Connect with us

Eranakulam

മുഴവന്‍ പോലീസ് സ്റ്റേഷനുകളും ജനമൈത്രി പോലീസ് സ്റ്റേഷനുകളാക്കും: തിരുവഞ്ചൂര്‍

Published

|

Last Updated

കൊച്ചി: കേരളത്തിലെ മുഴവന്‍ പോലീസ് സ്റ്റേഷനുകളും ഘട്ടം ഘട്ടമായി ജനമൈത്രി പോലീസ് സ്റ്റേഷനുകളാക്കി മാറ്റുമെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഇപ്പോള്‍ 248 സ്റ്റേഷനുകളിലാണ് ജനമൈത്രി പോലീസ് സംവിധാനമുള്ളത്. ഇവിടങ്ങളിലെ സൗകര്യം മെച്ചപ്പെടുത്തുകയാണ് ആദ്യം ചെയ്യുന്നത്. ഇതിന്റെ ഭാഗമായി ഓരോ ജനമൈത്രി പോലീസ് സ്റ്റേഷനുകളിലും അഞ്ച് വീതം പോലീസുകാരെ കൂടുതലായി നിയമിക്കുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. ജനമൈത്രി പദ്ധതി നാലാം ഘട്ടം എറണാകുളം ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങള്‍ക്ക് കൂടുതല്‍ പ്രയോജനകരമാകുന്ന രീതിയില്‍ പോലീസിംഗ് സംവിധാനത്തെ മാറ്റിയെടുക്കുകയാണ് ലക്ഷ്യം. കുറ്റവാളികളെ കണ്ടെത്തുകയും നടപടി സ്വീകരിക്കുകയും ചെയ്യുന്ന രീതി എല്ലാ ഘട്ടത്തിലും നടന്നുവരുന്നുണ്ട്. എന്നാല്‍ സമാധാനപരമല്ലാത്ത അന്തരീക്ഷത്തില്‍ ഒരിഞ്ചുപോലും മുന്നോട്ടുപോകാന്‍ കേരളത്തിന് കഴിയില്ല. അതിനാല്‍ കുറ്റകൃത്യങ്ങള്‍ കുറക്കുന്നതിനുള്ള നടപടികളാണ് ആവശ്യം. ഇതിനായി ജനങ്ങളും പോലീസും തമ്മിലുള്ള കൂട്ടായ്മ ഉണ്ടാകേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
വികസന കുതിപ്പിനു തയ്യാറായി നില്‍ക്കുന്ന കേരളത്തില്‍ സൈബര്‍ കുറ്റങ്ങള്‍ ഭീഷണിയായി മാറിയിരിക്കുകയാണ് . സൈബര്‍ കുറ്റങ്ങള്‍ കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കുന്നതിനും നിതാന്തമായ ശ്രമങ്ങള്‍ ഉണ്ടാകണം. ഇക്കാര്യത്തില്‍ വല്ല അപാകങ്ങളും ഉണ്ടെങ്കില്‍ ആഭ്യന്തര വകുപ്പ് പരിഹാരം കാണുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
ഹൈബി ഈഡന്‍ എം എല്‍ എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മന്ത്രി കെ ബാബു ധനസഹായം വിതരണം ചെയ്തു. മേയര്‍ ടോണി ചമ്മിണി, ഡൊമനിക് പ്രസന്റേഷന്‍ എം എല്‍ എ, ഡെപ്യുട്ടി മേയര്‍ ബി ഭദ്ര, ഐ ജി പത്മകുമാര്‍, ജമാല്‍ മണക്കാടന്‍, പി ഐ മുഹമ്മദലി, സിറ്റി പോലീസ് കമ്മീഷണര്‍ കെ ജി ജെയിംസ്, അഡ്വ. ടി കെ ദേവരാജന്‍, ടി ഗോപാലകൃഷണപ്പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.