട്, കോഴിക്കോട്- കണ്ണൂര്‍ മെമ്മു സര്‍വീസുകള്‍, കോഴിക്കോട്-വാസ്‌കോ എക്‌സ്പ്രസ്, മൂകാംബിക-ഗുരുവായുര്‍ എക്‌സ്പ്രസ്, ബംഗളൂരുവിലേക്ക് പുതിയ ട്രെയിന്‍, മംഗളൂരു-ഹൈദരാബാദ് എക്‌സ്പ്രസ്, മംഗളൂരു-മധുരൈ എക്‌സ്പ്രസ്, കോഴിക്കോട്- ഈറോഡ് ഇന്റര്‍സിറ്റി, മംഗളൂരു-ചെന്നൈ എക്‌സ്പ്രസ് എന്നിവ ഒന്നുപോലും അനുവദിച്ചില്ല.
വയനാട്ടിലെ യാത്രക്കാര്‍ക്കും മറ്റും ഏറെ ഉപകരിക്കുന്ന തരത്തില്‍ നിലമ്പൂര്‍- നഞ്ചന്‍കോഡ് റെയില്‍പാത നിര്‍മിക്കല്‍ കേരളത്തിന്റെ വര്‍ഷങ്ങളായുള്ള ആവശ്യമാണ്. ഓരോ തവണയും ബജറ്റ് വരുമ്പോള്‍ നിലമ്പൂര്‍- നഞ്ചന്‍കോഡ് റെയില്‍വേ ലൈന്‍ സര്‍വേക്ക് നിര്‍ദേശമുണ്ടാകുമെന്ന് വയനാട്ടുകാര്‍ കരുതും. ഇത്തവണയും ആ പേര് പോലും ബജറ്റിലില്ല. നിലമ്പൂര്‍- നെഞ്ചന്‍കോഡ് റെയില്‍പാത സര്‍വേക്ക് കേന്ദ്ര സര്‍ക്കാര്‍ മുന്‍കൈയെടുത്തിരുന്നെങ്കിലും പിന്നീട് റെയില്‍വേ അധികൃതരുടെ ഇടപെടല്‍ മൂലം ചുവപ്പുനാടയില്‍ കുരുങ്ങുകയാണുണ്ടായത്.
മൈസൂര്‍-തലശ്ശേരി, താനൂര്‍-ഗുരുവായൂര്‍ പാതകള്‍ നിര്‍മിക്കുന്നത് സംബന്ധിച്ചൂം നിരാശ മാത്രമാണ് ബജറ്റില്‍ മലബാറിലെ ജനങ്ങള്‍ക്ക് കിട്ടിയത്.