Connect with us

Editorial

റെയില്‍വേ ബജറ്റ് !

Published

|

Last Updated

ചരക്ക് കൂലിയില്‍ അഞ്ച് ശതമാനം വര്‍ധന പ്രഖ്യാപിക്കുന്ന ബജറ്റാണ് റെയില്‍വേ മന്ത്രി പവന്‍കുമാര്‍ ബന്‍സല്‍ ഇന്നലെ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. റിസര്‍വേഷന്‍, തത്കാല്‍ ചാര്‍ജുകള്‍ വര്‍ധിപ്പിച്ചതിനാല്‍ സൂപ്പര്‍ ഫാസ്റ്റ് ട്രെയിനുകളിലെ യാത്രാനിരക്കും കൂടും. സാധാരണ ട്രെയിനുകളിലെ യാത്രാ നിരക്ക് ബജറ്റില്‍ വര്‍ധിപ്പിച്ചില്ലെങ്കിലും കഴിഞ്ഞ മാസം 21 മുതല്‍ യാത്രാനിരക്ക് ഗണ്യമായി ഉയര്‍ത്തിയതിനാല്‍ സര്‍ക്കാര്‍ സാധാരണക്കാരോട് കരുണ കാണിച്ചുവെന്ന മട്ടിലുള്ള പ്രധാന മന്ത്രിയുടെയും വകുപ്പ് മന്ത്രിയുടെയും അവകാശവാദം ശുദ്ധ അസംബന്ധമാണ്. മെയില്‍/എക്‌സ്പ്രസ് രണ്ടാം ക്ലാസില്‍ കി. മീറ്ററിന് നാല് പൈസയും സ്ലീപ്പറിന് ആറ് പൈസയും എസി ചെയര്‍ കാര്‍, തേര്‍ഡ് എ സി എന്നിവയില്‍ 10 പൈസയുമാണ് ഒന്നര മാസം മുമ്പ് വര്‍ധിപ്പിച്ചത്. കി.മീറ്റര്‍ യാത്രാനിരക്കിന് പുറമെ മിനിമം നിരക്കുകളിലും അന്ന് കനത്ത വര്‍ധന വരുത്തുകയുണ്ടായി. മെയില്‍/എക്‌സ്പ്രസ് ട്രെയിനുകളില്‍ സെക്കന്‍ഡ് ക്ലാസ് മിനിമം അടിസ്ഥാന നിരക്ക് 13 ല്‍നിന്ന് 27 ആയും, സ്ലീപ്പറിന് 90ല്‍ നിന്ന് 112 ആയും എ സി ചെയര്‍കാറിന് 120ല്‍ നിന്ന് 192 ആയൂം എ സി ത്രീടയറിന് 155ല്‍ നിന്ന് 402 ആയുമാണ് 21 മുതല്‍ ഉയര്‍ത്തിയത്. ഇനി മുതല്‍ ഇന്ധന വില വര്‍ധനവിനാനുപാതികമായി യാത്രാ കൂലി ഉയരുകയും ചെയ്യും.റെയില്‍വേ അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ രൂക്ഷതയിലേക്ക് വിരല്‍ ചൂണ്ടിയാണ് മന്ത്രി ബജറ്റവതരണം ആരംഭിച്ചത്. ഡീസല്‍ വില വര്‍ധിച്ചതിനാല്‍ 3,300 കോടിയുടെ അധിക ബാധ്യത റെയില്‍വേക്ക് വന്നുചേര്‍ന്നു. 22,500 കോടിയില്‍ നിന്ന് സാമ്പത്തിക ബാധ്യത 24,600 കോടിയായി വര്‍ധിച്ചു. ഇതുമൂലം തുടങ്ങി വെച്ച പദ്ധതികളൊന്നും യഥാവിധി പൂര്‍ത്തീകരിക്കാനോ പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കാനോ ആകുന്നില്ല. അടുത്ത നാല് വര്‍ഷത്തിനകം 95,000 കോടിയുടെ അധിക വിഭവ സമാഹരണം കൈവരിച്ചില്ലെങ്കില്‍ റെയില്‍വേയുടെ കാര്യം അവതാളത്തിലാകും. പ്രതിസന്ധിയെ അതിജീവിക്കാന്‍ പൊതു,സ്വകാര്യ പങ്കാളിത്തത്തോടെ ഒരു ലക്ഷം കോടിയുടെ വിഭവ സമാഹരണം ലക്ഷ്യമിടുന്നതായും മന്ത്രി വ്യക്തമാക്കുകയുണ്ടായി. യന്ത്രവത്കൃത ശുചീകരണ സംവിധാനം, സ്റ്റേഷനുകളില്‍ വികലാംഗര്‍ക്കും വൃദ്ധര്‍ക്കുമായി ലിഫ്റ്റ്, എക്‌സലേറ്റര്‍, 23 മണിക്കൂര്‍ ഇന്റര്‍നെറ്റ് ബുക്കിംഗ് സൗകര്യം, വനിതാ യാത്രക്കാരുടെ സുരക്ഷക്ക് കൂടുതല്‍ വനിതാ ആര്‍ പി എഫ് ജീവനക്കാര്‍, കോച്ചുകളില്‍ വീല്‍ചെയര്‍ സൗകര്യം, ട്രെയിന്‍ കിച്ചനുകളില്‍ കര്‍ശന പരിശോധനയും ഐ എസ് ഐ അംഗീകാരം നിര്‍ബന്ധമാക്കലും, അപകടങ്ങള്‍ ഒഴിവാക്കാന്‍ 11,000 ലെവല്‍ ക്രോസുകള്‍ ഒഴിവാക്കല്‍, സൗരോര്‍ജം കൊണ്ട് പ്രവര്‍ത്തിക്കുന്ന 1000 ലെവല്‍ ക്രോസുകള്‍ തുടങ്ങി അടിസ്ഥാന,സേവന മേഖലയുടെ വികസനത്തിനായി പുതിയ കുറേ പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം കഴിഞ്ഞ ബജറ്റുകളില്‍ പ്രഖ്യാപിച്ച പദ്ധതികളില്‍ പലതും ഇപ്പോഴും കടലാസില്‍ തന്നെയാണ്.നേരത്തെ ഏറ്റവും സുരക്ഷിതമായ യാത്രാമേഖലയായിരുന്നു റെയില്‍വേ. ഇന്ന് ട്രെയിന്‍ യാത്രയും അത്ര സുരക്ഷിതമല്ല എന്ന അവസ്ഥ വന്നിരക്കുന്നു. സ്ത്രീകള്‍ക്ക് പ്രത്യേകിച്ചും. സൗമ്യപ്രശ്‌നം തുടങ്ങി അടുത്ത കാലത്തുണ്ടായ പല സംഭവങ്ങളും ജനങ്ങളില്‍ ഭീതി സൃഷ്ടിക്കുകയുണ്ടായി. യാത്രക്കാരുടെ എണ്ണം 5.2 ശതമാനം വര്‍ധിക്കുമെന്ന മന്ത്രിയുടെ പ്രതീക്ഷ യാഥാര്‍ഥ്യമാകണമെങ്കില്‍ ഇത്തരം ദുരന്തങ്ങളും അനിഷ്ടസംഭവങ്ങളും ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തവും കാര്യക്ഷമവുമായ സുരക്ഷാ സംവിധാനങ്ങള്‍ അനിവാര്യമാണ്.കേരളം ഇത്തവണയും അവഗണിക്കപ്പെട്ടു. 67എക്‌സ്പ്രസ് വണ്ടികളും 26 പാസഞ്ചര്‍ വണ്ടികളുമായി ബന്‍സല്‍ മൊത്തം 93 പുതിയ തീവണ്ടികള്‍ അനുവദിച്ചപ്പോള്‍ കന്യാകുമാരി- കൊച്ചുവേളി, വിശാഖപട്ടണം-കൊല്ലം പ്രതിവാര എക്‌സ്പ്രസുകളും മൂന്ന് പാസഞ്ചര്‍ ട്രെയിനുകളും മാത്രമാണ് കേരളത്തിന് പുതുതായി അനുവദിച്ചത്. ഷൊര്‍ണൂര്‍-കോഴിക്കോട്, തൃശൂര്‍-ഗുരുവായൂര്‍, പുനലൂര്‍- കൊല്ലം എന്നിവയാണ് പാസഞ്ചര്‍ വണ്ടികള്‍. പുതിയ പാതകളോ, ഗേജ് മാറ്റമോ, വൈദ്യുതീകരണ പദ്ധതികളോ ഇല്ല. കഞ്ചിക്കോട് കോച്ച് ഫാക്ടറിയെ സംബന്ധിച്ചു സംസ്ഥാന സര്‍ക്കാറുമായി ചര്‍ച്ച നടത്തുമെന്ന പരാമര്‍ശത്തില്‍ അക്കാര്യവും ഒതുക്കി. കേരളത്തിലെ യു ഡി എഫ് സര്‍ക്കാറിനും അത്രയൊക്കെയേ ഇക്കാര്യത്തില്‍ താത്പര്യമുള്ളുവെന്നാണ് ബന്ധപ്പെട്ടവരുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നും മനസ്സിലാകുന്നത്. ഉത്തരവാദപ്പട്ട മന്തിമാരുടെ നേതൃത്വത്തിലുള്ള നിവേദക സംഘങ്ങള്‍ ഡല്‍ഹിയില്‍ ചെന്ന് മറ്റു സംസ്ഥാനങ്ങള്‍ ശക്തമായ സമ്മര്‍ദം ചെലുത്തുമ്പോള്‍, പഴയ ആവശ്യങ്ങളുടെ ആവര്‍ത്തനവുമായി ഒരു ഉദ്യാഗസ്ഥനെ അയച്ചു വെറുതെയിരിക്കുകയായിരുന്നു നമ്മുടെ നേതാക്കള്‍. എന്തുതന്നെ സമ്മര്‍ദമുണ്ടായാലും കേരളത്തിന് അത്രയൊക്കെയേ കിട്ടുകയുള്ളുവന്ന ധ്വനിയിലായിരുന്നു ഈ നിസ്സംഗത സംബന്ധിച്ച ചോദ്യത്തിന് വകുപ്പ് മന്ത്രിയുടെ പ്രതികരണം.കേരളം അവഗണിക്കപ്പെട്ടില്ലെങ്കിലല്ലേ അത്ഭുതം!

 

Latest